Connect with us

National

റായ്പുരില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍; കൊല്ലപ്പെട്ടത് മാവോയിസ്റ്റുകള്‍ തന്നെയെന്ന് പോലീസ്

കൊല്ലപ്പെട്ടവര്‍ മാവോയിസ്റ്റുകളല്ലെന്ന് ബന്ധുക്കള്‍.

Published

|

Last Updated

റായ്പുര്‍ | ഛത്തിസ്ഗഢില്‍ റായ്പുരിലെ കാന്‍കറില്‍ മൂന്ന് മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയെന്ന പോലീസ് അവകാശവാദത്തെ ചോദ്യം ചെയ്ത് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍. കൊല്ലപ്പെട്ടവര്‍ മാവോയിസ്റ്റുകളല്ലെന്നും വ്യാജ ഏറ്റുമുട്ടല്‍ കൊലയാണ് നടന്നതെന്നും ബന്ധുക്കള്‍ പറഞ്ഞു. മര്‍ദ ഗ്രാമത്തിലെ നിവാസികളായ രാമേശ്വര്‍ നേഗി, സുരേഷ് ടേറ്റ, പൈര്‍വി ഗ്രാമ നിവാസിയായ അനില്‍ കുമാര്‍ ഹിഡ്‌കോ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

എന്നാല്‍, മാവോയിസ്റ്റുകള്‍ തന്നെയാണ് കൊല്ലപ്പെട്ടതെന്നും നമ്പര്‍-5 എന്നറിയപ്പെടുന്ന മാവോയിസ്റ്റ് ഗ്രൂപ്പിന്റെ തലവന്‍ രാജു സലാമിനെ അനുഗമിക്കുമ്പോഴാണ് പോലീസ് അവരെ വെടിവച്ചിട്ടതെന്നും കാന്‍കര്‍ പോലീസ് സൂപ്രണ്ട് ഇന്ദിര കല്യാണ്‍ പറഞ്ഞു.

കൊയലിബേദ മേഖലയിലെ വനപ്രദേശത്ത് നക്‌സല്‍ വിരുദ്ധ ഓപറേഷന്‍ നടത്തുകയായിരുന്ന ജില്ലാ റിസര്‍വ് ഗാര്‍ഡിന്റെയും അതിര്‍ത്തി രക്ഷാ സേനയുടെയും (ബി എസ് എഫ്) സംയുക്ത സേന ഏറ്റുമുട്ടലിനിടെ മൂന്ന് മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയെന്നാണ് പോലീസ് അവകാശവാദം. മാവോയിസ്റ്റുകള്‍ ആദ്യം സേനക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും പ്രദേശത്തു നിന്ന് തിര നിറച്ച തോക്കുകളും മറ്റ് വസ്തുക്കളും കണ്ടെത്തിയതായും പോലീസ് പറഞ്ഞു.

ഇക്കഴിഞ്ഞ തിങ്കളാഴ്ച ഗ്രാമത്തലവന്റെ നേതൃത്വത്തില്‍ നാട്ടുകാരും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളും ചേര്‍ന്ന് കൊയലിബേദ പോലീസ് സ്‌റ്റേഷനും മുമ്പില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പോലീസിന്റേതെന്ന് വ്യാജ ഏറ്റുമുട്ടലായിരുന്നുവെന്ന് അവര്‍ ആരോപിച്ചു. ബീഡി നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഒരുതരം ഇല ശേഖരിക്കാന്‍ വനത്തില്‍ പോയവരാണ് സേനയുടെ വെടിയുണ്ടകള്‍ക്ക് ഇരയായതെന്ന് മര്‍ദക്കു കീഴില്‍ വരുന്ന ബദര്‍ഗി ഗ്രാമത്തിലെ തലവന്‍ മനോഹര്‍ ഗാവ്‌ഡെ പറയുന്ന ഒരു വീഡിയോ ചൊവ്വാഴ്ച ഗ്രാമീണര്‍ പുറത്തുവിടുകയും ചെയ്തിരുന്നു.

 

---- facebook comment plugin here -----

Latest