Connect with us

Articles

മണിപ്പൂര്‍: ചക്കിനു വെച്ചത് കൊക്കിന് കൊള്ളുന്നു

ഇന്ത്യന്‍ ഫാസിസത്തിന്റെ മണിപ്പൂര്‍ അജന്‍ഡ അവരെത്തന്നെ തിരിഞ്ഞു കുത്തിത്തുടങ്ങിയതിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്. ഗുജറാത്ത് കലാപം ഹൈന്ദവ വൈകാരികതയെ ജ്വലിപ്പിച്ചു നിറുത്തി തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാന്‍ സംഘ്പരിവാറിന് തുണയായി. എന്നാല്‍ അതുപോലുള്ള സാഹചര്യമല്ല ഇപ്പോള്‍ ഇന്ത്യയില്‍ നിലവിലുള്ളതെന്ന് കാണേണ്ടതുണ്ട്.

Published

|

Last Updated

ഇന്ത്യന്‍ ഫാസിസത്തിന് അതിന്റെ വിഷ വിത്തുകള്‍ പാകി വലിയ തോതില്‍ വെറുപ്പിന്റെ കൃഷിയിറക്കി നൂറ് മേനി കൊയ്യാന്‍ വലിയ അവസരം ലഭിച്ചത് മോദിയുടെ സ്വന്തം മണ്ണായ ഗുജറാത്തില്‍ നിന്നാണ്. വിധിവൈപരീത്യമെന്നേ പറയേണ്ടൂ, ഗുജറാത്ത് മഹാത്മാ ഗാന്ധിജിയുടെ ജന്മദേശവും കൂടിയാണെന്നത് ചരിത്രത്തിന്റെ തിരുമുറിവ് കൂടിയാണ്. ചരിത്രം പലപ്പോഴും അനുകരണീയമാകുന്നത് പോലെ ചിലപ്പോള്‍ വലിയ പ്രഹസനവും ആയേക്കും. ഗാന്ധിജിയുടെയും മോദിജിയുടെയും ജന്മദേശം ഒന്നായതില്‍ ഈ രണ്ട് ഘട്ടങ്ങളും നമുക്ക് വായിച്ചെടുക്കാവുന്നതേയുള്ളൂ. ഗോധ്ര സംഭവവും തുടര്‍ന്നുണ്ടായ വംശീയ കൂട്ടക്കൊലകളും ദീര്‍ഘ കാലത്തെ കാത്തിരിപ്പവസാനിപ്പിച്ച്, ഇന്ത്യയിലെ സവര്‍ണ ഫാസിസത്തിന് തുടക്കം കുറിക്കാന്‍ നല്ല ചാന്‍സ് ഒത്തുവരികയായിരുന്നല്ലോ? വലിയ ആസൂത്രണത്തിന്റെ ഭാഗമായി ലഭിച്ച സുവര്‍ണാവസരം അവര്‍ നന്നായി വിനിയോഗിച്ചു. അതിനുവേണ്ടി ഭരണകൂടത്തിന്റെ മെഷിനറികളെല്ലാം തന്ത്രപരമായി ഉപയോഗിക്കുക കൂടി ചെയ്തപ്പോള്‍ സംഗതി അവര്‍ക്ക് എളുപ്പമാകുകയും ചെയ്തു. പിന്നീട് സംഭവിച്ചതെല്ലാം ഇന്ത്യന്‍ ജനാധിപത്യത്തിനും മതേതരത്വത്തിനും ഏറ്റ മാരകമായ പ്രഹരവുമായി. ഇനി അതില്‍ നിന്ന് അത്ര എളുപ്പത്തിലൊന്നും കരകയറാനാകില്ലെന്ന് അതിന്റെ കെടുതികള്‍ അനുഭവിക്കുന്നവര്‍ക്കും സവര്‍ണ ഫാസിസ്റ്റ് ചെയ്തികള്‍ക്ക് വളം വെച്ചു കൊടുക്കുന്നവര്‍ക്കും ഒരുപോലെ അറിയാം.

