Connect with us

UAE

പുതിയ അധ്യയന വർഷം; വിദ്യാർഥികൾക്ക് ആശംസകളുമായി യു എ ഇ ഭരണാധികാരികൾ

കുട്ടികളാണ് രാജ്യത്തിന്റെ യഥാർഥ സമ്പത്തെന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ്

Published

|

Last Updated

അബൂദബി|രാജ്യത്തെ സ്‌കൂളുകളിൽ പുതിയ അധ്യയന വർഷം ആരംഭിച്ച പശ്ചാത്തലത്തിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ആശംസകൾ നേർന്ന് യു എ ഇ ഭരണാധികാരികൾ. 2026-27 അധ്യയന വർഷത്തിൽ രാജ്യത്തെ 1,180 ലേറെ സർക്കാർ, സ്വകാര്യ സ്‌കൂളുകളിലായി 12.77 ലക്ഷത്തിലധികം വിദ്യാർഥികളാണ് ഇന്നലെ ക്ലാസുകളിലേക്ക് മടങ്ങിയെത്തിയത്. കുട്ടികളാണ് രാജ്യത്തിന്റെ യഥാർഥ സമ്പത്തെന്ന് യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാൻ ആശംസാ സന്ദേശത്തിൽ വ്യക്തമാക്കി.

പുതിയ അധ്യയന വർഷത്തെ ശുഭാപ്തിവിശ്വാസത്തോടും ദൃഢനിശ്ചയത്തോടും വലിയ ലക്ഷ്യങ്ങളോടും കൂടി സ്വീകരിക്കാൻ അദ്ദേഹം വിദ്യാർഥികളെ ആഹ്വാനം ചെയ്തു. അറിവും ജീവിത നൈപുണ്യങ്ങളും ആർജിക്കാൻ ലഭിക്കുന്ന എല്ലാ അവസരങ്ങളും പരമാവധി പ്രയോജനപ്പെടുത്തണം. ആജീവനാന്ത പഠന താത്പര്യം വളർത്തുന്നതിനും ഭാവി സാങ്കേതിക വിദ്യകൾ സ്വായത്തമാക്കുന്നതിനും ദേശീയ മൂല്യങ്ങളും സ്വത്വബോധവും കാത്തുസൂക്ഷിക്കുന്നതിനും സ്‌കൂളുകളും കുടുംബങ്ങളും തമ്മിലുള്ള നിരന്തര സഹകരണം അനിവാര്യമാണെന്നും പ്രസിഡന്റ് ഓർമിപ്പിച്ചു.

ഓരോ പുതിയ അധ്യയന വർഷവും സമൂഹത്തിലേക്ക് പുതിയ ഊർജവും കുട്ടികളുടെ ഭാവിയിലേക്കുള്ള പുതിയ പ്രതീക്ഷകളുമാണ് നൽകുന്നതെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം പറഞ്ഞു. “നിങ്ങളുടെ ക്ലാസ് മുറികളിൽ നിന്നും പാഠങ്ങളിൽ നിന്നും നേടുന്ന അറിവിൽ നിന്നാണ് ഞങ്ങൾ രാജ്യത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്നത്, അതിനാൽ ആ വലിയ ലക്ഷ്യത്തിനൊത്ത് ഉയരുക’ എന്ന് അദ്ദേഹം വിദ്യാർഥികളോട് നിർദേശിച്ചു. തലമുറകളിൽ അറിവ് പകരുകയും അവരുടെ കഴിവുകളും ആത്മവിശ്വാസവും വളർത്തുകയും ചെയ്യുന്ന അധ്യാപകരുടെ പങ്ക് വലുതാണെന്നും വിദ്യാഭ്യാസ യാത്രയിലെ പ്രഥമ പങ്കാളികളും കുട്ടികളുടെ ആദ്യ വിദ്യാലയവും രക്ഷിതാക്കളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിദ്യാഭ്യാസ യാത്രയുടെ അടിത്തറ അധ്യാപകരും ജീവനക്കാരുമാണെന്നും അവർ കുട്ടികളിൽ ചെലുത്തുന്ന സ്വാധീനം കാലങ്ങളോളം നിലനിൽക്കുമെന്നും യു എ ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്്യാൻ പറഞ്ഞു. കുട്ടികൾക്ക് ചോദ്യങ്ങൾ ചോദിക്കാനും പുതിയ കാര്യങ്ങൾ കണ്ടെത്താനുമുള്ള സ്വാതന്ത്ര്യം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിദ്യാർഥികൾക്കും അധ്യാപകർക്കും കുടുംബങ്ങൾക്കും വിജയകരമായ ഒരു അധ്യയന വർഷം ആശംസിക്കുന്നതായി ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്്യാനും വ്യക്തമാക്കി.

Content Highlights:
UAE leadership greeted over 1.27 million students returning to more than 1,180 schools for the 2026-27 academic year. President Sheikh Mohamed bin Zayed Al Nahyan highlighted students as the nation’s true wealth. Vice President Sheikh Mohammed bin Rashid urged youth to build the future through knowledge.

 

Latest