Kerala
മുല്ലപ്പെരിയാര്‍ കേസ്: മുഴുവന്‍ ചുമതലകളും മേല്‍നോട്ട സമതിക്ക് നല്‍കുമെന്ന് സുപ്രീം കോടതി
അതോറിറ്റി നിലവില്‍ വരാന്‍ ഒരു വര്‍ഷം കൂടിയെടുക്കുമെന്നു കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ച പശ്ചാത്തലത്തിലാണ് ഇത്
ന്യൂഡല്‍ഹി | ഡാം സേഫ്റ്റി അതോറിറ്റി നിലവില്‍ വരുന്നതു വരെ നിയമത്തിന്റെ പരിധിയില്‍പ്പെട്ട മുഴുവന്‍ ചുമതലകളും മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിക്കു നല്‍കി ഉത്തരവിറക്കുമെന്ന് സുപ്രീം കോടതി. അതോറിറ്റി നിലവില്‍ വരാന്‍ ഒരു വര്‍ഷം കൂടിയെടുക്കുമെന്നു കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ച പശ്ചാത്തലത്തിലാണ് ഇത്. മേല്‍നോട്ട സമിതിയുടെ നിര്‍ദേശം നടപ്പാക്കുന്നതില്‍ ഇരു സംസ്ഥാനങ്ങളുടെയും ഭാഗത്തു വീഴ്ചയുണ്ടായാല്‍ മേല്‍നോട്ട സമിതിക്കു അപ്പോള്‍ തന്നെ സുപ്രീം കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.
ഹര്‍ജി വ്യാഴാഴ്ച വീണ്ടും കേള്‍ക്കും.മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയെ കൂടുതല്‍ ശാക്തീകരിക്കണമെന്നും പ്രവര്‍ത്തനപരിധിയും ചുമതലകളും കൂടുതല്‍ വിപുലീകരിക്കണമെന്ന ആവശ്യവുമായി കോതമംഗലം സ്വദേശി ജോ ജോസഫ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ സുപ്രധാന ഇടപെടല്‍. മേല്‍നോട്ട സമിതിയെ കൂടുതല്‍ വിപുലീകരിക്കണമെന്ന ആവശ്യം കേരള സര്‍ക്കാരും മുന്നോട്ടുവച്ചിരുന്നു.



