Connect with us

Articles

നീറുന്ന പുക, പുകയുന്ന വിവാദങ്ങള്‍

ലക്ഷക്കണക്കിന് ആളുകളെയാണ് നാല് ദിവസമായി അന്തരീക്ഷത്തിലെ വിഷപ്പുക വീര്‍പ്പുമുട്ടിക്കുന്നത്. ബ്രഹ്മപുരത്തെ മാലിന്യ പ്രശ്നം നീറിപ്പുകയാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ശാശ്വതമായ പ്രശ്നപരിഹാരമില്ലാതെ ഇന്നും ഇഴഞ്ഞുനീങ്ങുകയാണ് ബ്രഹ്മപുരം.

Published

|

Last Updated

കഴിഞ്ഞ നാല് ദിവസമായി ബ്രഹ്മപുരത്തെ ഭീമാകാരമായ പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരം നിന്ന് കത്തുകയായിരുന്നു. വിഷപ്പുക ശ്വസിക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളില്ലാതെ കൊച്ചിക്കാര്‍ വലയുകയും ചെയ്യുന്നു. ഇപ്പോള്‍ ആ പ്രദേശത്ത് കൂടി കടന്നുപോകുന്നവര്‍ക്ക് ഒരു മൂടല്‍മഞ്ഞിനെ അനുസ്മരിപ്പിക്കുന്ന അന്തരീക്ഷത്തിലൂടെ കടന്നുപോകേണ്ടി വരുന്നു. എറണാകുളത്തിന്റെ ഹൃദയഭാഗങ്ങളായ കടവന്ത്ര, പനംപള്ളി നഗര്‍, വൈറ്റില, തമ്മനം, പാലാരിവട്ടം തുടങ്ങിയ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുകമൂലം റോഡില്‍ യാത്ര ചെയ്യുന്നവര്‍ക്ക് മുന്നിലുള്ള കാഴ്ച പോലും അവ്യക്തമാകുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. ബ്രഹ്മപുരത്തെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങളോട് കഴിവതും പുറത്തിറങ്ങാതെ ഇരിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. അവിടങ്ങളില്‍ സ്ഥിരമായി താമസിക്കുന്നവര്‍ ഈ വിഷപ്പുക ശ്വസിച്ച് ശാരീരികമായ അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുന്നുണ്ട്.

ബ്രഹ്മപുരം
കൊച്ചി നഗരത്തില്‍ നിന്ന് 17 കിലോമീറ്റര്‍ അകലെ വടവുകോട്-പുത്തന്‍കുരിശ് പഞ്ചായത്തിലെ ബ്രഹ്മപുരത്ത് കൊച്ചി കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള 110 ഏക്കര്‍ പ്രദേശത്താണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റ് സ്ഥിതിചെയ്യുന്നത്. കൊച്ചി നഗരത്തില്‍ താമസിക്കുന്ന ഏഴ് ലക്ഷത്തോളം പേര്‍, പ്രതിദിനം വന്നുപോകുന്ന രണ്ടരലക്ഷത്തോളം ആളുകള്‍, ചുറ്റുമുള്ളവര്‍ എന്നിങ്ങനെ ലക്ഷക്കണക്കിന് ആളുകളെയാണ് നാല് ദിവസമായി അന്തരീക്ഷത്തിലെ വിഷപ്പുക വീര്‍പ്പുമുട്ടിക്കുന്നത്. ബ്രഹ്മപുരത്തെ മാലിന്യ പ്രശ്നം നീറിപ്പുകയാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ശാശ്വതമായ പ്രശ്നപരിഹാരമില്ലാതെ ഇന്നും ഇഴഞ്ഞുനീങ്ങുകയാണ് ബ്രഹ്മപുരം.

