International
സഊദി എണ്ണക്കപ്പലിന് നേരെ ഇറാന്‍ ആക്രമണം; രണ്ട് ഫിലിപ്പീന്‍സ് നാവികര്‍ കൊല്ലപ്പെട്ടതായി സൗഊദി
സഊദി ദേശീയ ഷിപ്പിംഗ് കമ്പനിയായ ബഹ്‌റി ആണ് രണ്ട് ജീവനക്കാരുടെ മരണം സ്ഥിരീകരിച്ചത്
ദുബൈ | സഊദി അറേബ്യയുടെ എണ്ണക്കപ്പലിന് നേരെ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് ഫിലിപ്പീന്‍സ് നാവികര്‍ കൊല്ലപ്പെട്ടു. ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നു പോയ സിദര്‍ എന്ന സൂപ്പര്‍ ടാങ്കറിന് നേരെയാണ് തിങ്കളാഴ്ച രാത്രി ആക്രമണമുണ്ടായത്. സഊദി ദേശീയ ഷിപ്പിംഗ് കമ്പനിയായ ബഹ്‌റി ആണ് രണ്ട് ജീവനക്കാരുടെ മരണം സ്ഥിരീകരിച്ചത്.
സംഭവത്തെ സഊദി അറേബ്യ ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര നാവികപാതകളുടെ സുരക്ഷയും ആഗോള ഊര്‍ജ്ജ വിതരണവും ഉറപ്പാക്കണമെന്നും മേഖലയിലെ സംഘര്‍ഷങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്നും സഊദി വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
ഒമാന്റെ മുസന്ദം ഉപദ്വീപിനു വടക്കുകിഴക്ക് വെച്ചാണ് സഊദി എണ്ണക്കപ്പലിന് നേരെ ആക്രമണമുണ്ടായത്. ഏകദേശം ഇതേ സമയത്ത് തന്നെ ദക്ഷിണ കൊറിയന്‍ ഉടമസ്ഥതയിലുള്ള സെനഗല്‍ പ്രോസ്പെരിറ്റി എന്ന മറ്റൊരു സൂപ്പര്‍ ടാങ്കറിന് നേരെയും ആക്രമണം നടന്നു.
എന്നാല്‍ ആരോപണങ്ങള്‍ ഇറാന്‍ നിഷേധിച്ചു. അനുമതിയില്ലാത്ത പാതയിലൂടെ സഞ്ചരിച്ച രണ്ട് എണ്ണക്കപ്പലുകള്‍ കടലില്‍ സ്ഥാപിച്ച മൈനുകളില്‍ തട്ടി തീപിടിക്കുകയായിരുന്നുവെന്നാണ് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് വ്യക്തമാക്കിയത്. അമേരിക്കന്‍ സൈന്യം ഇറാനില്‍ നടത്തിയ കടുത്ത വ്യോമാക്രമണങ്ങള്‍ക്കും അയല്‍രാജ്യങ്ങളിലെ യു എസ് കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്‍ നടത്തിയ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ക്കും തൊട്ടുപിന്നാലെയാണ് ഈ സംഭവം ഉണ്ടായത്. യു എസ്-ഇസ്‌റാഈല്‍ സഖ്യവും ഇറാനും തമ്മില്‍ ആരംഭിച്ച യുദ്ധത്തെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം കടുത്ത ഭീഷണി നേരിടുകയാണ്.
Content Highlights:
Two Philippine sailors were killed after an Iranian attack on a Saudi oil tanker in the Strait of Hormuz. Saudi Arabia strongly condemned the incident and urged steps to secure global energy supplies. Iran denied the allegations, claiming the vessels struck naval mines in unauthorized waters.



