Connect with us

International

ബ്രിക്‌സ് ഉച്ചകോടി; ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ ഇന്ത്യ സന്ദര്‍ശിച്ചേക്കും

2026-ലെ അധ്യക്ഷ പദവി വഹിക്കുന്ന ഇന്ത്യയാണ് പതിനെട്ടാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ ആതിഥേയത്വം വഹിക്കുന്നത് എന്നതിനാല്‍ സന്ദര്‍ശനത്തിന് വലിയ പ്രാധാന്യമുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി | ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ സെപ്തംബറില്‍ ഇന്ത്യ സന്ദര്‍ശിച്ചേക്കും. ഡല്‍ഹിയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പെസെഷ്‌കിയാന്‍ പങ്കെടുക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപോര്‍ട്ട് ചെയ്തു. 2026-ലെ അധ്യക്ഷ പദവി വഹിക്കുന്ന ഇന്ത്യയാണ് പതിനെട്ടാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ ആതിഥേയത്വം വഹിക്കുന്നത് എന്നതിനാല്‍ സന്ദര്‍ശനത്തിന് വലിയ പ്രാധാന്യമുണ്ട്. ‘സ്ഥിരത, നവീകരണം, സഹകരണം, സുസ്ഥിരത എന്നിവ കെട്ടിപ്പടുക്കല്‍’ (Building for Resilience, Innovation, Cooperation and Sustainabiltiy) എന്ന പ്രമേയത്തിന് കീഴിലാണ് ഇന്ത്യ ഉച്ചകോടി സംഘടിപ്പിക്കുന്നത്. 2026-ന്റെ തുടക്കത്തില്‍ ബ്രസീലില്‍ നിന്നാണ് ഇന്ത്യ ബ്രിക്‌സ് അധ്യക്ഷ പദവി ഏറ്റെടുത്തത്. അമേരിക്കയുടെയും ഇസ്‌റാഈലിന്റെയും സംയുക്ത സേനയും ഇറാനും തമ്മില്‍ ഫെബ്രുവരി 28-ന് പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തെ തുടര്‍ന്ന് പശ്ചിമേഷ്യയില്‍ അനിശ്ചിതത്വവും സംഘര്‍ഷാവസ്ഥയും തുടരുന്നതിനിടയിലാണ് പെസെഷ്‌കിയാന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് അരങ്ങൊരുങ്ങുന്നത്.

2024 ഒക്ടോബറില്‍ റഷ്യയിലെ കസാനില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ പെസെഷ്‌കിയാന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഉഭയകക്ഷി, പ്രാദേശിക വിഷയങ്ങള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. ഈജിപ്ത്, എത്യോപ്യ, യു എ ഇ എന്നിവക്കൊപ്പം 2024-ല്‍ ഇറാന്‍ ബ്രിക്സില്‍ പൂര്‍ണ അംഗമായി. 2025-ല്‍ ഇന്തോനേഷ്യ കൂടി ചേര്‍ന്നതോടെ ഗ്രൂപ്പിലെ പൂര്‍ണ അംഗങ്ങളുടെ എണ്ണം 11 ആയി ഉയര്‍ന്നു.

നേരത്തെ ജൂണില്‍, ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാനായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്ത്യയിലെത്തിയിരുന്നു. ആഗോളതലത്തില്‍ സമാധാനം സ്ഥാപിക്കുന്നതില്‍ ന്യൂഡല്‍ഹിക്കുള്ള വര്‍ധിച്ചുവരുന്ന സ്വാധീനത്തെ യോഗത്തിന് ശേഷം തലസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ, അരാഗ്ചി എടുത്തുപറഞ്ഞു. പശ്ചിമേഷ്യയിലെ സംഘര്‍ഷഭരിതമായ സാഹചര്യം ലഘൂകരിക്കുന്നതില്‍ ഇന്ത്യക്ക് വലിയ പങ്ക് വഹിക്കാന്‍ കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സായുധ സംഘര്‍ഷങ്ങള്‍ക്ക് ഭാവിയില്ലെന്ന് തെഹ്റാന്‍ കരുതുന്നതായും അരാഗ്ചി വ്യക്തമാക്കി. നിലവിലെ പ്രതിസന്ധിക്ക് സൈനിക പരിഹാരമില്ലെന്നും, ചര്‍ച്ചകളിലൂടെയുള്ള ഒത്തുതീര്‍പ്പ് മാത്രമാണ് മുന്നോട്ടുള്ള ഏക പ്രായോഗിക വഴിയെന്നും അരാഗ്ചി പറഞ്ഞിരുന്നു.

Content Highlights: Iranian President Masoud Pezeshkian is expected to visit India to attend the upcoming BRICS summit in New Delhi. The visit is strategically significant for bilateral cooperation, economic ties, and regional stability. Prime Minister Narendra Modi and Pezeshkian are likely to hold key discussions.

 

 

Latest