Connect with us

Kerala

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി എം.വി.ജയരാജന്‍ തുടരും

കണ്ണൂര്‍ ജില്ലാ സമ്മേളനത്തിലാണ് ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരാനുള്ള തീരുമാനമുണ്ടായത്.

Published

|

Last Updated

കണ്ണൂര്‍| സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി എം.വി.ജയരാജന്‍ തുടരും. കണ്ണൂര്‍ ജില്ലാ സമ്മേളനത്തിലാണ് ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരാനുള്ള തീരുമാനമുണ്ടായത്. 2019-ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജന്‍ വടകരയില്‍ സ്ഥാനാര്‍ത്ഥിയായതോടെയാണ് എം.വി.ജയരാജന്‍ കണ്ണൂര്‍ ജില്ലയുടെ തലപ്പത്തേക്ക് എത്തിയത്.

ജില്ലാ സമ്മേളനത്തിന് മുന്‍പേ തന്നെ സെക്രട്ടറി സ്ഥാനത്ത് എം.വി.ജയരാജന് ഒരു ടേം കൂടി നല്‍കാന്‍ സംസ്ഥാന നേതൃത്വത്തിന് ഇടയില്‍ ധാരണയുണ്ടായിരുന്നുവെന്നാണ് സൂചന. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള സമാപന സമ്മേളനം വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സര്‍വ്വകലാശാല വിവാദത്തിലും, വഖഫ് വിവാദത്തിലും മുസ്ലീം ലീഗ് നേതാക്കളുടെ വിവാദ പ്രസ്താവനയിലും മുഖ്യമന്ത്രിക്ക് മറുപടി പറഞ്ഞേക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

തുടര്‍ ഭരണം കിട്ടിയത് ജനങ്ങളെ സേവിക്കാനുള്ള കടമയായി പാര്‍ട്ടി പ്രവര്‍ത്തകര്‍ കാണണമെന്ന് കണ്ണൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പറഞ്ഞിരുന്നു. താഴെ തട്ടിലുയര്‍ന്ന വിമര്‍ശനങ്ങള്‍ക്കെല്ലാം സമ്മേളനം മറുപടി നല്‍കുമെന്നും വ്യക്തികള്‍ പാര്‍ട്ടിക്ക് കീഴ്‌പ്പെട്ട് പോകണമെന്നും ജില്ലാ സെക്രട്ടറി എംവി ജയരാജനും വ്യക്തമാക്കിയിരുന്നു.

എരിപുരത്ത് ചേര്‍ന്ന പ്രതിനിധി സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ള പ്രധാന നേതാക്കള്‍ പങ്കെടുത്തിരുന്നു. 250 സമ്മേളന പ്രതിനിധികളും 53 ജില്ലാ കമ്മറ്റി അംഗങ്ങളും സമ്മേളനത്തില്‍ പങ്കെടുത്തു.

 

Latest