Connect with us

Editorial

"പെന്‍ഗ്വിൻ' പിന്മാറിയത് സാംസ്‌കാരിക ഭീരുത്വം

അധികാരി വര്‍ഗത്തിന് അപ്രിയമായത് എഴുതിയാല്‍ വെളിച്ചം കാണില്ലെന്ന അവസ്ഥ സൃഷ്ടിക്കപ്പെടുന്നത് അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും ആശയ പ്രചാരണത്തിന്റെയും വാതിലുകള്‍ കൊട്ടിയടക്കാന്‍ ഇടയാക്കും.

Published

|

Last Updated

സോണിയാ ഗാന്ധിയുടെ “ബിലോംഗിംഗ്: എ ജേര്‍ണി ഓഫ് ലവ്’ എന്ന ആത്മകഥ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് “പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യ’ പിന്മാറിയ സംഭവം ഒരു പുസ്തകത്തിന്റെ പ്രസാധനവുമായി ബന്ധപ്പെട്ട തര്‍ക്കം മാത്രമായി കാണാനാകില്ല. എഴുത്തുകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം, പ്രസാധകന്റെ ഉത്തരവാദിത്വം, അഭിപ്രായ സ്വാതന്ത്ര്യം തുടങ്ങിയ കാര്യങ്ങള്‍ ഗൗരവമേറിയ ചര്‍ച്ചക്ക് വിഷയീഭവിക്കേണ്ട സംഭവമാണിത്. പുസ്തകങ്ങളിലെ ചില ഭാഗങ്ങള്‍ മാറ്റം വരുത്തിയാലേ പ്രസിദ്ധീകരിക്കുകയുള്ളൂവെന്ന നിലപാടാണ് “പെന്‍ഗ്വിന്‍’ സ്വീകരിച്ചത്. സോണിയാ ഗാന്ധി അത് നിരാകരിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആര്‍ എസ് എസ്, ചൈനയുടെ അതിര്‍ത്തി കടന്നുകയറ്റം എന്നിവയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കാനാണ് പെന്‍ഗ്വിന്‍ ആവശ്യപ്പെട്ടതെന്നാണ് റിപോര്‍ട്ട്.
ഈ ഭാഗങ്ങളെല്ലാം നിലനിര്‍ത്തിക്കൊണ്ടുതന്നെ പെന്‍ഗ്വിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ള “ആല്‍ഫ്രഡ് എ നോഫ്’ ഈ പുസ്തകം ലോകത്തിന്റെ ഇതര ഭാഗങ്ങളില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. ഇന്ത്യയില്‍ മാത്രമാണ് ഇത് ഉള്‍ക്കൊള്ളിക്കുന്നതില്‍ പ്രസാധകര്‍ക്ക് വിയോജിപ്പ്. മോദി സര്‍ക്കാറിന്റെ സമ്മര്‍ദമാണ് ഇതിനു പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്. രാഷ്ട്രീയ തീവ്ര നിലപാടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് പെന്‍ഗ്വിന്‍ പുസ്തക പ്രസാധനത്തില്‍ നിന്ന് പിന്മാറുന്നത് ഇതാദ്യമല്ല. 2009ല്‍ പ്രസിദ്ധീകരിച്ച, അമേരിക്കന്‍ എഴുത്തുകാരനും പണ്ഡിതനുമായ വെന്‍ഡി ഡോണിഗറുടെ “ദി ഹിന്ദൂസ്: ആന്‍ ആള്‍ട്ടര്‍നേറ്റീവ് ഹിസ്റ്ററി’ എന്ന പുസ്തകത്തിന്റെ ഇന്ത്യയിലെ വില്‍പ്പന, തീവ്രഹിന്ദുത്വ സംഘടനയായ “ശിക്ഷാ ബച്ചാവോ ആന്ദോളന്‍ സമിതി’യുടെ എതിര്‍പ്പിനെ തുടര്‍ന്ന് പെന്‍ഗ്വിന്‍ നിര്‍ത്തിവെക്കുകയും ഇന്ത്യയിലെ അവശേഷിക്കുന്ന കോപ്പികള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു.

