From the print
വഖ്ഫ് ബോർഡ് പുനഃസംഘടനക്കെതിരെ കടുത്ത പ്രതിഷേധം
നിരവധി അഴിമതി ആരോപണങ്ങൾക്ക് വിധേയനായ മുസ്ലിം ലീഗ് നേതാവ് എം സി മായിൻ ഹാജിയുടെ നേതൃത്വത്തിൽ പുനഃസംഘടിപ്പിക്കപ്പെട്ട വഖ്ഫ് ബോർഡിന്റെ ഘടന പരിശോധിച്ചാൽ വിചിത്രം, ക്രൂരം എന്ന നിഗമനത്തിലേ എത്തിപ്പെടാനാവൂ എന്ന് ഐ എൻ എൽ
കോഴിക്കോട് | നിരവധി അഴിമതി ആരോപണങ്ങൾക്ക് വിധേയനായ മുസ്ലിം ലീഗ് നേതാവ് എം സി മായിൻ ഹാജിയുടെ നേതൃത്വത്തിൽ പുനഃസംഘടിപ്പിക്കപ്പെട്ട വഖ്ഫ് ബോർഡിന്റെ ഘടന പരിശോധിച്ചാൽ വിചിത്രം, ക്രൂരം എന്ന നിഗമനത്തിലേ എത്തിപ്പെടാനാവൂ എന്ന് ഐ എൻ എൽ.
സംഘ്പരിവാറിനോട് മത്സരിച്ചു കൊണ്ടാണ് യു ഡി എഫ് സർക്കാർ പുതിയ ബോർഡിന് രൂപം നൽകിയിരിക്കുന്നത്. 95 ശതമാനം വഖ്ഫ് സ്ഥാപനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ഇരു സമസ്തകളെയും തഴഞ്ഞു എന്ന പരാതി, തീർത്തും രാഷ്ട്രീയക്കണ്ണോടെയാണ് ബോർഡിൽ അംഗത്വം നൽകിയിരിക്കുന്നത് എന്ന യാഥാർഥ്യത്തിലേക്ക് വിരൽ ചൂണ്ടുന്നു. മായിൻ ഹാജിയെ ലീഗിന്റെയും ഇ കെ വിഭാഗത്തിന്റെയും പ്രതിനിധിയായി എണ്ണാമെങ്കിലും സമസ്തയും ലീഗും തമ്മിലുള്ള ആഭ്യന്തര സംഘർഷത്തിന്റെ പ്രതിഫലനം വ്യക്തമായും കാണാനുണ്ട്. കാന്തപുരം വിഭാഗത്തെ പൂർണമായും തഴഞ്ഞ് പ്രതികാരം വീട്ടിയിരിക്കുകയാണ്. സ്ത്രീകൾക്ക് വഖ്ഫ് നിയമം അനുശാസിക്കുന്നതിനപ്പുറം പ്രാതിനിധ്യം വാരിക്കോരി നൽകിയിട്ടുണ്ട്.
മായിൻ ഹാജിയുടെ അഴിമതി പുരണ്ട കരങ്ങളിൽ വഖ്ഫ് ബോർഡ് വീണ്ടും താലത്തിൽ വെച്ച് നൽകിയതിൽ മുസ്ലിം സമൂഹം ഒന്നടങ്കം രോഷാകുലരാണ്. കേസുകളിലെ തെളിവുകൾ നശിപ്പിക്കലും പ്രതികൾക്ക് സംരക്ഷണം നൽകലുമായിരിക്കും പുതിയ ചെയർമാന്റെ ഒന്നാമത്തെ ദൗത്യമെന്നും ഐ എൻ എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.
കൊച്ചി | നാലര വർഷത്തോളം കാലാവധി ബാക്കിയുള്ള വഖ്ഫ് ബോർഡ് പിരിച്ചുവിട്ട് പുതിയ ബോർഡിനെ നിയമിച്ച സർക്കാർ നീക്കം രാഷ്ട്രീയപ്രേരിതമാണെന്ന് പി ഡി പി.