വെറുപ്പുത്പാദനത്തിന്റെ വന്‍കിട ഫാക്ടറികള്‍ ഗൂഢമായി പ്രവര്‍ത്തിക്കുന്ന ഗുജറാത്തിനെ വികസനത്തിന്റെ റോള്‍ മോഡലായി ഉയര്‍ത്തിക്കാണിക്കാന്‍ പിന്നീടവര്‍ക്ക് നിരന്തരമായ വ്യാജ പ്രചാരണങ്ങള്‍ കൊണ്ട് സാധിക്കുകയും ചെയ്തു. വന്‍കിട പ്രചാരണ മീഡിയകളെയെല്ലാം വിലക്കെടുത്തു കൊണ്ടാണ് ഭരണകൂടത്തിന്റെ ഫാസിസ്റ്റ് മോഹങ്ങള്‍ക്ക് എളുപ്പത്തില്‍ ചിറക് മുളപ്പിക്കാന്‍ കഴിഞ്ഞത്. ഇത് സമാധാന ജീവിതം കാംക്ഷിക്കുന്ന സാധാരണക്കാരായ ഇന്ത്യക്കാര്‍ക്ക് വലിയൊരു അഴിയാക്കുരുക്കാകുകയും ചെയ്തു. അങ്ങനെ കലാപത്തിനു മുമ്പുള്ള ഗുജറാത്തിന്റെ എല്ലാ ചരിത്രത്തെയും മറവിയുടെ ഗര്‍ത്തത്തിലേക്ക് തള്ളിയിട്ടുകൊണ്ട് മറ്റു പലയിടത്തും പുതിയ ഗുജറാത്തുകള്‍ സൃഷ്ടിക്കാനുള്ള ശ്രമത്തില്‍ അവര്‍ ഏര്‍പ്പെടുകയും ചെയ്തു. കശ്മീരിന് ഇന്ത്യന്‍ ഭരണഘടന അനുവദിച്ചു നല്‍കിയ സവിശേഷമായ സ്ഥാനങ്ങള്‍ റദ്ദ് ചെയ്യപ്പെട്ടു. ദ്വീപ് സമൂഹങ്ങളുടെ പ്രത്യേകാവകാശങ്ങള്‍ കവര്‍ന്നെടുത്തുകൊണ്ട് അവിടെ അരാജകത്വത്തിന് തുടക്കം കുറിക്കാനും ശ്രമങ്ങളുണ്ടായി. അതൊക്കെ ഇപ്പോഴും ശക്തമായി തുടരുകയും ചെയ്യുന്നുണ്ട്.

ഇപ്പോള്‍ വടക്കുകിഴക്കന്‍ മേഖലകളിലും അശാന്തത പടര്‍ത്തി ഗോത്ര സമൂഹങ്ങളില്‍ ഛിദ്രത വളര്‍ത്താനുള്ള ശ്രമങ്ങളും തകൃതിയായി നടക്കുന്നു. ഗുജറാത്തില്‍ വിജയിപ്പിച്ചെടുത്ത വംശീയതയുടെയും കൊടും വര്‍ഗീയതയുടെയും കാര്‍ഡുകള്‍ തന്നെയാണ് ഇവിടങ്ങളിലും അവര്‍ പുറത്തെടുക്കുന്നത്. മണിപ്പൂരിലെ രണ്ട് ഗോത്രവര്‍ഗങ്ങളായ കുകി, മെയ്തി വിഭാഗങ്ങള്‍ക്കിടയില്‍ വലിയ തോതില്‍ വെറുപ്പുത്പാദിക്കുന്നതില്‍ അവര്‍ വിജയം കണ്ടെത്തുകയും ചെയ്തിരിക്കുന്നു. പക്ഷേ “പാണ്ടന്‍ നായയുടെ പല്ലിന് ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല’ എന്ന ചൊല്ലിനെ സാധൂകരിക്കുന്ന തരത്തില്‍ അവിടെ വലിയ തോതില്‍ തിരിച്ചടി നേരിട്ടു കൊണ്ടിരിക്കുകയും വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന് പറഞ്ഞതുപോലെ കാര്യങ്ങള്‍ പിടിവിട്ടുകൊണ്ടിരിക്കുകയുമാണ്. ഗുജറാത്തില്‍ കൂട്ടക്കൊലകള്‍ക്ക് വിധേയമായത് മുസ്‌ലിം ന്യൂനപക്ഷത്തില്‍ പെട്ടവരായതിനാലാകാം അന്താരാഷ്ട്ര തലത്തില്‍ നിന്നുള്ള എതിര്‍പ്പുകള്‍ക്ക് കുറച്ച് കാലതാമസം നേരിട്ടത്. പക്ഷേ മണിപ്പൂരില്‍ നടക്കുന്നത് ക്രിസ്തീയതയെ തുടച്ച് നീക്കാനുള്ള വംശഹത്യയാണെന്നു വരെയുള്ള പ്രതികരണങ്ങള്‍ ഇന്ത്യക്ക് വെളിയില്‍ നിന്ന് തന്നെ വന്നു തുടങ്ങിയത് ശ്രദ്ധിക്കേണ്ട ഒന്നാണ്.

