Connect with us

Kerala

നെയ്യാറ്റിന്‍കര ഗോപന്റെ മരണം ഹൃദയാഘാതം മൂലം; കേസ് അവസാനിപ്പിച്ചു

ഗോപന്റേത് കൊലപാതകമാണെന്ന് സംശയം ഉയര്‍ന്നിരുന്നു

Published

|

Last Updated

തിരുവനന്തപുരം|വിവാദങ്ങള്‍ക്ക് വഴിവെച്ച നെയ്യാറ്റിന്‍കര സ്വദേശി ഗോപന്റെ മരണം ഹൃദയാഘാതം മൂലമെന്ന് അന്തിമ റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി കേസ് അവസാനിപ്പിച്ചു. ഗോപന്റേത് കൊലപാതകമാണെന്ന് സംശയം ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തിയിരുന്നു. ആന്തരിക അവയവങ്ങളുടെ പരിശോധനാഫലത്തില്‍ അടക്കം കൊലപാതകത്തിന്റെ സാധ്യതകള്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് അന്തിമ റിപ്പോര്‍ട്ട് നെയ്യാറ്റിന്‍കര കോടതിയില്‍ നല്‍കി കേസ് അവസാനിപ്പിക്കാന്‍ പോലീസ് തീരുമാനിച്ചത്.

2025 ജനുവരി ഒന്‍പതിന് പിതാവ് സമാധിയായെന്ന് കാണിച്ച് മക്കള്‍ വീടിന് സമീപം പോസ്റ്റര്‍ പതിപ്പിക്കുകയായിരുന്നു. ‘ഓം കാവുവിളാകം ശ്രീ കൈലാസ നാഥ മഹാദേവ ക്ഷേത്രം ആചാര്യ ഗുരു ബ്രഹ്മ ശ്രീ ഗോപന്‍ സ്വാമി സമാധിയായി’ എന്നായിരുന്നു പോസ്റ്ററിലുണ്ടായിരുന്നത്. ഇത് പ്രദേശവാസികളില്‍ സംശയത്തിനിടയാക്കി. മരണത്തില്‍ ദുരൂഹത ആരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തി. സംഭവത്തില്‍ പോലീസ് കേസെടുത്തു. മരണം ഔദ്യോഗികമായി സ്ഥിരീകരിക്കാത്തതിനാല്‍ ഗോപനെ കാണാനില്ലെന്ന് കാണിച്ചായിരുന്നു പോലീസ് കേസെടുത്തത്. പിന്നാലെ ഗോപന്റെ കുടുംബാംഗങ്ങളില്‍ നിന്ന് പോലീസ് മൊഴിയെടുത്തു. രോഗബാധിതനായി കിടപ്പിലായിരുന്ന ഗോപന്‍ മരിച്ചെന്നും വീടിന് സമീപം സമാധിയിരുത്തിയെന്നുമായിരുന്നു ഭാര്യ സുലോചനയും മക്കളായ രാജസേനനും സനന്തനും പോലീസിനോട് പറഞ്ഞത്.

മരണശേഷം ദൈവത്തിന്റെ അടുക്കല്‍ പോകണമെങ്കില്‍ മൃതദേഹം വീട്ടുകാരല്ലാതെ മറ്റാരെയും കാണിക്കരുതെന്നും സമാധി ഇരുത്തണമെന്നും പിതാവ് നിര്‍ദ്ദേശിച്ചതായും മക്കള്‍ പറഞ്ഞു. പിന്നാലെ സമാധി സ്ഥലമെന്ന തരത്തില്‍ നിര്‍മ്മിച്ച കോണ്‍ക്രീറ്റ് അറ പോലീസ് സീല്‍ ചെയ്തു. കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്താന്‍ പോലീസും ജില്ലാ ഭരണകൂടവും ശ്രമിച്ചെങ്കിലും ഭാര്യയുടെയും മക്കളുടെയും പ്രതിഷേധത്തെ തുടര്‍ന്ന് ശ്രമം ഉപേക്ഷിച്ചു. പിന്നീട് കല്ലറ പൊളിച്ച് പരിശോധിക്കേണ്ടതുണ്ടെന്ന നിയമപരമായ നോട്ടീസ് ആര്‍ഡിഒയുടെ ചുമതല വഹിച്ചിരുന്ന സബ് കളക്ടര്‍ ഒ വി ആല്‍ഫ്രഡ് കുടുംബത്തിന് നല്‍കി.

ഇതോടെ ഗോപന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചു. സമാധിയുമായി ബന്ധപ്പെട്ട് 41 ദിവസത്തെ പൂജകളുണ്ടെന്നും കല്ലറ പൊളിക്കരുതെന്നുമായിരുന്നു ആവശ്യം. എന്നാല്‍ കല്ലറ പൊളിക്കുന്നതും പോസ്റ്റ്മോര്‍ട്ടം നടത്തുന്നതും അന്വേഷണത്തിന്റെ ഭാഗമാണന്ന് പറഞ്ഞ ഹൈക്കോടതി കുടുംബത്തിന്റെ ഹരജി തള്ളുകയും ചെയ്തു. ശേഷം മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നായിരുന്നു നിഗമനം. ഗോപന്റെ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിലും അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിരുന്നില്ല.

Content Highlights:
The police submitted a final report to the Neyyattinkara court confirming that Gopan died of a heart attack. Detailed chemical analysis of internal organs revealed no evidence of foul play. The case surrounding his mysterious samadhi burial has now been officially closed.

 

Latest