Connect with us

Kerala

സി പി എം ഏരിയ കമ്മിറ്റിയംഗത്തെ എസ് ഐ മര്‍ദിച്ചു

പരുക്കേറ്റ ഇദ്ദേഹത്തെ കോഴഞ്ചേരിയിലെ ജില്ലാ ആശുപതിയില്‍ പ്രവേശിപ്പിച്ചു.

Published

|

Last Updated

പത്തനംതിട്ട | സി പി എം ഏരിയ കമ്മിറ്റിയംഗത്തെ എസ് ഐ മര്‍ദിച്ചതായി പരാതി. ശനിയാഴ്ച വൈകിട്ട് 6.30നാണ് സംഭവം. ഇരവിപേരൂര്‍ ഏരിയാ കമ്മറ്റിയംഗം എ കെ സന്തോഷ്‌കുമാറിനെയാണ് പുല്ലാട് ജംഗ്ഷനില്‍ വെച്ച് കോയിപ്രം എസ് ഐ ഗ്ലാഡ്വിന്‍ എഡ്വേര്‍ഡ് മര്‍ദിച്ചതായി പറയുന്നത്. പരുക്കേറ്റ ഇദ്ദേഹത്തെ കോഴഞ്ചേരിയിലെ ജില്ലാ ആശുപതിയില്‍ പ്രവേശിപ്പിച്ചു.

പ്രപഞ്ചമൂര്‍ത്തി ക്ഷേത്രത്തിലെ ഉത്സവത്തിന് സമാപനം കുറിച്ചുള്ള എഴുന്നളളത്ത് പുല്ലാട് ജംഗ്ഷനില്‍ എത്തിയപ്പോള്‍ വാഹനം പോകുന്നതിന് എഴുന്നള്ളത്ത് റോഡില്‍ ഒരു വരിയാക്കണമെന്ന് എസ് ഐ നിര്‍ദേശിച്ചു. ക്ഷേത്രഭാരവാഹികള്‍ ഇതിനെ എതിര്‍ത്തു. ക്ഷേത്ര ഭാരവാഹികളുടെ ആവശ്യം അംഗികരിക്കണമെന്നും സംസ്ഥാന പാതയിലൂടെ വാഹനങ്ങള്‍ കടന്നുപോകാന്‍ പോലിസ് സൗകര്യം ഒരുക്കണമെന്നും സന്തോഷ് കുമാര്‍ ആവശ്യപ്പെട്ടു.

ഇതാണ് എസ് ഐയെ പ്രകോപിപ്പിച്ചതെന്ന് പറയുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച്  സി പി എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, അഡ്വ. പിലിപ്പോസ് തോമസ് എന്നിവരുടെ നേതൃത്വത്തില്‍  പ്രകടനം നടത്തി.

Latest