Connect with us

Educational News

പോപുലറാണ് പോളിടെക്‌നിക്

ബ്രാഞ്ചുകൾ നിരവധി പത്ത് കഴിഞ്ഞവർക്കും ഹയർ സെക്കൻഡറിക്കാർക്കും അവസരം

Published

|

Last Updated

ശാസ്ത്ര സാങ്കേതിക പഠന വഴികളിൽ മാറ്റങ്ങളുടെ വേലിയേറ്റങ്ങൾക്കിടയിലും അന്നും ഇന്നും പോളിടെക്‌നിക് കോഴ്‌സുകളുടെ പ്രാധാന്യം ഏറെ നിറഞ്ഞുനിൽക്കുന്നു. പ്രായോഗിക പരിശീലനത്തിന് മുൻഗണന നൽകുന്ന ഡിപ്ലോമ പഠന പ്രോഗ്രാമുകൾക്ക് തൊഴിൽ മേഖലയിലുള്ള സാധ്യതകൾ തന്നെയാണ് ഇതിന് കാരണം.
അതോടൊപ്പം പോളിടെക്‌നിക് കോഴ്സുകളുടെ വൈവിധ്യവും ഈ പഠന മേഖലയെ പ്രിയപ്പെട്ടതും ആകർഷകവുമാക്കുന്നു.

പ്രത്യേകത

കോഴ്സ് ദൈർഘ്യവും പഠനച്ചെലവും കുറവ്, പ്രായോഗിക പഠനത്തിനും പരിശീലനത്തിനും ശ്രദ്ധ കേന്ദ്രീകരിച്ച് വിദ്യാർഥികളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്ന കരിക്കുലം, ബി ടെക് പഠനത്തിലേക്കുള്ള ലാറ്ററൽ എൻട്രി, പരമ്പരാഗതവും ഒപ്പം ആധുനിക വ്യവസായ മേഖലകളിലെയും ജോലി സാധ്യതകൾ, തൊഴിലുകളിലെ സാങ്കേതിക പഠനം സ്വായത്തമാക്കി സ്വയംസംരംഭകരാകാനുള്ള വഴിത്താര- ഇവയെല്ലാം പോളിടെക്‌നിക് പഠനത്തിന്റെ മൂല്യവും പ്രസക്തിയും ആകർഷകമാക്കുന്നു എന്നതാണ് വിദ്യാർഥികൾക്കിടയിലെ അംഗീകാരം.

സ്ഥാപനങ്ങൾ

സർക്കാർ , എയ്ഡഡ്, സർക്കാർ നിയന്ത്രണത്തിലുള്ള സെൽഫ് ഫിനാൻസിംഗ്, സ്വകാര്യ സെൽഫ് ഫിനാൻസിംഗ് എന്നിങ്ങനെ വീടിനടുത്ത് ഒരു പോളിടെക്‌നിക് കോളജ് കേരളത്തിലുണ്ട് എന്നത് മറ്റൊരു സൗകര്യമാണ്.

രണ്ട് സ്ട്രീമുകൾ

പോളിടെക്‌നിക് കോളജിൽ രണ്ട് സ്ട്രീമുകളിലായി നിരവധി വ്യത്യസ്ത ഡിപ്ലോമ പ്രോഗ്രാമുകൾ പഠിക്കാവുന്നതാണ്. ഇതിൽ സ്ട്രീം ഒന്നിൽ ആണ് ഏറ്റവും കൂടുതൽ എൻജിനീയറിംഗ് പഠനശാഖകൾ ഉള്ളത്.

സ്ട്രീം ഒന്ന്

സിവിൽ/മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ്/കമ്പ്യൂട്ടർ സയൻസ്/ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ/ഓട്ടോമൊബൈൽ/ആർട്ടിഫിഷ്യൽ ഇന്റലിജൻസ്/ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് എം എൽ/ബയോമെഡിക്കൽ/ക്ലൗഡ് കമ്പ്യൂട്ടിംഗ് ആൻഡ് ബിഗ് ഡാറ്റ/ആർക്കിടെക്ചർ /സൈബർ ഫോറൻസിക് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി/ഇൻസ്ട്രുമെന്റേഷൻ/കെമിക്കൽ/സിവിൽ എൻജിനീയറിംഗ് ആൻഡ് പ്ലാനിംഗ്/കമ്പ്യൂട്ടർ ഹാർഡ് വെയർ/കമ്മ്യൂണിക്കേഷൻ ആൻഡ് നെറ്റ്‌വർക്കിംഗ്/ സിവിൽ ആൻഡ് റൂറൽ എൻജിനീയറിംഗ്/സിവിൽ ആൻഡ് എൻവയോൺമെന്റൽ എൻജിനീയറിംഗ്/ഇലക്ട്രോണിക്‌സ്/എൻവയോൺമെന്റൽ എൻജിനീയറിംഗ്/ ഇലക്ട്രിക്കൽ എൻജിനീയറിംഗ് ആൻഡ് ഇലക്ട്രിക് വെഹിക്കിൾസ് ടെക്‌നോളജി/ഫുഡ് പ്രൊസസ്സിംഗ് ടെക്‌നോളജി/ഇന്റഗ്രേറ്റഡ് സർക്യൂട്ട് ഡിസൈൻ ആൻഡ് ഫാബ്രിക്കേഷൻ/ഇൻഫർമേഷൻ ടെക്‌നോളജി/മെക്കാട്രോണിക്‌സ്/മൈക്രോ ഇലക്ട്രോണിക്‌സ്/ മാനുഫാക്ചറിംഗ് ടെക്‌നോളജി/പോളിമർ ടെക്‌നോളജി/പ്രിന്റിംഗ് ടെക്‌നോളജി/ ഓട്ടോമേഷൻ ആൻഡ് റോബോട്ടിക്‌സ്/റിന്യൂവബിൾ എനർജി/റോബോട്ടിക് പ്രൊസസ് ഓട്ടമേഷൻ/വുഡ് ആൻഡ് പേപ്പർ ടെക്‌നോളജി/ ടൂൾ ആൻഡ് ഡൈ എൻജിനീയറിംഗ്/ ടെക്സ്റ്റൈൽ ടെക്‌നോളജി തുടങ്ങിയവയാണ് വിവിധ എൻജിനീയറിംഗ് ബ്രാഞ്ചുകൾ.

