Connect with us

Kerala

തീവ്ര ന്യൂനമര്‍ദം; സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴക്ക് സാധ്യത

തെക്കന്‍, മധ്യ ജില്ലകളിലാണ് കൂടുതല്‍ മഴ ലഭിച്ചേക്കുക.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴക്ക് സാധ്യത പ്രവചിച്ച് കാലാവസ്ഥാ വകുപ്പ്. തെക്കന്‍, മധ്യ ജില്ലകളിലാണ് കൂടുതല്‍ മഴ ലഭിച്ചേക്കുക. ശ്രീലങ്കയില്‍ രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്. തീവ്ര ന്യൂനമര്‍ദം അടുത്ത മണിക്കൂറുകളില്‍ മാന്നാര്‍ കടലിടുക്കിലേക്ക് പ്രവേശിക്കും. ഇതിന്റെ ഫലമായി അടുത്ത ദിവസങ്ങളിലും കേരളത്തില്‍ മഴ തുടരാനാണ് സാധ്യത.

മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം
കടലില്‍ വന്‍ തിരമാലകള്‍ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരവാസികളും ജാഗ്രത പാലിക്കണം. അടുത്ത ദിവസങ്ങളില്‍ കടലോര പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

ഗള്‍ഫ് ഓഫ് മന്നാര്‍, കന്യാകുമാരി തീരം, തെക്കന്‍ തമിഴ്നാട് തീരം, കാരയ്ക്കല്‍ തീരം, പടിഞ്ഞാറന്‍ ശ്രീലങ്കന്‍ തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിന് സാധ്യതയുണ്ട്. കന്യാകുമാരി തീരത്തോടു ചേര്‍ന്നുള്ള മാലിദ്വീപ് തീരത്തും മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റ് വീശിയേക്കും. മേല്‍പ്പറഞ്ഞ പ്രദേശങ്ങളില്‍ മുന്നറിയിപ്പുള്ള തീയതികളില്‍ മത്സ്യബന്ധനം വിലക്കിയിട്ടുണ്ട്.

 

Latest