മാലിന്യപര്‍വതം
ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍ തന്നെ ചൈനയെ പിന്തള്ളി ജനസംഖ്യയില്‍ ഇന്ത്യ ഒന്നാമതാകും എന്ന് പറയപ്പെടുന്നു. ജനസംഖ്യയുടെ ഈ വര്‍ധനവും ദിനംപ്രതി ശക്തമാകുന്ന നഗരവത്കരണവും മൂലം മനുഷ്യന്‍ ഉത്പാദിപ്പിക്കുന്ന മാലിന്യം സംസ്‌കരിക്കുന്നതിനുള്ള പ്രശ്നങ്ങള്‍ ഉടലെടുക്കുന്നു. ഇത് ഒരു ചെറിയ പ്രശ്നമായി കാണാനാകില്ല. ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റ് 110 ഏക്കറിലായി പരന്നുകിടക്കുന്നു. അതില്‍ത്തന്നെ ഏതാണ്ട് 70 ഏക്കറോളം സ്ഥലത്ത് മുപ്പത് അടിയോളം ഉയരത്തില്‍ മാലിന്യങ്ങള്‍ കുന്നുകൂടി കിടക്കുന്നു. ജൈവ മാലിന്യങ്ങളും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങളും ഒരുപോലെ ചേര്‍ന്നാണ് കിടക്കുന്നത്. പ്ലാസ്റ്റിക് മാലിന്യം ആയതിനാല്‍ അത് കത്തുമ്പോള്‍ തീയണക്കാന്‍ ശ്രമിച്ചാല്‍ വെള്ളം മുകള്‍ ഭാഗങ്ങളില്‍ മാത്രം കെട്ടിക്കിടക്കുകയും കുന്നിന്റെ അടിയിലേക്ക് ഇറങ്ങാത്ത അവസ്ഥ സംജാതമാകുകയും ചെയ്യുന്നു. മാത്രമല്ല, ജൈവമാലിന്യങ്ങള്‍ അഴുകിയുണ്ടാകുന്ന മീഥെയ്ന്‍ പോലെയുള്ള ഗ്യാസുകള്‍, തീകത്തുന്നതിനെ കൂടുതല്‍ സഹായിക്കുകയും ചെയ്യുന്നു.

ബയോമൈനിംഗ്
ഇവിടെയുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ബയോമൈനിംഗ് കരാര്‍ എടുത്തിട്ടുള്ള കമ്പനിയാണ് ഇപ്പോള്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്. എന്താണ് ബയോമൈനിംഗ്? ദോഷകരമായി മാറാനിടയുള്ള മാലിന്യ നിക്ഷേപം യന്ത്രസഹായത്തോടെ വേര്‍തിരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കുകയോ മറ്റ് രീതിയില്‍ ഉപയോഗപ്പെടുത്തുകയോ ചെയ്യുന്ന രീതിയാണ് ബയോമൈനിംഗ് മാലിന്യ സംസ്‌കരണം. വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്നവയെ ലെഗസി മാലിന്യം എന്നാണ് പറയുന്നത്. അതില്‍ കല്ല്, മണ്ണ്, പ്ലാസ്റ്റിക് വസ്തുക്കള്‍, റബ്ബര്‍, കുപ്പിച്ചില്ല്, റഫ്യൂസ്ഡ് ഡിറൈവ്ഡ് ഫ്യുവല്‍ എന്ന ജ്വലനശേഷിയുള്ള വസ്തുക്കള്‍ എന്നിവയുള്‍പ്പെടെ പ്രധാനമായും ആറ് തരത്തിലുള്ള വസ്തുക്കളായി തരംതിരിക്കപ്പെടും. മെഷിനറി ഉപയോഗിച്ചാണ് ഇത്തരം തരംതിരിക്കല്‍ നടക്കുന്നത്. റഫ്യൂസ്ഡ് ഡിറൈവ്ഡ് ഫ്യുവല്‍ സിമന്റ് കമ്പനികളിലേക്ക് ഇന്ധനമായി കയറ്റി അയക്കും. റബ്ബര്‍, കുപ്പിച്ചില്ല് എന്നിവ അംഗീകാരമുള്ള പുനരുപയോഗ ഏജന്‍സികള്‍ക്ക് കൈമാറും. ബയോമൈനിംഗ് മാലിന്യ സംസ്‌കരണ രീതി ഏറെ മികവേറിയതാണെങ്കിലും ഇവിടെ അതിന്റെ കരാര്‍ ഏറ്റെടുത്ത കമ്പനി അത് കൃത്യമായി ചെയ്തിട്ടില്ല എന്നതാണ് ആക്ഷേപം.

ഫയര്‍ഫോഴ്‌സ് ഊര്‍ജിതം
ഇവിടെയുണ്ടായിരിക്കുന്ന തീപ്പിടിത്തത്തില്‍ സംസ്ഥാന ഫയര്‍ സര്‍വീസ് ക്രിയാത്മകമായാണ് പ്രവര്‍ത്തിച്ചത്. മനുഷ്യ സാധ്യമായ എല്ലാം അവിടെ അവരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്. തുടക്കത്തില്‍ തന്നെ ഇരുപത്തഞ്ചോളം ഫയര്‍ വാഹനങ്ങള്‍ അവിടെ വെള്ളം പമ്പ് ചെയ്യുന്നുണ്ട്. കൂടാതെ അടുത്തുള്ള പുഴയില്‍ നിന്ന് ഹൈപ്രഷര്‍ മോട്ടോര്‍ ഉപയോഗിച്ചുകൊണ്ട് വെള്ളം അടിച്ചുകൊണ്ടിരിക്കുന്നു. എട്ട് ജില്ലകളില്‍ നിന്നുള്ള ഇരുനൂറോളം ഫയര്‍ വകുപ്പിലെ ജീവനക്കാര്‍ തീ കെടുത്തുന്നതിനുള്ള ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. പ്ലാസ്റ്റിക് കത്തുമ്പോള്‍ വിഷപ്പുകയുള്‍പ്പെടെ ഉണ്ടാകുന്നതിനാല്‍ അഗ്നിശമന സേനാംഗങ്ങള്‍ക്ക് നാല് മണിക്കൂറിലധികം ജോലി ചെയ്യാനാകില്ല. അതിനാല്‍ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ഇവിടെ തീകെടുത്തുന്ന ജോലികള്‍ പുരോഗമിക്കുന്നത്. നൈട്രസ് ഓക്സൈഡ്, സള്‍ഫര്‍ ഡയോക്സൈഡ്, കാര്‍ബണ്‍ ഡയോക്സൈഡ്, കാര്‍ബണ്‍ മോണോക്സൈഡ് എന്നിങ്ങനെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന എല്ലാവിധ ഗ്യാസുകളും ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്.

