UAE
ദുബൈ; സ്‌കൂൾ പ്രവേശനത്തിനുള്ള പ്രായപരിധിയിൽ മാറ്റം
പ്രായപരിധി നിശ്ചയിക്കുന്ന തീയതിയിൽ വരുത്തിയ മാറ്റങ്ങൾ നടപ്പിലാക്കാനൊരുങ്ങി വിദ്യാഭ്യാസ മേഖല
ദുബൈ| പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ, സ്‌കൂൾ പ്രവേശനത്തിനായുള്ള പ്രായപരിധി നിശ്ചയിക്കുന്ന തീയതിയിൽ വരുത്തിയ മാറ്റങ്ങൾ നടപ്പിലാക്കാനൊരുങ്ങി വിദ്യാഭ്യാസ മേഖല. പ്രവേശനത്തിനുള്ള പ്രായപരിധി ഡിസംബർ 31 ലേക്ക് മാറ്റിയതോടെ, വർഷത്തിന്റെ അവസാന മാസങ്ങളിൽ ജനിച്ച കുട്ടികളുടെ പ്രവേശനത്തിൽ വലിയ മാറ്റങ്ങൾക്കാണ് വഴിയൊരുങ്ങുന്നത്. നേരത്തെ ആഗസ്റ്റ് 31 അടിസ്ഥാനമാക്കിയായിരുന്നു പ്രവേശനം നൽകിയിരുന്നത്. നിലവിലെ പുതിയ മാനദണ്ഡങ്ങൾ അനുസരിച്ച് ക്ലാസുകളിലെ കുട്ടികളുടെ എണ്ണത്തിലും മൂല്യനിർണയ രീതികളിലും ആവശ്യമായ മാറ്റങ്ങൾ വരുത്താൻ വിദ്യാലയങ്ങൾ തയ്യാറെടുത്തു കഴിഞ്ഞു.
]കേവലം ജനനത്തീയതി മാത്രം നോക്കി കുട്ടികൾക്ക് ക്ലാസുകൾ നിശ്ചയിക്കുന്നതിന് പകരം, അവരുടെ ശാരീരികവും മാനസികവുമായ പക്വതയും പഠനസജ്ജതയും അളക്കാനാണ് വിദ്യാഭ്യാസ വിദഗ്ധരും ഡോക്ടർമാരും നിർദേശിക്കുന്നത്. കുട്ടിയുടെ വിനിമയ ശേഷി, സഹപാഠികളുമായുള്ള ഇടപെടൽ, സ്വതന്ത്രമായി കാര്യങ്ങൾ ചെയ്യാനുള്ള കഴിവ്, വൈകാരിക നിയന്ത്രണം എന്നിവ വിലയിരുത്തിയാകും പ്രവേശനം നിശ്ചയിക്കുക.
ഈ പ്രക്രിയയിൽ മാതാപിതാക്കളെ പൂർണമായി പങ്കാളികളാക്കാനും അവരുടെ സംശയങ്ങൾ പരിഹരിക്കാനും പ്രത്യേക കൗൺസിലിംഗ് ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
കുട്ടികളുടെ പ്രായ വ്യത്യാസം കണക്കിലെടുത്ത്, ഓരോ കുട്ടിയുടെയും വ്യക്തിഗത ശേഷിക്ക് അനുയോജ്യമായ രീതിയിൽ അധ്യയന രീതികളിൽ മാറ്റം വരുത്താനാണ് അധ്യാപകരുടെ തീരുമാനം. മാതാപിതാക്കളും അധ്യാപകരും വിദഗ്ധരും ചേരുന്ന കൂട്ടായ പരിശ്രമത്തിലൂടെ പുതിയ അധ്യയന വർഷം കുട്ടികൾക്ക് കൂടുതൽ സുഗമവും സന്തോഷകരവുമാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.
Content Highlights:
The cutoff date for determining the age limit for school admissions has been officially shifted to December 31. Experts recommend assessing children’s physical, mental, and emotional readiness alongside their birth dates. Schools are introducing counseling sessions for parents and adapting teaching methods accordingly.



