National
സി ജെ പി യിൽ വൻ പിളർപ്പ്; ദിപ്കെയുടെ പാർട്ടി 'ടീം കെജ്‌രിവാൾ' എന്ന് ആരോപണം; സി ജെ പി - ഡി രൂപീകരിച്ച് മനീഷ് ബ്രഹ്മഭട്ട്
ബി ജെ പിക്ക് എതിരായ രാഷ്ട്രീയ നീക്കങ്ങൾക്ക് മാത്രമാണ് നിലവിൽ സി ജെ പി പ്രാധാന്യം നൽകുന്നതെന്നും വിദ്യാർത്ഥികളുടെയോ മറ്റ് സംസ്ഥാനങ്ങളിലെ ജനങ്ങളുടെയോ വിഷയങ്ങളിൽ ഇവർക്ക് താൽപ്പര്യമില്ലെന്നും ബ്രഹ്മഭട്ട്
ന്യൂഡൽഹി | രാജ്യത്തെ യുവതലമുറയുടെ മുന്നേറ്റമായി രൂപംകൊണ്ട കോക്ക്റോച്ച് ജനതാ പാർട്ടിയിൽ (സി ജെ പി) പിളർപ്പ്. സംഘടനയുടെ സ്ഥാപക നേതാവായ അഭിജീത്ത് ദിപ്കെയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് രംഗത്ത് വന്ന പ്രമുഖ പ്രവർത്തകൻ മനീഷ് ബ്രഹ്മഭട്ട് പുതിയ പാർട്ടി പ്രഖ്യാപിച്ചു. സി ജെ പി യിൽ നിന്ന് തെറ്റിപ്പിരിഞ്ഞ് കോക്ക്റോച്ച് ജനതാ പാർട്ടി ഡെമോക്രാറ്റിക് (സി ജെ പി ഡി) എന്ന പുതിയ വിഭാഗത്തിനാണ് മനീഷ് ബ്രഹ്മഭട്ട് രൂപം നൽകിയത്.
താഴെക്കിടയിലുള്ള പ്രവർത്തകരെയും പ്രതിഷേധക്കാരെയും അവഗണിച്ച് സി ജെ പി യെ ആം ആദ്മി പാർട്ടിയുടെയും (എ എ പി) അരവിന്ദ് കെജ്‌രിവാളിന്റെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന ‘ടീം കെജ്‌രിവാൾ’ ആയി അഭിജീത്ത് ദിപ്കെ മാറ്റി എന്നാരോപിച്ചാണ് പുതിയ പാർട്ടി പ്രഖ്യാപനം. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ബ്രഹ്മഭട്ട് ഈ പ്രഖ്യാപനം നടത്തിയത്.
മഹാരാഷ്ട്രയിലെ ഛത്രപതി സംഭജിനഗറിലുള്ള അഭിജീത്ത് ദിപ്കെയുടെ വീടിനു മുന്നിൽ ഓഗസ്റ്റിൽ മനീഷ് ബ്രഹ്മഭട്ടും കൂട്ടാളി രാഹുൽ പാണ്ഡ്യയും പ്രതിഷേധിച്ചിരുന്നു. ജന്തർ മന്തർ പ്രതിഷേധങ്ങളിൽ പങ്കെടുത്ത സജീവ പ്രവർത്തകരെ ഒഴിവാക്കിയാണ് സി ജെ പി യുടെ കോർ ടീം രൂപീകരിച്ചതെന്ന് ആരോപിച്ചായിരുന്നു സമരം. പ്രതിഷേധത്തിനിടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ജന്തർ മന്തർ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയവരെയും വിവിധ സമുദായങ്ങളെയും ഒഴിവാക്കിയാണ് നാഷണൽ വർക്കിംഗ് കമ്മിറ്റി ഉണ്ടാക്കിയതെന്ന് ബ്രഹ്മഭട്ട് കുറ്റപ്പെടുത്തി. സംഘടനയുടെ എട്ടോളം ഭാരവാഹികൾക്ക് എ എ പി യുമായി ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ബി ജെ പിക്ക് എതിരായ രാഷ്ട്രീയ നീക്കങ്ങൾക്ക് മാത്രമാണ് നിലവിൽ സി ജെ പി പ്രാധാന്യം നൽകുന്നതെന്നും വിദ്യാർത്ഥികളുടെയോ മറ്റ് സംസ്ഥാനങ്ങളിലെ ജനങ്ങളുടെയോ വിഷയങ്ങളിൽ ഇവർക്ക് താൽപ്പര്യമില്ലെന്നും ബ്രഹ്മഭട്ട് കൂട്ടിച്ചേർത്തു.
ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ ചില പരാമർശങ്ങൾക്ക് പിന്നാലെ മെയ് 16 നാണ് അഭിജീത്ത് ദിപ്കെ സി ജെ പി എന്ന ഓൺലൈൻ മൂവ്മെന്റ് ആരംഭിച്ചത്. തൊഴിലില്ലായ്മ, പരീക്ഷാ ചോദ്യപേപ്പർ ചോർച്ച, വിദ്യാഭ്യാസ രംഗത്തെ ക്രമക്കേടുകൾ തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടി യുവാക്കൾക്കിടയിൽ ഇത് ശ്രദ്ധ നേടിയിരുന്നു. മുൻപ് എ എ പി യുമായി ബന്ധമുണ്ടായിരുന്നുവെങ്കിലും നിലവിൽ ആ പാർട്ടിയുമായി ബന്ധമില്ലെന്നാണ് ദിപ്കെയുടെ വിശദീകരണം. എന്നാൽ ജന്തർ മന്തറിലെ സമരങ്ങളിൽ കെജ്‌രിവാളും മറ്റ് നേതാക്കളും പങ്കെടുത്തത് ചൂണ്ടിക്കാട്ടിയാണ് മനീഷ് ബ്രഹ്മഭട്ട് ആരോപണങ്ങൾ കടുപ്പിക്കുന്നത്. മനീഷ് ബ്രഹ്മഭട്ടിന്റെ ആരോപണങ്ങളോട് സി ജെ പി യോ ദിപ്കെയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Content Highlights
The Cockroach Janta Party (CJP) experienced its first split as rebel leader Manish Brahmbhatt launched CJP-Democratic (CJP-D) in Delhi. Brahmbhatt accused founder Abhijeet Dipke of converting the youth movement into a hand-picked team for Arvind Kejriwal and the Aam Aadmi Party. He alleged that core volunteers from the Jantar Mantar protests were excluded from the party leadership.


