National
ആഗോളതലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായ ഉയരുന്നു; 36 രാജ്യങ്ങളിൽ നടത്തിയ സർവേയുടെ ഫലം പുറത്ത്
ഇന്ത്യയോട് ഏറ്റവും കൂടുതൽ അനുകൂല നിലപാടുള്ള രാജ്യം ശ്രീലങ്ക; എതിർപ്പ് പാക്കിസ്ഥാന്
ന്യൂഡൽഹി | ആഗോളതലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായ കൂടുതൽ മെച്ചപ്പെട്ടതായി വ്യക്തമാകുന്ന സർവേ ഫലം പുറത്ത്. ലോകത്തിലെ 36 രാജ്യങ്ങളിൽ പ്യൂ റിസർച്ച് സെന്റർ (Pew Research Centre) നടത്തിയ പഠനം അനുസരിച്ച് ഭൂരിഭാഗം രാജ്യങ്ങളിലെ ജനങ്ങളും ഇന്ത്യയെ പോസിറ്റീവായാണ് വീക്ഷിക്കുന്നത്. സർവേയിൽ പങ്കെടുത്ത രാജ്യങ്ങളിൽ 45 ശതമാനം ആളുകൾ ഇന്ത്യയോട് അനുകൂല നിലപാട് സ്വീകരിച്ചപ്പോൾ 41 ശതമാനം പേർ പ്രതികൂല നിലപാടാണ് രേഖപ്പെടുത്തിയത്. ഫെബ്രുവരി മുതൽ മേയ് വരെ കാലയളവിൽ 42,000-ത്തിലധികം ആളുകളെ ഉൾപ്പെടുത്തിയാണ് സർവേ പൂർത്തിയാക്കിയത്.
ഇന്ത്യയോട് ഏറ്റവും കൂടുതൽ അനുകൂല നിലപാടുള്ള രാജ്യം ശ്രീലങ്കയാണ്. ശ്രീലങ്കയിൽ 79 ശതമാനം ആളുകളും ഇന്ത്യയെ പോസിറ്റീവായി കാണുന്നു. 63 ശതമാനം ശ്രീലങ്കൻ നിവാസികൾ ഇന്ത്യയെ തങ്ങളുടെ പ്രധാന സഖ്യകക്ഷിയായി അടയാളപ്പെടുത്തിയപ്പോൾ 11 ശതമാനം പേർ മാത്രമാണ് അസംതൃപ്തി പ്രകടിപ്പിച്ചത്. 2024-ൽ ഇത് 65 ശതമായിരുന്നു. 2022-ലെ സാമ്പത്തിക പ്രതിസന്ധിക്ക് (Economic Crisis) ശേഷം ഇന്ത്യ നൽകിയ 7.5 ബില്യൺ യു എസ് (US) ഡോളറിലധികം വരുന്ന സാമ്പത്തിക സഹായങ്ങളും കടാശ്വാസ പദ്ധതികളുമാണ് ശ്രീലങ്കയുമായുള്ള ബന്ധം മെച്ചപ്പെടാൻ കാരണമായത്.
കെനിയ (71%), യു കെ (UK – 71%), ജർമ്മനി (63%), ഇസ്രായേൽ (60%), ഇറ്റലി (56%), സ്വീഡൻ (55%) തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യയ്ക്ക് മികച്ച പിന്തുണയാണുള്ളത്. ഏഷ്യൻ രാജ്യങ്ങളായ ജപ്പാനിൽ 55 ശതമാനവും സിംഗപ്പൂരിൽ 51 ശതമാനവും ഇന്തോനേഷ്യയിൽ 50 ശതമാനവും ഇന്ത്യയെ അനുകൂലിക്കുന്നു. ഫിലിപ്പീൻസിൽ 49 ശതമാനവും തായ്‌ലൻഡിൽ 55 ശതമാനവുമാണ് പിന്തുണ.
അതേസമയം, ഇന്ത്യയുടെ അയൽരാജ്യങ്ങളിൽ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ബംഗ്ലാദേശിൽ 42 ശതമാനം പേർ അനുകൂല നിലപാട് എടുത്തപ്പോൾ 51 ശതമാനം പേർ പ്രതികൂല നിലപാട് സ്വീകരിച്ചു. പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനയ്ക്ക് ഇന്ത്യ അഭയം നൽകിയതിനെ തുടർന്നുണ്ടായ രാഷ്ട്രീയ അസ്ഥിരതകളാണ് ഇതിന് കാരണം. മലേഷ്യയിൽ 58 ശതമാനം പേരും ഓസ്ട്രേലിയയിൽ 55 ശതമാനം പേരും പ്രതികൂല അഭിപ്രായം രേഖപ്പെടുത്തി.

ഇന്ത്യയോട് ഏറ്റവും കൂടുതൽ എതിർപ്പുള്ള രാജ്യം പാകിസ്താനാണ്. പാകിസ്താനിൽ 91 ശതമാനം ആളുകളും ഇന്ത്യയോട് പ്രതികൂല നിലപാട് പുലർത്തുമ്പോൾ 7 ശതമാനം പേർ മാത്രമാണ് അനുകൂലമായി പ്രതികരിച്ചത്. ഇൻഡസ് വാട്ടേഴ്സ് ട്രീറ്റി (Indus Waters Treaty) റദ്ദാക്കിയതും, പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ (Operation Sindoor) സൈനിക നടപടികളുമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കിയത്. തുർക്കിയിൽ 15 ശതമാനവും വെസ്റ്റ് ബാങ്ക്, ഈസ്റ്റ് ജറുസലേം പ്രദേശങ്ങളിൽ 18 ശതമാനവുമാണ് ഇന്ത്യയോടുള്ള അനുകൂല നിലപാട്.
അമേരിക്കയിൽ (US) ഇന്ത്യയെക്കുറിച്ച് സമ്മിശ്ര പ്രതികരണമാണ ലഭിച്ചത്. സർവേയിൽ പങ്കെടുത്ത 50 ശതമാനം അമേരിക്കക്കാരും ഇന്ത്യയോട് പ്രതികൂല നിലപാട് വ്യക്തമാക്കിയപ്പോൾ 45 ശതമാനം പേർ അനുകൂല അഭിപ്രായം പ്രകടിപ്പിച്ചു. 2008 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. 2023-ൽ 51 ശതമാനം അമേരിക്കക്കാർ ഇന്ത്യയെ അനുകൂലിച്ചിരുന്ന സ്ഥാനത്താണിത്. പാർട്ടി അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ ഡെമോക്രാറ്റുകളിൽ 50 ശതമാനവും റിപ്പബ്ലിക്കൻ പാർട്ടിയിൽ 42 ശതമാനവും ഇന്ത്യയെ അനുകൂലിക്കുന്നു. ഇന്ത്യയുടെ ആഗോള സ്വാധീനം ശക്തമാകുന്നുവെന്ന് 30 ശതമാനം പേരും, മാറ്റമില്ലാതെ തുടരുന്നുവെന്ന് 54 ശതമാനം പേരും അഭിപ്രായപ്പെട്ടു.

Content Highlights
A 36-nation Pew Research Survey reveals that 45% of respondents view India favorably. Sri Lanka holds the highest positive view at 79%, while Pakistan views India most unfavorably at 91%. In the US, opinion remains split with 45% favorable ratings.


