Connect with us

Story

ഇര

Published

|

Last Updated

ഇന്നലെ മേടിച്ച വണ്ടി തറയിൽ വട്ടത്തിൽ ഉരുട്ടിക്കളിക്കുമ്പോഴാണ് ഉണ്ണിമോൻ ആ ശബ്ദം കേട്ടത്.
“ന്താത്?’
ഉണ്ണിമോൻ വാതിൽക്കൽ വന്നെത്തി നോക്കി.
ങ്യേങ്….. വീണ്ടും ദീനരോദനം.
അവൻ മുറ്റത്തേക്കിറങ്ങി, തൊടിയിലെ വാഴക്കൂട്ടത്തിനിടയിൽ നിന്നാണ്.
ങ്യേ…… അഗാധതയിലേക്ക് വീണുപോകുന്ന പോലെ വീണ്ടും ആ ശബ്ദം.
“അമ്മേ…. എന്താണാ ഒച്ച?’
പൈപ്പിൻ ചോട്ടിൽ തുണി കഴുകിക്കൊണ്ടിരിക്കുകയായിരുന്നു അശ്വതി. “അത് പാമ്പ് തവളയെ പിടിച്ചതാ. നീ അങ്ങോട്ട് പോകേണ്ട.’
ഉണ്ണി തൊടിയിലേക്കിറങ്ങിയതായിരുന്നു. അമ്മയുടെ വിലക്ക് അവനെ അവിടെ തന്നെ നിർത്തി. പിന്നെ താണും ചരിഞ്ഞും വാഴക്കിടയിലേക്ക് നോക്കി. അയ്യോ…. അതാ.. ഉണങ്ങിയ വാഴയിലകളെ ചുറ്റിപ്പിടിച്ച് ഒരു വലിയ പാമ്പ്, അതിന്റെ വായിൽ പകുതിയിലധികം അകപ്പെട്ട ഒരു തവള.
“അമ്മേ…. ചേരപ്പാമ്പ്.’ തരം കിട്ടുമ്പോഴൊക്കെ ഉണ്ണിയുടെ കൊച്ചുവീട്ടിലേക്ക് നൂണുവരാറുള്ള പാമ്പ് ചേരയാണെന്നവനറിയാം. പാവം തവള ഞാനതിനെ രക്ഷിക്കട്ടെ, ഉണ്ണി വടിക്കായി ചുറ്റും നോക്കി.
“ഉണ്ണീ…. വേണ്ടാട്ടോ, അത് അതിന്റെ ഇരയാണ്. നീ ഇങ്ങോട്ട് പോരു. തവള ചാടിപ്പോയാൽ അതോടി വരും ട്ടോ?’
ഉണ്ണിക്ക് പേടിയായി അവൻ കോലായിൽ കയറി കുത്തിയിരുന്നു. ഇപ്പൊ ഒച്ച കേൾക്കാനില്ല. അതിനെ തിന്നുകാണും.
അശ്വതി അഴയിൽ തുണി വിരിക്കുമ്പോൾ ഉണ്ണി സങ്കടത്തോടെ പറഞ്ഞു. അതിനെ രക്ഷിക്കായിരുന്നു.
പാമ്പിനു വിശക്കില്ലേ ഉണ്ണി, അതിന്റെ ഇരയല്ലേ അത്. അവൾ സ്നേഹത്തോടെ ഉണ്ണിയുടെ കവിളിൽ തട്ടി.
“ന്നാലും…. ‘ ഉണ്ണിക്ക് വിഷമം മാറിയില്ല.
ബക്കറ്റുമായി തിരിഞ്ഞു നടക്കുമ്പോൾ ഉണ്ണി വിളിച്ചു ചോദിച്ചു. “അമ്മേ… “ഇര’, ന്ന് വെച്ചാൽ എന്താ?’
“ഇര’ അവളുടെ ഉള്ളിൽ ആ വാക്ക് കൊളുത്തി വലിച്ചു. ഇര എന്നാൽ, ഇരവില്ലാത്തവൾ….. ഉണ്ണിക്ക് മറുപടി കൊടുക്കാതെ അവൾ അടുക്കളയിലേക്ക് നടന്നു.
പിന്നാലെ മുറിയിലേക്ക് കയറിയ ഉണ്ണി കളിപ്പാട്ടങ്ങൾക്കിടയിൽനിന്ന് ഒരു കുഞ്ഞുവണ്ടിയെടുത്ത് ടെർർർ……. എന്ന് ഒച്ച ഉണ്ടാക്കിക്കൊണ്ട് വീണ്ടും കളി തുടങ്ങി.
അടുക്കളപ്പടിയിൽ അവനെ നോക്കിയിരിക്കുമ്പോൾ ഇരയെന്നാൽ ചാനലുകളുടെ തുപ്പൽ കോളാമ്പിയാണെന്ന് അവൾക്ക് തോന്നി.
ആറ് വർഷം മുന്പുണ്ടായ ഒരു രാഷ്ട്രീയ ലഹളയുടെ മറപറ്റി നട്ടപ്പാതിരക്ക് താനും അമ്മയും മാത്രമുള്ള വീട്ടിൽ കേറിവന്നു തന്നെ വെറും ഇര മാത്രമാക്കിയ നരാധമനെ ഇന്നും ആർക്കും അറിയില്ല. ഭരണപക്ഷവും പ്രതിപക്ഷവും പരസ്പരം ചെളിവാരിയെറിഞ്ഞു. ചാനലും, പോലീസും, കമ്മീഷനും, നാട്ടുകാരും പിന്നെയും പിന്നെയും ഇരയാക്കി മാറ്റിയപ്പോഴാണ് തോൽക്കില്ലെന്ന് മനസ്സിലുറപ്പിച്ചത്. പിന്നീടെന്തൊക്കെ പരീക്ഷണങ്ങൾ…. അവളുടെ തലച്ചോറിലേക്ക് കൂനനുറുമ്പുകൾ നിരയിട്ട് കേറിവന്നു.
“അമ്മേ… ഇരാന്ന് വെച്ചാൽ പാമ്പിന്റെ വായിലെ തവളയാണല്ലേ?’ ഉണ്ണിമോൻ വീണ്ടും അമ്മക്കരികിലെത്തി. അശ്വതി അവനെ മടിയിൽ പിടിച്ചിരുത്തി മൂർദ്ധാവിലുമ്മവെച്ചു.
വലുതാവുന്തോറും അവൻ ചോദിക്കാനിടയുള്ള ചോദ്യചൂണ്ടയിലേക്ക് ഇരയാകാൻ അവൾ, അവളെ നുറുക്കിയടുക്കി വെച്ചു.

---- facebook comment plugin here -----

Latest