മണിപ്പൂര്‍ സംഭവങ്ങളെ ശക്തിയായി അപലപിച്ച് ഇംഗ്ലണ്ടിലെ ജനസഭ മുന്നോട്ടുവന്നിരിക്കുന്നു. അവിടുത്തെ മത സ്വാതന്ത്ര്യ സമിതിയുടെ അധ്യക്ഷ കൂടിയായ എം പി ഫിയോണബ്രൂസ് വിഷയം ചര്‍ച്ചക്ക് കൊണ്ടുവന്നതായിട്ടാണ് വാര്‍ത്ത. ഭരണത്തലവന് നീണ്ട മൗനത്തിനു ശേഷം “എനിക്ക് ദുഃഖവും സങ്കടവും സഹിക്കാനാകുന്നില്ല’ എന്ന തരത്തില്‍ മൗനം വെടിഞ്ഞ് ഒരു അഴകൊഴമ്പന്‍ പ്രതികരണമാണെങ്കില്‍ പോലും നടത്തേണ്ടി വന്നതില്‍ അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന പ്രതികരണങ്ങള്‍ക്ക് റോളുണ്ട്. അവിടെ നടക്കുന്നത് യഥാര്‍ഥത്തില്‍ ആദിവാസി വേട്ടയാണെന്ന് ചില കോണുകളില്‍ നിന്ന് അഭിപ്രായങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. ഗുജറാത്തില്‍ നടത്തിയതു പോലെയുള്ള ഏകപക്ഷീയ ആക്രമണം മണിപ്പൂരില്‍ വിജയം കാണാനുള്ള സാധ്യത വളരെ വിരളമാണ്. ഇപ്പോള്‍ ഇന്ത്യക്കകത്തും പുറത്തും ശക്തമായ പ്രതിഷേധങ്ങള്‍ നടക്കുന്നു. ഇന്ത്യന്‍ ഫാസിസത്തിന്റെ മണിപ്പൂര്‍ അജന്‍ഡ അവരെത്തന്നെ തിരിഞ്ഞു കുത്തിത്തുടങ്ങിയതിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്. ഗുജറാത്ത് കലാപം ഹൈന്ദവ വൈകാരികതയെ ജ്വലിപ്പിച്ചു നിറുത്തി തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാന്‍ സംഘ്പരിവാറിന് തുണയായി. എന്നാല്‍ അതുപോലുള്ള സാഹചര്യമല്ല ഇപ്പോള്‍ ഇന്ത്യയില്‍ നിലവിലുള്ളതെന്ന് കാണേണ്ടതുണ്ട്. ദക്ഷിണേന്ത്യയില്‍ ആര്‍ എസ് എസിന് ശക്തമായ അടിത്തറയുള്ള സംസ്ഥാനമായിരുന്നു കര്‍ണാടക. അവിടെ പോലും വെറുപ്പിന്റെ രാഷ്ട്രീയത്തില്‍ നിന്ന് അവിടുത്തെ ജനത മാറിച്ചിന്തിക്കാന്‍ തുടങ്ങി. ഇതെല്ലാം സവര്‍ണ ഫാസിസത്തിന് ഓര്‍ക്കാപ്പുറത്തേറ്റ കനത്ത പ്രഹരം തന്നെയായി കരുതണം.

മണിപ്പൂരിലും ചക്കിനു വെച്ചത് കൊക്കിന് കൊള്ളുന്നു എന്ന പഴമൊഴിയെ അനുസ്മരിക്കും വിധം ഫാസിസ്റ്റ് സ്വപ്‌നങ്ങള്‍ക്ക് ഏല്‍ക്കുന്ന കനത്ത തിരിച്ചടിയായിട്ടുണ്ട്. ഗുജറാത്തില്‍ ലഭിച്ച മൈലേജ് തത്കാലം ഇനി മറ്റൊരിടത്ത് നിന്നും എളുപ്പത്തിലൊന്നും ലഭിക്കുകയില്ല എന്ന തിരിച്ചറിവ് മോദിക്കും അമിത് ഷാക്കും സാക്ഷാല്‍ ആര്‍ എസ് എസുകാര്‍ക്ക് പോലും ഉണ്ടായിക്കൊണ്ടിരിക്കുന്നു. അത്തരമൊരു പ്രതീതി ജനിപ്പിക്കാന്‍ മണിപ്പൂരിലെ പാളിയതന്ത്രം കാരണമായി എന്നതാണ് നിലവിലെ അവസ്ഥ.

അതുകൊണ്ട് തന്നെ ക്ഷയിക്കുന്ന ഇന്ത്യന്‍ ഫാസിസത്തിന്റെ ശവപ്പെട്ടിയില്‍ അവസാനത്തെ ആണിയടിക്കലായി മാറും ചിലപ്പോള്‍ മണിപ്പൂരടക്കമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വംശീയ കലാപങ്ങള്‍. കാവ്യനീതി ഏതൊക്കെ രീതിയിലാകും കടന്നുവരിക എന്നത് പ്രവചനാതീതമാകും.

Latest