Connect with us

book review

കവിതയിലെ മുഗ്ദ്ധഭാവനകൾ

ലാളിത്യം, ഹാസം, കണിശവും കൃത്യവുമായ വ്യംഗ്യാർഥ പ്രയോഗം, ന്യൂനോക്തി, പൂർവാപരവൈരുദ്ധ്യം (understatement) എന്നിവ ചേർന്ന സവിശേഷവും വൈവിധ്യപൂർണവുമായ കാവ്യശൈലിയാണ് ഷിംബോർസ്ക്കയുടെ കവിതകളെ അക്ഷരലോകത്ത് ഇത്രമേൽ ശ്രദ്ധേയമാക്കുന്നത്. ചരിത്രവസ്തുതകളേയും വൈയക്തിക വികാരങ്ങളെയും പരസ്പരം കൂട്ടിയിണക്കുന്ന എഴുത്തുകാരിയുടെ അന്യാദൃശമായ രചനാതന്ത്രം ഏറെ പ്രകീർത്തിക്കപ്പെട്ടതാണ്.

Published

|

Last Updated

പോളണ്ടിലെ പ്രശസ്ത കവിയും ഉപന്യാസകാരിയും വിവർത്തകയുമായ വിസ്‌ലാവ ഷിംബോർസ്ക്ക (Wisawa Szymborska) 1996 ലെ നൊബേൽ പുരസ്കാര ജേത്രിയാണ്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയരായ യൂറോപ്യൻ കവികളിൽ ഒരാളായി ഇവരെ വിശേഷിപ്പിക്കുന്നു. സമൃദ്ധമായ ബിംബങ്ങൾ, സവിശേഷമായ ശൈലി എന്നിവ ഷിംബോർസ്ക്ക കവിതകളുടെ പ്രധാന സവിശേഷതകളാണ്. തീക്ഷ്ണവൈകാരികതയുടെയും വൈയക്തികഭാവങ്ങളുടെയും മുഗ്ദ്ധസാന്നിധ്യവും അവയിൽ പ്രകടമാകുന്നു. പോളിഷ് സാഹിത്യത്തിലെ ഏറ്റവും ജനപ്രീതി നേടിയ ഈ കവി ഇപ്പോൾ ശതാബ്ദി നിറവിലാണ്.

