Kerala
ക്വിസ് മത്സരത്തില്‍ വിഡി സവര്‍ക്കറുടെ പേര് ഉള്‍പ്പെടുത്തിയ സംഭവം; അധ്യാപകന്റെ സസ്പെന്‍ഷന്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി
അധ്യാപകനെതിരെയുള്ള വകുപ്പുതല അച്ചടക്ക നടപടികളുമായി അധികൃതര്‍ക്ക് മുന്നോട്ടുപോകാമെന്ന് ജസ്റ്റിസ് വിജു എബ്രഹാം
കൊച്ചി|സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സ്‌കൂള്‍ തലത്തില്‍ നടന്ന എല്‍ പി വിഭാഗം ക്വിസ് മത്സരത്തില്‍ ഹിന്ദുത്വ നേതാവ് വി ഡി സവര്‍ക്കറുടെ പേര് ഉള്‍പ്പെടുത്തിയതിന് സസ്‌പെന്‍ഷനിലായ സ്‌കൂള്‍
അധ്യാപകന്റെ സസ്പെന്‍ഷന്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി. സസ്‌പെന്‍ഷന്‍ ഉത്തരവ് ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു. എന്നാല്‍ അധ്യാപകനെതിരെയുള്ള വകുപ്പുതല അച്ചടക്ക നടപടികളുമായി അധികൃതര്‍ക്ക് മുന്നോട്ടുപോകാമെന്ന് ജസ്റ്റിസ് വിജു എബ്രഹാം വ്യക്തമാക്കി. കേസ് കൂടുതല്‍ വാദങ്ങള്‍ക്കായി സെപ്തംബര്‍ 18ലേക്ക് മാറ്റി.
കാസര്‍കോട് ജില്ലയില്‍ ഓഗസ്റ്റ് ആറിന് സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്ന സ്‌കൂള്‍തല സ്വാതന്ത്ര്യദിന ക്വിസ് മത്സരത്തിലാണ് വിവാദമായ ചോദ്യം ഉള്‍പ്പെടുത്തിയത്. ബ്രിട്ടീഷുകാരുടെ കൈയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി ആരെന്നതാണ് ചോദ്യം. ഇതിന്റെ ഉത്തര സൂചികയില്‍ വി ഡി സവര്‍ക്കര്‍ എന്നാണ് നല്‍കിയിരിക്കുന്നത്. ടൈ ബ്രേയ്ക്കര്‍ ചോദ്യ വിഭാഗത്തില്‍ അഞ്ചാമത്തെ ചോദ്യമായാണ് ഇത് ചേര്‍ത്തിരിക്കുന്നത്.
ചോദ്യോത്തരങ്ങള്‍ വലിയ രാഷ്ട്രീയ-വിദ്യാഭ്യാസ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. തുടര്‍ന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അന്വേഷണം നടത്തുകയായിരുന്നു. അന്വേഷണ റിപ്പോര്‍ട്ടിന്റെയും പൊതുവിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശത്തിന്റെയും അടിസ്ഥാനത്തിലാണ് അധ്യാപകനെതിരെ സസ്‌പെന്‍ഷനും അച്ചടക്ക നടപടികളും സ്വീകരിച്ചത്. എന്നാല്‍ സര്‍ക്കാര്‍ നടപടി കേരള വിദ്യാഭ്യാസ ചട്ടങ്ങള്‍ക്കും ബിസിനസ്സ് റൂള്‍സിനും വിരുദ്ധമാണെന്ന് കാട്ടിയാണ് അധ്യാപകന്‍ റിട്ട് ഹരജി ഫയല്‍ ചെയ്തത്. മെമ്മോ ഓഫ് ചാര്‍ജും സസ്‌പെന്‍ഷന്‍ ഉത്തരവും റദ്ദാക്കണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം. ഹരജിയില്‍ വിശദമായ വാദം കേട്ട ശേഷമാണ് ഹൈക്കോടതി സസ്‌പെന്‍ഷന്‍ താത്കാലികമായി സ്റ്റേ ചെയ്തത്.
Content Highlights:
The Kerala High Court stayed for one month the suspension of a Kasaragod teacher who faced action over a quiz question on VD Savarkar. Justice Viju Abraham permitted departmental proceedings to continue while scheduling the next hearing for September 18. The order follows a writ petition.