മാലിന്യത്തോടൊപ്പം പുകയുന്ന വിവാദം
മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് കരാര്‍ നല്‍കിയിരിക്കുന്ന കമ്പനിക്ക് ആവശ്യത്തിന് മുന്‍ പരിചയമില്ലെന്നും ഇപ്പോള്‍ ഉണ്ടായിരിക്കുന്ന അത്യാഹിതത്തില്‍ ഗൂഢാലോചനയുണ്ടെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. മാലിന്യ സംസ്‌കരണത്തില്‍ മുന്‍ പരിചയമില്ലാത്ത കമ്പനിക്ക് ടെന്‍ഡര്‍ നടപടികളൊന്നും പാലിക്കാതെ കരാര്‍ നല്‍കിയെന്നും കരാര്‍ നീട്ടിനല്‍കാന്‍ അവര്‍ വീണ്ടും കത്ത് നല്‍കിയിരുന്നെന്നും അവരുടെ കരാര്‍ അവസാനിക്കുന്നതിന് തലേദിവസം തന്നെ ഇങ്ങനെയൊരു തീപ്പിടിത്തം ഉണ്ടായതില്‍ അസ്വാഭാവികതയുണ്ടെന്നുമാണ് ആരോപണം. ഒരു വര്‍ഷത്തെ കാലാവധി അവസാനിക്കുന്നതിന് മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ പുതിയ ടെന്‍ഡറിന്റെ നടപടിക്രമങ്ങള്‍ തുടങ്ങണമെന്നാണ് ചട്ടം. എന്നാല്‍ ഇതേവരെ അതൊന്നും നടന്നിട്ടില്ലെന്നും, അതേ കമ്പനിക്ക് തന്നെ കരാര്‍ പുതുക്കി നല്‍കാനാണ് കോര്‍പറേഷന്‍ ശ്രമിക്കുന്നതെന്നുമാണ് ആരോപണം. എന്നാല്‍ കൃത്യമായ ടെന്‍ഡര്‍ നടപടികള്‍ പാലിച്ചിരുന്നെന്നും കൗണ്‍സിലില്‍ തന്നെ ചര്‍ച്ച ചെയ്താണ് അവര്‍ക്ക് കരാര്‍ നല്‍കിയതെന്നും ഭരണപക്ഷം മറുപടി നല്‍കുന്നുണ്ട്.

തീയണക്കാന്‍ ഹെലികോപ്റ്ററുകളും
നാവിക സേനയുടെ ദ്രുതഗതിയിലുള്ള സഹായവും ബ്രഹ്മപുരത്ത് എത്തിയിട്ടുണ്ട്. ദക്ഷിണ നാവിക ആസ്ഥാനത്ത് നിന്നുള്ള ഹെലികോപ്റ്ററുകളും തീയണക്കുന്നതിനുള്ള ശ്രമങ്ങളില്‍ പങ്കാളിയാകുന്നുണ്ട്. ഹെലികോപ്റ്ററുകള്‍ വഴി വെള്ളം തളിക്കുന്ന രീതിയാണ് ചെയ്യുന്നത്. ഫയര്‍ സര്‍വീസുകള്‍ക്ക് മാലിന്യങ്ങള്‍ കൂടുതലായി കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിലേക്ക് കരമാര്‍ഗം കയറാനാകില്ല. അവിടങ്ങളിലേക്ക് വെള്ളം തളിക്കാന്‍ ഹെലികോപ്റ്റര്‍ മുഖേന സാധ്യമാണ്. ബ്രഹ്മപുരത്ത് ഏതാണ്ട് നടുവിലായി തീ കൂടുതലായി പടരുന്നത് അവിടുത്തെ ആകാശദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ഇവിടെ ഹെലികോപ്റ്റര്‍ മുഖേന മാത്രമേ വെള്ളം പമ്പ് ചെയ്യാന്‍ കഴിയുകയുള്ളൂ.