പടിഞ്ഞാറൻ പോളണ്ടിലെ കോർണിക് എന്ന പട്ടണത്തിൽ 1923 ജൂലൈ രണ്ടിനാണ്‌ ഷിംബോർസ്ക്ക ജനിച്ചത്. ആദ്യകാലത്തെ പേര് മരിയ എന്നായിരുന്നു. കുട്ടിയായിരിക്കുമ്പോൾ തന്നെ അവർ കവിതയോട് തീവ്രമായ ആഭിമുഖ്യം പ്രകടിപ്പിച്ചു. ആ പ്രവിശ്യയിലെ ഒരു പ്രഭുവിന്റെ കാര്യസ്ഥനായിരുന്നു പിതാവ്. മകളുടെ സർഗവാസനയെ നിരന്തരം പ്രോത്സാഹിപ്പിച്ചിരുന്ന അയാൾ അവളുടെ ഓരോ കവിതക്കും ഓരോ നാണയം സമ്മാനമായി നൽകുമായിരുന്നു. പ്രഭുവിന്റെ മരണത്തെത്തുടർന്ന് കുടുംബം ക്രാക്കോ (Krakow) എന്ന പുരാതന നഗരത്തിലേക്ക് താമസം മാറ്റി. രണ്ടാം ലോക മഹായുദ്ധത്തിന്റെ കെടുതികളിൽ നിറം കെട്ടുപോയ ബാല്യമായിരുന്നു ഷിംബോർസ്ക്കയുടെത്. അക്കാലത്ത് ജർമനിയിലേക്ക് നിർബന്ധിത തൊഴിലാളിയായി അയക്കപ്പെടുന്നതിൽ താത്‌പര്യമില്ലാത്തതിനാൽ ഒരു റെയിൽ റോഡ് കമ്പനിയിൽ കുറേക്കാലം അവർക്ക് ജോലി ചെയ്യേണ്ടിവന്നു. അക്ഷരങ്ങളുടെ ലോകത്തേക്കുള്ള ഷിംബോർസ്ക്കയുടെ പ്രവേശം ഇംഗ്ലീഷ് ടെക്സ്റ്റ് പുസ്തകങ്ങൾക്ക് ചിത്രങ്ങൾ വരച്ചുകൊണ്ടായിരുന്നു. പിന്നീട് സോഷ്യോളജിയിലും പോളിഷ് സാഹിത്യത്തിലും ഔപചാരികമായ വിദ്യാഭ്യാസം നേടി. ആദ്യ കവിത “I am Looking for a Word’ 1945 ൽ ഒരു പ്രമുഖ പത്രികയിൽ പ്രസിദ്ധീകരിച്ചതോടെയാണ് ഷിംബോർസ്ക്കയുടെ സാഹിത്യജീവിതത്തിനു തുടക്കമായത്. തുടർന്ന് കുറേക്കാലം അവർ ഒരു സാഹിത്യ മാസികയുടെ കവിതാവിഭാഗം എഡിറ്ററായും കോളമിസ്റ്റായും സേവനമനുഷ്ഠിച്ചു. 1952 ൽ പോളിഷ് റൈറ്റേഴ്‌സ് അസോസിയേഷനിൽ അംഗമായി. സാഹിത്യസംബന്ധിയായ നിരവധി ലേഖനങ്ങളാണ് ആ കാലത്ത് പ്രസിദ്ധീകരിച്ചത്. 1948 ആദം വ്ലോഡെക്ക് എന്ന കവിയെ വിവാഹം കഴിച്ചെങ്കിലും 1954 ൽ ബന്ധം പിരിഞ്ഞു. പിന്നീടുള്ള കാലം നല്ല സുഹൃത്തുക്കളായാണ് രണ്ടുപേരും ജീവിച്ചത്. 1988ൽ പ്രശസ്തമായ പെൻ ക്ലബ്ബിൽ അംഗത്വം (1988), അമേരിക്കൻ അക്കാഡമി ഓഫ് ആർട്സ് ആൻഡ് ലെറ്റേഴ്സിൽ ഓണററി മെമ്പർഷിപ്പ് (2001) എന്നിവ നേടിയ ഷിംബോർസ്ക്ക 2012 ഫെബ്രുവരി ഒന്നിന് അന്തരിച്ചു.

പതിനാറ് കാവ്യസമാഹാരങ്ങളിലായി മുന്നൂറ്റിയൻപതിലധികം കവിതകളാണ് ഷിംബോർസ്ക്കയുടെ തൂലികയിൽനിന്നും വായനാലോകത്തിന് ലഭിച്ചത്. ആദ്യ കവിതാ സമാഹാരം “That is Why We are Alive’ 1952ൽ പ്രസിദ്ധീകരിച്ചു. People on a Bridge (1990), View with a Grain of Sand: Selected Poems (1995), Miracle Fair (2001), Monologue of a Dog (2005) തുടങ്ങിയവയാണ് എഴുത്തുകാരിയുടെ പ്രധാന കവിതാസമാഹാരങ്ങൾ. Nonrequired Reading: Prose Pieces (2002 ) എന്ന പേരിൽ ഇംഗ്ലീഷിൽ അവരുടെ നിരൂപണങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് . ഇവക്ക് പുറമെ നിരവധി ഫ്രഞ്ച് കവിതകൾ പോളിഷ് ഭാഷയിലേക്ക് അവർ വിവർത്തനം ചെയ്തിട്ടുമുണ്ട്. നൊബേൽ പുരസ്‌കാരത്തിനു പുറമെ ഗെയ്ഥേ പുരസ്‌കാരം, ഹെർഡർ പ്രൈസ് , പോളിഷ് പെൻ ക്ലബ്ബ് പ്രൈസ് തുടങ്ങിയ നിരവധി ദേശീയ ബഹുമതികളും ഷിംബോർസ്ക്ക കരസ്ഥമാക്കി. മിക്കവാറും എല്ലാ യൂറോപ്യൻ ഭാഷകളിലും ഇവരുടെ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അന്തർദേശീയ തലത്തിൽ വിപുലമായ വായനാസമൂഹത്തെയാണ് ഈ എഴുത്തുകാരി നേടിയെടുത്തത്.

