Editorial
ദേശീയപാതയോ മരണപ്പാതയോ?
സുരക്ഷാ മാനദണ്ഡങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയാൽ മാത്രമേ അപകടനിരക്ക് കുറക്കാനാകൂ. റോഡുകളുടെ ആധുനികവത്കരണം മാത്രമാകരുത് വികസനത്തിന്റെ അളവുകോൽ. എത്ര യാത്രക്കാർ സുരക്ഷിതമായി വീടുകളിൽ തിരിച്ചെത്തുന്നു എന്നതു കൂടിയായിരിക്കണം.
നടുക്കമുളവാക്കുന്നതാണ് ദേശീയപാത 66ൽ തൃശൂർ കയ്പമംഗലം പറമ്പിക്കുന്നിൽ വെള്ളിയാഴ്ച പാതിരാവിലുണ്ടായ വാഹനാപകടം. നിർത്തിയിട്ട ചരക്കുലോറിയുടെ പിന്നിൽ കാറിടിച്ചുകയറി എട്ട് പേരുടെ ജീവനാണ് നിമിഷനേരം കൊണ്ട് പൊലിഞ്ഞത്. തമിഴ്‌നാട് ഡിണ്ടിഗൽ പി എസ് എൻ എസ് എൻജിനീയറിംഗ് കോളജിൽ നിന്ന് വിനോദ യാത്രക്കായി കേരളത്തിലെത്തിയ ഏഴ് വിദ്യാർഥികളും ഡ്രൈവറുമാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ പൂർണമായി തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. ശരീരഭാഗങ്ങൾ കാറിന്റെ അവശിഷ്ടങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുകയായിരുന്നുവെന്നാണ് രക്ഷാപ്രവർത്തനം നടത്തിയവർ പറയുന്നത്.
സംസ്ഥാനത്തെ റോഡ് സുരക്ഷാ സംവിധാനത്തെ പ്രതിക്കൂട്ടിൽ നിർത്തുന്നതാണ് ഈ സംഭവം. പ്രത്യേകിച്ച് ദേശീയപാത 66ന്റെ നിർമാണവും ഗതാഗത നിയന്ത്രണവും സംബന്ധിച്ച് നിരന്തരം പരാതികൾ ഉയരുന്ന സാഹചര്യത്തിൽ അധികൃതരുടെ ഉത്തരവാദിത്വരാഹിത്യത്തിലേക്ക് ഇത് വിരൽ ചൂണ്ടുന്നു. അനിവാര്യമാണ് സംസ്ഥാനത്തെ ദേശീയപാതാ വികസനം. അതേസമയം, വികസനപ്രവർത്തനം നടക്കുമ്പോൾ പൊതുജനങ്ങളുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പുവരുത്താനുള്ള നടപടികളും ക്രമീകരണങ്ങളും ഏർപ്പെടുത്താൻ ദേശീയപാതാ അതോറിറ്റിക്കും കരാറുകാർക്കും ഉത്തരവാദിത്വമുണ്ട്.
പ്രധാന റോഡുകളിൽ നിന്ന് സർവീസ് റോഡിലേക്കോ ബൈപാസ്സ് റോഡിലേക്കോ പ്രവേശിക്കേണ്ട ഭാഗങ്ങളിൽ യാതൊരു മുന്നറിയിപ്പുമില്ലാതെ റോഡ് അവസാനിക്കുകയോ തിരിയുകയോ ചെയ്യുമ്പോൾ അപരിചിതരായ ഡ്രൈവർമാർ ആശയക്കുഴപ്പത്തിലാകാനും അപകടം സംഭവിക്കാനും സാധ്യതയുണ്ട്. കയ്പമംഗലത്ത് അപകടം നടന്ന സ്ഥലത്ത് ഹൈവേയിൽ നിന്ന് വാഹനങ്ങൾ സർവീസ് റോഡിലേക്ക് തിരിയേണ്ട ഭാഗത്ത് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിരുന്നില്ല. ദേശീയപാതാ അതോറിറ്റിയുടെ ഈ അനാസ്ഥക്കെതിരെ ശക്തമായി പ്രതികരിച്ചിട്ടുണ്ട് മന്ത്രി ഒ ജെ ജനീഷ്. ഹൈവേയിൽ സൈൻബോർഡുകളും മുന്നറിയിപ്പ് സംവിധാനങ്ങളും ഇല്ലാത്ത സ്ഥലങ്ങൾ കണ്ടെത്തി അടിയന്തരമായി അവ സ്ഥാപിക്കാൻ ജനപ്രതിനിധികളും ജില്ലാ കലക്ടറും പങ്കെടുത്ത യോഗത്തിൽ കർശന നിർദേശം നൽകിയിരുന്നതായും അതോറിറ്റി അത് പാലിച്ചില്ലെന്നും മന്ത്രി പറയുന്നു.