സ്ട്രീം രണ്ട്

കൊമേഴ്‌സ്യൽ പ്രാക്ടീസ്/കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ്സ് മാനേജ്‌മെന്റ്/ഹോട്ടൽ മാനേജ്‌മെന്റ്ആൻഡ് കാറ്ററിംഗ് ടെക്‌നോളജി എന്നീ ശാഖകൾ.

അപേക്ഷാ യോഗ്യത

എസ് എസ് എൽ സി/ ടി എച്ച് എസ് എൽ സി/ തത്തുല്യം പരീക്ഷകളിൽ ഒന്ന് പാസ്സായിരിക്കണം. മാത്തമാറ്റിക്‌സ്, സയൻസ്, ഇംഗ്ലീഷ് വിഷയങ്ങൾ പഠിച്ചവർക്ക് ഒന്നും രണ്ടും സ്ട്രീമിന് അപേക്ഷിക്കാൻ അർഹതയുണ്ട്. മാത്തമാറ്റിക്‌സും ഇംഗ്ലീഷും പഠിച്ച് മറ്റ് സയൻസ് വിഷയങ്ങൾ പഠിക്കാത്തവർക്ക് സ്ട്രീം രണ്ടിന് മാത്രമേ അപേക്ഷിക്കാനാകുകയുള്ളൂ.

യോഗ്യതാ പരീക്ഷ പാസ്സാകാൻ രണ്ടിൽ കൂടുതൽ അവസരങ്ങൾ എടുത്തവർക്ക് അപേക്ഷിക്കാൻ അർഹതയില്ല. സേ/ബെറ്റർമെന്റ്/ഇംപ്രൂവ്‌മെന്റ്പരീക്ഷ എഴുതിയത് അധിക അവസരമായി കണക്കാക്കില്ല.

ലാറ്ററൽ എൻട്രി

മൂന്ന് വർഷ പോളിടെക്നിക് പ്രോഗ്രാമിന് രണ്ടാമത്തെ വർഷം നേരിട്ട് ചേരാവുന്ന ലാറ്ററൽ എൻട്രി സംവിധാനം ഉണ്ട്. ഇവർക്ക് രണ്ട് വർഷം പഠിച്ചാൽ മതി.

50 ശതമാനം കുറയാത്ത മാർക്കോടെ മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങൾ പഠിച്ച് ഹയർ സെക്കൻഡറി/ വി എച്ച് എസ് സി പാസ്സായവർക്കാണ് ഇതിന് അവസരം. എൻ സി വി ടി/ എസ് സി വി ടി/കെ ജി സി ഇ രണ്ട് വർഷ കോഴ്സ് 50 ശതമാനം അഗ്രിഗേറ്റ് മാർക്കോടെ പാസ്സായവർക്കും ഇതുപോലെ അർഹതയുണ്ട്.

പ്രവേശനം ഈ വർഷം

ഈ അധ്യയന വർഷത്തെ പോളിടെക്‌നിക് പ്രവേശനത്തിന് ഈ മാസം 22 വരെ ഓൺലൈനിൽ അപേക്ഷിക്കാവുന്നതാണ്. ഒറ്റത്തവണ രജിസ്‌ട്രേഷൻ നടത്തുകയും ചെയ്യണം. 30 ഓപ്ഷനുകൾ വരെ പരമാവധി ഒരു അപേക്ഷകന് നൽകാം. എയ്ഡഡ്/ സ്വാശ്രയ പോളിടെക്നിക്ക് കോളജുകളിലെ മാനേജ്‌മെന്റ് സീറ്റുകൾക്ക് അതത് സ്ഥാപനങ്ങളിൽ നേരിട്ട് അപേക്ഷിക്കണം.

മറ്റ് വിവരങ്ങൾ

പ്രവേശനത്തിനുള്ള താത്കാലിക റാങ്ക് ലിസ്റ്റും ട്രയൽ അലോട്ട്‌മെന്റും ഈ മാസം 24 ന് പ്രസിദ്ധീകരിക്കും. അപേക്ഷയിൽ 26 വരെ തിരുത്തലുകൾ ആകാം. 29 ന് ഫൈനൽ റാങ്ക് ലിസ്റ്റും ഒന്നാം അലോട്ട്‌മെന്റും പ്രസിദ്ധപ്പെടുത്തും. ഇത് അനുസരിച്ചുള്ള പ്രവേശനം ജൂലൈ മൂന്നിനകം നേടണം. രണ്ടാം അലോട്ട്‌മെന്റ് ആറിന് പ്രസിദ്ധീകരിക്കും.

പ്രവേശനം പത്തിനകം നടക്കും. ക്ലാസ്സുകൾ 20 ന് ആരംഭിക്കും. ഒഴിവുള്ള സീറ്റുകളിൽ സ്‌പോട്ട് അഡ്മിഷൻ സ്ഥാപനങ്ങളിൽ പിന്നീട് ഉണ്ടാകും. വിവരങ്ങൾക്ക് :www.diploma.polyadmission.org,polyadmission.org,dtekerala.gov.in.

Latest