മുസ്്ലിം സമുദായം പവിത്രമായി കരുതി സമുദായത്തിനും സമൂഹത്തിനുമായി വഖ്ഫ് ചെയ്തു നൽകിയ ആരാധനാലയങ്ങളുടെയും ആസ്തികളുടെയും സ്ഥാപനങ്ങളുടെയും കൈകാര്യ ചുമതല വഹിക്കുന്ന വഖ്ഫ് ബോർഡിനെ കേവലം രാഷ്ട്രീയ താത്പര്യങ്ങൾക്കുള്ള ചട്ടുകമാക്കുന്നത് വിശ്വാസി സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് സംസ്ഥാന നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജി പരിഗണിക്കാനിരിക്കെയാണ് കോടതി അവധി ദിനങ്ങൾ മുതലെടുത്ത് വഖ്ഫ് ബോർഡ് പിരിച്ചുവിട്ട് പുതിയ ബോർഡിനെ നിയമിച്ചത്. മുനമ്പത്തെ 404 ഏക്കർ വഖ്ഫ് സ്വത്ത് അന്യാധീനപ്പെടുത്തിയ കൊള്ളസംഘത്തെ സംരക്ഷിക്കാനും കൈയേറ്റക്കാർക്ക് വഖ്ഫ് സ്വത്ത് പതിച്ചു കൊടുക്കാനുമുള്ള സർക്കാർ നിലപാടിന് കൂട്ടുനിൽക്കുന്ന സംഘത്തെ നിയോഗിക്കുകയെന്ന പ്രക്രിയയാണ് തിടുക്കപ്പെട്ട് പൂർത്തിയാക്കുന്നത്.
കോടിക്കണക്കിന് രൂപയുടെ വഖ്ഫ് സ്വത്തുക്കൾ അന്യാധീനപ്പെടുത്തുകയും കൈവശപ്പെടുത്തുകയും ചെയ്ത നിരവധി കേസുകളിൽ പ്രതിസ്ഥാനത്തുള്ളയാളെ തന്നെ ചെയർമാനാക്കുന്നതിലൂടെ സർക്കാറിന്റെ ദുരുദ്ദേശ്യം പകൽ പോലെ വെളിച്ചത്ത് വരികയാണ്. നിലവിലുള്ള വഖ്ഫ് ബോർഡിനെ നിയമവിരുദ്ധമായി പിരിച്ചുവിട്ട് പുതിയ ബോർഡ് തിരഞ്ഞെടുത്ത സർക്കാർ തീരുമാനത്തിനെതിരെ നിയമനടപടികളുമായി പി ഡി പി മുന്നോട്ടുപോകുമെന്നും നേതാക്കൾ
പറഞ്ഞു.
വാർത്താസമ്മേളനത്തിൽ വൈസ് ചെയർമാൻ ടി എ മുഹമ്മദ് ബിലാൽ, ജനറൽ സെക്രട്ടറി മുഹമ്മദ് റജീബ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ടി എ മുജീബ് റഹ്മാൻ, അശ്റഫ് വാഴക്കാല, ജില്ലാ സെക്രട്ടറി ജമാൽ കുഞ്ഞുണ്ണിക്കര പങ്കെടുത്തു.
കോഴിക്കോട് | സ്വന്തം ട്രസ്റ്റുകൾക്ക് കീഴിൽ മാത്രം സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്ന ജമാഅത്തെ ഇസ്ലാമിക്ക് ബോർഡിൽ അംഗത്വം നൽകുകയും ഏറ്റവും കൂടുതൽ സ്വത്തുക്കൾ വഖ്ഫ് ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സമസ്തകളെ ബോർഡിൽ ഉൾപ്പെടുത്താതിരിക്കുകയും ചെയ്ത നടപടി അതീവ ഗൗരവതരമാണെന്ന് നാഷനൽ ലീഗ് സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എൻ കെ അബ്ദുൽ അസീസ്.
കൂടാതെ, ഇ കെ സമസ്ത പുറത്താക്കിയ വ്യക്തിയെ ബോർഡ് അംഗമാക്കിയത് ഇ കെ സമസ്തയോടുള്ള ലീഗിന്റെ പ്രതികാര നടപടിയാണോ എന്ന് സംശയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
നിരവധി വഖ്ഫ് കേസുകളിൽ കുറ്റാരോപിതനായ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം സി മായിൻ ഹാജിയെ വഖ്ഫ് ബോർഡ് ചെയർമാനാക്കിയ സർക്കാർ നടപടി വഖ്ഫ് സ്ഥാപനങ്ങളോടും നടത്തിപ്പുകാരോടുമുള്ള വലിയ വെല്ലുവിളിയാണ്. ഇദ്ദേഹത്തിനെതിരെ നിരവധി വഖ്ഫ് കേസുകൾ നിലവിൽ കോടതി
യിലുണ്ട്.
കോഴിയെ സംരക്ഷിക്കാൻ കുറുക്കനെ ഏൽപ്പിച്ചതു പോലെയാണ് മായിൻ ഹാജിയെ വഖ്ഫ് ബോർഡ് ചെയർമാനാക്കിയതെന്നും അദ്ദേഹം പ്രസ്താവനയിലൂടെ
വ്യക്തമാക്കി.
Content Highlights: INL, PDP, and National League strongly criticized the reconstitution of the Kerala Waqf Board and the appointment of MC Mayin Haji as chairman. Leaders alleged that major Samastha factions were excluded to serve political motives and shield individuals facing corruption allegations. PDP announced legal action against dissolving the previous board before its tenure ended.