ഒരു വ്യക്തിയുടെ ജീവിതാനുഭവങ്ങളുടെയും നിരീക്ഷണങ്ങളുടെയും സാക്ഷ്യപ്പെടുത്തലാണ് ആത്മകഥ. കഴിഞ്ഞ ആറ് പതിറ്റാണ്ടു കാലത്തെ ഇന്ത്യന്‍ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടതാണ് സോണിയാ ഗാന്ധിയുടെ ജീവചരിത്രം. അതേസമയം ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുടെ തലമുതിര്‍ന്ന നേതാവും പതിറ്റാണ്ടുകളോളം പാര്‍ട്ടിയെ നയിക്കുകയും ചെയ്ത സോണിയയുടെ എല്ലാ വീക്ഷണങ്ങളും രാഷ്ട്രീയമായി നിഷ്പക്ഷവും സത്യസന്ധവുമായിരിക്കണമെന്നില്ല. എങ്കിലും സോണിയക്ക് അവരുടെ വീക്ഷണവും കാഴ്ചപ്പാടും അവതരിപ്പിക്കാന്‍ അവകാശമുണ്ട്. വായനക്കാരന് അത് വിശ്വസിക്കുകയോ തിരസ്‌കരിക്കുകയോ ചോദ്യം ചെയ്യുകയോ ആകാം. ചരിത്രകാരന്മാര്‍ക്ക് വസ്തുതകള്‍ അന്വേഷിക്കുകയും പരിശോധിക്കുകയും ചെയ്യാം. പുസ്തകം ബി ജെ പിയെ അസ്വസ്ഥമാക്കുന്നുണ്ടെങ്കില്‍ പാര്‍ട്ടിക്ക് രാഷ്ട്രീയമായി അതിനെ നേരിടാം. ഇതിനപ്പുറം പുസ്തകം പുറത്തു വരുന്നതിനു മുമ്പേ അതിലെ ചില ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്ന് പ്രസാധകര്‍ ശഠിക്കുന്നത് ശരിയായ നടപടിയല്ല. അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവരെ തൃപ്തിപ്പെടുത്താനും നിയമപരമായോ രാഷ്ട്രീയമായോ വന്നേക്കാവുന്ന വെല്ലുവിളികളെ ഭയന്നും പുസ്തകം സെന്‍സര്‍ ചെയ്യുന്നത് സാംസ്‌കാരിക ഭീരുത്വമാണ്. എന്ത് വായിക്കണം, വായിക്കരുത് എന്ന് അധികാരി വര്‍ഗമോ പ്രസാധകരോ തീരുമാനിക്കുന്നത് ജനാധിപത്യത്തിന് ആരോഗ്യകരമല്ല.

ഭരണഘടന ഉറപ്പ് നല്‍കുന്നതാണ് ചിന്തിക്കാനും ചിന്തകള്‍ പ്രകടിപ്പിക്കാനുമുള്ള അവകാശം. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്രം തന്നെ ആരോഗ്യകരമായ സംവാദങ്ങളുടേതും അഭിപ്രായഭിന്നതകളുടേതുമാണ്. അധികാരത്തിലിരിക്കുന്നവരെ പ്രതിപക്ഷ പാര്‍ട്ടികളും ജനങ്ങളും നിരന്തരം വിമര്‍ശിക്കുകയും തിരുത്തുകയും ചെയ്യുന്നത് നമ്മുടെ രാഷ്ട്രീയത്തിന്റെ ഭാഗവുമാണ്. പത്രമാധ്യമങ്ങളിലൂടെയും ചാനല്‍ ചര്‍ച്ചയിലൂടെയും പ്രസംഗങ്ങളിലൂടെയും പുറത്തുവരുന്ന വിമര്‍ശങ്ങള്‍ പുസ്തക രൂപത്തിലേക്ക് മാറുമ്പോള്‍ ചില കേന്ദ്രങ്ങള്‍ അങ്കലാപ്പ് പ്രകടിപ്പിക്കുന്നത് എന്തുകൊണ്ടാണ്?

മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ക്കും ചര്‍ച്ചകള്‍ക്കും ക്ഷണികമായ ആയുസ്സ് മാത്രമേയുള്ളൂ. ഒരു ദിവസത്തെ വാര്‍ത്ത പിറ്റേന്നു പഴങ്കഥയായി മാറും. ഇതല്ല പുസ്തകങ്ങളുടെ അവസ്ഥ. അവ കാലത്തെ അതിജീവിക്കും. ഗ്രന്ഥശാലകളില്‍ സൂക്ഷിക്കപ്പെടും. തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും വിഷയീഭവിക്കുകയും ചെയ്യും. ഒരു ടി വി ചര്‍ച്ചയില്‍ നടത്തുന്ന പരാമര്‍ശത്തേക്കാള്‍ കൂടുതല്‍ ഉത്തരവാദിത്വബോധത്തോടെയായിരിക്കും എഴുത്തുകാര്‍ ഗ്രന്ഥത്തില്‍ കാര്യങ്ങള്‍ രേഖപ്പെടുത്തുന്നത്. പ്രത്യേകിച്ച് മുന്‍ ഭരണാധിപരോ പാര്‍ട്ടി അധ്യക്ഷത വഹിച്ച വ്യക്തിയോ എഴുതുന്ന ഓര്‍മക്കുറിപ്പുകള്‍ തെളിവുകളുടെയും അനുഭവങ്ങളുടെയും വെളിച്ചത്തിലായിരിക്കും. വര്‍ത്തമാന കാലത്തെ രാഷ്ട്രീയ വിവാദങ്ങള്‍ മറവിക്കും സമയത്തിനും മുന്നില്‍ മാഞ്ഞുപോയേക്കാം. എന്നാല്‍ പുസ്തകങ്ങള്‍ ചരിത്രത്തില്‍ ആഴത്തില്‍ രേഖപ്പെടുത്തപ്പെടും. വരും തലമുറ ചരിത്രം പഠിക്കുമ്പോള്‍ ഇവ പ്രാഥമിക സ്രോതസ്സുകളായി ഉപയോഗിക്കപ്പെടുന്നു. ഇത് തങ്ങളുടെ രാഷ്ട്രീയ പ്രതിച്ഛായയെയും നിര്‍മിത കഥകളെയും ബാധിക്കുമെന്ന് അധികാരി വര്‍ഗം ആശങ്കപ്പെടുക സ്വാഭാവികം.
പുസ്തക പ്രസാധക രംഗത്തെ ആഗോള ഭീമനായ പെന്‍ഗ്വിന്‍ അധികാരി വര്‍ഗത്തിനു മുന്നില്‍ മുട്ടുമടക്കിയത് ലജ്ജാകരമാണ്. ബാഹ്യസമ്മര്‍ദങ്ങളെ അവഗണിച്ച് എഴുത്തുകാരുടെയും വായനക്കാരുടെയും പക്ഷത്ത് നിലയുറപ്പിക്കാന്‍ അവര്‍ ആര്‍ജവം കാണിക്കേണ്ടതായിരുന്നു. അധികാരി വര്‍ഗത്തിന് അപ്രിയമായത് എഴുതിയാല്‍ വെളിച്ചം കാണില്ലെന്ന അവസ്ഥ സൃഷ്ടിക്കപ്പെടുന്നത് അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും ആശയ പ്രചാരണത്തിന്റെയും വാതിലുകള്‍ കൊട്ടിയടക്കാന്‍ ഇടയാക്കും. പെന്‍ഗ്വിന്‍ പിന്മാറിയെങ്കിലും പുസ്തകം ഏറ്റെടുക്കാനും പ്രസിദ്ധീകരിക്കാനും മറ്റു അന്താരാഷ്ട്ര- ഇന്ത്യന്‍ പ്രസാധകര്‍ മുന്നോട്ടുവന്നത് സ്വാഗതാര്‍ഹമാണ്. ആശയങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്തോറും അവ കൂടുതല്‍ ശക്തിയോടെ പുറത്തുവരുമെന്നതാണ് അനുഭവം.

Latest