ചൂടും കാറ്റും
തീപ്പിടിത്തത്തെ കൂടുതല്‍ ശക്തമാക്കിയത് ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഉയര്‍ന്ന താപനിലയും കാറ്റും ആണെന്നത് പ്രധാനമാണ്. കഴിഞ്ഞ ഒരാഴ്ചയായി അതിശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്. ചിലയിടങ്ങളില്‍ താപനില 40 ഡിഗ്രി വരെ ഉയര്‍ന്നുകഴിഞ്ഞു. കഴിഞ്ഞ കുറെയേറെ വര്‍ഷങ്ങള്‍ കണക്കിലെടുത്താല്‍ ഓരോ വര്‍ഷം കഴിയുന്തോറും അന്തരീക്ഷത്തിലെ താപനില ഉയര്‍ന്നുവരുന്ന രീതിയാണ് കാണാനാകുന്നത്. ആ രീതി ഇനിയുള്ള വര്‍ഷങ്ങളിലും കൂടിക്കൂടി വരാന്‍ തന്നെയാണ് സാധ്യതയും. ആഗോളതലത്തില്‍ ഭൂമിക്കും അന്തരീക്ഷത്തിനുമൊക്കെ മാറ്റങ്ങള്‍ സംഭവിക്കുമ്പോള്‍ അത് പ്രതിഫലിക്കുന്നത് കൂടുതലായും താപനിലയിലാണ്. എന്നാല്‍ അതിനൊപ്പം ചൂടുകാറ്റും ബ്രഹ്മപുരത്ത് അനുഭവപ്പെടുന്നുണ്ട്. തീ കൂടുതല്‍ പടരാന്‍ ഈ ഉയര്‍ന്ന താപനിലയും ചൂടുകാറ്റും വലിയ പങ്കുവഹിക്കുന്നുണ്ട്. ഇനിയും ചൂട് കൂടാനാണ് സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്. അത് ബ്രഹ്മപുരത്തെ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കിയേക്കാം.

കൊച്ചി അടുത്ത ഡല്‍ഹിയോ?
ഡല്‍ഹിയിലെ അന്തരീക്ഷവായു നിലവാര സൂചിക ആശങ്കാജനകമാണ്. ഞായറാഴ്ച രാത്രി കൊച്ചിയിലെ അന്തരീക്ഷ വായുവിലെ വിഷാംശം അപായ രേഖയില്‍ തൊട്ടതായാണ് റിപോര്‍ട്ട്. ഞായറാഴ്ച വൈറ്റിലയിലെ പാര്‍ട്ടിക്കുലേറ്റ് മാറ്റര്‍ (പൊടിപടലങ്ങളുടെ സൂക്ഷ്മ കണങ്ങള്‍) 2.5ന്റെ മൂല്യം 441 ആയിരുന്നു. അനുവദനീയമായ അളവിനേക്കാള്‍ ഏറെ മുകളിലാണ് അത്. ഈ വാതകം ശ്വസിച്ചാല്‍ ആരോഗ്യമുള്ളവരില്‍ പോലും വലിയ ആരോഗ്യ പ്രശ്നങ്ങള്‍ അതുണ്ടാക്കിയേക്കാം. പാര്‍ട്ടിക്കുലേറ്റ് മാറ്റര്‍ 10ന്റെ അളവും കൂടുതലാണ്. 333 വരെ അത് ഉയര്‍ന്നിട്ടുണ്ട്.
ശ്വസന പ്രക്രിയയിലൂടെ പാര്‍ട്ടിക്കുലേറ്റ് മാറ്റര്‍ ശ്വാസകോശത്തിന്റെ ആഴങ്ങളിലേക്കാണ് എത്തുന്നത്. കുട്ടികളെയാണ് ഇത് ഏറ്റവുമധികം ബാധിക്കുന്നത്. ചുമ, ശ്വാസതടസ്സം, കണ്ണുകള്‍ക്ക് അസ്വസ്ഥത എന്നിവ ഉണ്ടായേക്കാം. കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ താത്കാലികമായെങ്കിലും ഡല്‍ഹിയെ വെല്ലുന്ന അവസ്ഥ ഇവിടെയും ഉണ്ടാകും എന്ന കാര്യത്തില്‍ സംശയമില്ല.

 

(കൊച്ചി സര്‍വകലാശാല, സെന്റര്‍ ഫോര്‍ സയന്‍സ് ഇന്‍ സൊസൈറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആണ് ലേഖകന്‍)

Latest