From the print
കേരള ഹൗസിൽ നിന്ന് ഫയലുകൾ മോഷണം പോയി
സ്ഥലംമാറ്റ ഉത്തരവ് നൽകിയ മുൻ അഡീഷനൽ ലോ സെക്രട്ടറി ടി എസ് ഗ്രാൻസി അനുമതിയില്ലാതെ ഓഫീസിൽ പ്രവേശിച്ച് ഹാജർ രജിസ്റ്റർ ഉൾപ്പെടെ ഔദ്യോഗിക രേഖകൾ എടുത്തുകൊണ്ടുപോയെന്നാണ് പരാതിയിൽ പറയുന്നത്.
ന്യൂഡൽഹി | കേരള ഹൗസ് നിയമ ഓഫീസിലെ ഔദ്യോഗിക രേഖകൾ മോഷണം പോയെന്ന് പരാതി. ഇത് സംബന്ധിച്ച് നിയമവിഭാഗം ഡെപ്യൂട്ടി സെക്രട്ടറി ഷണ്മുവതി ഡൽഹി തിലക് മാർഗ് പോലീസിൽ പരാതി നൽകി. സ്ഥലംമാറ്റ ഉത്തരവ് നൽകിയ മുൻ അഡീഷനൽ ലോ സെക്രട്ടറി ടി എസ് ഗ്രാൻസി അനുമതിയില്ലാതെ ഓഫീസിൽ പ്രവേശിച്ച് ഹാജർ രജിസ്റ്റർ ഉൾപ്പെടെ ഔദ്യോഗിക രേഖകൾ എടുത്തുകൊണ്ടുപോയെന്നാണ് പരാതിയിൽ പറയുന്നത്.
ഗുരുതരമായ കൃത്യവിലോപം ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം അഞ്ചിന് ഗ്രാൻസിയെ തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റിയിരുന്നു. ഇതിന് പിന്നാലെ ഇന്നലെ അനുമതിയില്ലാതെ ഓഫീസിലെത്തിയതെന്നാണ് പറയുന്നത്. ചില ഫയലുകളും സത്യവാങ്മൂലങ്ങളും കൈമാറാൻ ഗ്രാൻസി ആവശ്യപ്പെട്ടെങ്കിലും, റസിഡന്റ്കമ്മീഷണർ ഉൾപ്പെടെയുള്ളവരുടെ നിർദേശത്തെ തുടർന്ന് നടന്നില്ല. ബലം പ്രയോഗിച്ച് ഓഫീസിൽ കയറി, തനിക്കും കുടുംബത്തിനുമെതിരെ വധഭീഷണി മുഴക്കിയെന്നും ശാരീരികമായി ആക്രമിക്കാൻ ശ്രമിച്ചെന്നും കാർക്കിച്ച് തുപ്പിയെന്നുമുള്ള ആരോപണങ്ങളും പരാതിയിലുണ്ട്.
എന്നാൽ, പരാതി കെട്ടിച്ചമച്ചതാണെന്നും ഡെപ്യൂട്ടി സെക്രട്ടറിക്കെതിരെ അച്ചടക്ക നടപടിക്ക് ശിപാർശ ചെയ്തതിലുള്ള പകപോക്കലാണെന്നാണ് ഗ്രാൻസിയുടെ വിശദീകരണം.
Content Highlights:
A police complaint was filed regarding the theft of official documents from the Kerala House legal office in Delhi. Deputy Secretary Shanmuvati accused former official T S Grancy of unauthorized entry and taking records. Grancy denied the claims, stating the complaint was fabricated due to personal grudge.