രാത്രികാലങ്ങളിലെ ഹെവി വാഹനങ്ങളുടെ അനിയന്ത്രിതവും നിയമവിരുദ്ധവുമായ പാർക്കിംഗാണ് നിരത്തുകളിലെ മറ്റൊരു പ്രധാനവില്ലൻ. ആവശ്യത്തിനു വെളിച്ചമില്ലാത്ത പാതകളിൽ പാർക്ക് ചെയ്യുന്ന വലിയ ലോറികൾ മറ്റു വാഹനങ്ങളിലെ ഡ്രൈവർമാരുടെ കണ്ണിൽ പെട്ടെന്നുവരില്ല. ദേശീയപാതയോരങ്ങളിലും നിർമാണം നടക്കുന്ന പാതകളിലും വാഹനങ്ങൾ നിർത്തിയിടുന്നത് എവിടെയും പതിവുകാഴ്ചയാണ്. കയ്പമംഗലത്ത് അപകടം നടന്ന നേരത്ത് പനമ്പിക്കുന്ന് സെന്ററിൽ മൂന്ന് ലോറികൾ നിർത്തിയിട്ടിരുന്നതായും അപകടത്തിനു പിന്നാലെ രണ്ട് ലോറികൾ പെട്ടെന്ന് സ്ഥലംവിടുകയായിരുന്നുവെന്നും നാട്ടുകാർ വെളിപ്പെടുത്തുന്നു. സുരക്ഷാ ലൈറ്റുകളോ മുന്നറിയിപ്പ് കോണുകളോ സുരക്ഷാ ബാരിക്കേഡുകളോ ഇല്ലാതെ പാതയോരത്ത് വാഹനങ്ങൾ നിർത്തിയിടുന്നത് കടുത്ത നിയമലംഘനമാണ്. കയ്പമംഗലത്ത് നിർത്തിയിട്ട ലോറിയിലേക്കാണ് കാർ ഇടിച്ചുകയറിയതെന്നത് ശ്രദ്ധേയം. ദേശീയപാതയിലെ ഡിവൈഡറുകൾ മറയുന്ന രീതിയിൽ ലോറി അലക്ഷ്യമായി നിർത്തിയിട്ടതാണ് അപകട കാരണമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ വിലയിരുത്തൽ.
രാത്രികാലങ്ങളിലെ വാഹനങ്ങളുടെ അമിതവേഗമാണ് അപകടങ്ങൾക്ക് മറ്റൊരു കാരണം. രാത്രി പത്തിന് ശേഷം റോഡിലെ തിരക്ക് കുറയുന്നതോടെ വാഹനങ്ങൾ അമിതവേഗത്തിൽ ഓടിക്കുന്നത് ഒരു ശീലമായി മാറിയിരിക്കുന്നു പൊതുവിൽ. ഈ സമയത്ത് വിജനമായ റോഡിൽ വാഹനങ്ങൾ അമിതവേഗത്തിൽ ഓടിക്കുമ്പോൾ ചെറിയൊരു അശ്രദ്ധപോലും വലിയ ദുരന്തത്തിൽ കലാശിക്കും.ഉറക്കച്ചടവും കാഴ്ചക്കുറവും അനിയന്ത്രിത വേഗവും ചേരുമ്പോൾ വാഹനം നിയന്ത്രണംവിടുകയും അപകടത്തിന്റെ ആഘാതം വർധിക്കുകയും ചെയ്യുന്നു.റോഡപകടങ്ങളിൽ ഇരുപത് ശതമാനവും ഉറക്കച്ചടവും അമിതക്ഷീണവും കാരണമാണ് സംഭവിക്കുന്നതെന്നാണ് പഠനങ്ങൾ കാണിക്കുന്നത്. പുതിയ ദേശീയപാത വന്നതോടെ വാഹനങ്ങളുടെ വേഗം പൂർവോപരി വർധിച്ചിട്ടുണ്ട്. അതിനനുസൃതമായി വേഗനിയന്ത്രണ സംവിധാനവും ക്യാമറാധിഷ്ഠിത പരിശോധനയും കർശനമാക്കേണ്ടതുണ്ട്.
അപകടങ്ങൾ സംഭവിക്കുമ്പോൾ മാത്രം ഉണർന്നുപ്രവർത്തിക്കുകയും ഏതാനും ദിവസത്തിനകം പഴയ അവസ്ഥയിലേക്ക് മടങ്ങുകയും ചെയ്യുന്ന ശൈലിയാണ് സംസ്ഥാനത്ത് റോഡപകട നിയന്ത്രണത്തിന്റെ പരാജയത്തിന് കാരണം. താത്കാലിക പ്രതികരണങ്ങൾക്കപ്പുറം സ്ഥിരമായ സുരക്ഷാ സംവിധാനങ്ങളും തുടർച്ചയായ പരിശോധനകളും ഉറപ്പാക്കേണ്ടതുണ്ട്.
ദേശീയപാത വികസനം നടക്കുന്ന എല്ലാ ഭാഗങ്ങളിലും, പ്രത്യേകിച്ച് വഴിതിരിച്ചുവിടുന്ന പോയിന്റുകളിൽ അപായസൂചന നൽകുന്ന റിഫ്ലക്റ്റീവ് ബോർഡുകളും ബ്ലിങ്കർ ലൈറ്റുകളും സ്ഥാപിക്കണം. പാതയോരങ്ങളിൽ വാഹനങ്ങൾ അശാസ്ത്രീയമായി പാർക്ക് ചെയ്യുന്നത് തടയാൻ നൈറ്റ് പട്രോളിംഗ് ശക്തമാക്കുകയും വേണം. രാത്രികാല അമിതവേഗം നിയന്ത്രിക്കാൻ ഹൈവേ പോലീസിന്റെ സാന്നിധ്യം ഉറപ്പാക്കുകയും അത്യാധുനിക സ്പീഡ് റഡാറുകൾ ഉപയോഗിച്ച് നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്യണം. ഇത്തരം സുരക്ഷാ മാനദണ്ഡങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയാൽ മാത്രമേ അപകടനിരക്ക് കുറക്കാനാകൂ. റോഡുകളുടെ ആധുനികവത്കരണം മാത്രമാകരുത് വികസനത്തിന്റെ അളവുകോൽ. എത്ര യാത്രക്കാർ സുരക്ഷിതമായി വീടുകളിൽ തിരിച്ചെത്തുന്നു എന്നതു കൂടിയായിരിക്കണം.