ലാളിത്യം, ഹാസം, കണിശവും കൃത്യവുമായ വ്യംഗ്യാർഥ പ്രയോഗം, ന്യൂനോക്തി, പൂർവാപരവൈരുദ്ധ്യം (understatement) എന്നിവ ചേർന്ന സവിശേഷവും വൈവിധ്യപൂർണവുമായ കാവ്യശൈലിയാണ് ഷിംബോർസ്ക്കയുടെ കവിതകളെ അക്ഷരലോകത്ത് ഇത്രമേൽ ശ്രദ്ധേയമാക്കുന്നത്. ചരിത്രവസ്തുതകളേയും വൈയക്തിക വികാരങ്ങളെയും പരസ്പരം കൂട്ടിയിണക്കുന്ന എഴുത്തുകാരിയുടെ അന്യാദൃശമായ രചനാതന്ത്രം ഏറെ പ്രകീർത്തിക്കപ്പെട്ടതാണ്. അസ്തിത്വപ്രശ്നങ്ങൾ, സ്വത്വപ്രതിസന്ധി തുടങ്ങി ദൈനംദിന മനുഷ്യജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങളെയും യുദ്ധം, അധിനിവേശം, ഭീകരപ്രവർത്തനം എന്നിവ മനുഷ്യഹൃദയങ്ങളിൽ സൃഷ്ടിക്കുന്ന തീവ്ര യാതനകളേയുമാണ് പല കവിതകളിലും ആവിഷ്കരിക്കുന്നത്. ഉന്നതമായ സമഷ്ടിസ്നേഹവും (empathy) കൽപ്പനാശക്തിയും ഷിംബോർസ്ക്കയുടെ കവിതകളെ ഹൃദ്യവും ജീവസ്സുറ്റതുമാക്കുന്നു. വ്യത്യസ്ത അനുഭവതലങ്ങളെ വ്യത്യസ്ത രീതിയിൽ പ്രകാശിപ്പിക്കുന്ന അവയെ ഒരു പ്രത്യേക കള്ളിയിൽ ഒതുക്കിനിർത്തുക പ്രയാസമാണെന്നതാണ് നിരൂപക മതം.

അങ്ങേയറ്റം വിനയാന്വിതയും പ്രശാന്തമായ മനസ്സിനുടമയുമായിരുന്നു വിസ്‌ലാവ ഷിംബോർസ്ക്ക. സ്വയം ഉയർത്തിക്കാട്ടുവാൻ അവർ ഒരിക്കലും തയ്യാറായില്ല. നൊബേൽ സമ്മാനം പ്രഖ്യാപിച്ച വേളയിൽ നിരവധി അഭിമുഖങ്ങളിൽ അവർ പങ്കെടുക്കുകയുണ്ടായി. സത്യസന്ധവും നിഷ്കളങ്കവുമായ അഭിപ്രായങ്ങൾകൊണ്ട് അവയെയെല്ലാം അവർ അവിസ്മരണീയമാക്കുകയും ചെയ്തു. ഒരിക്കൽ ഒരഭിമുഖത്തിൽ വായനയെക്കുറിച്ച് അവർ പറഞ്ഞത് ഇതാണ്: “ഞാനൊരു പഴമക്കാരിയാണ്. അതുകൊണ്ടുതന്നെ എന്റെ അഭിപ്രായത്തിൽ വായനയാണ് മാനവരാശി ഇതുവരെ കണ്ടെത്തിയ ഏറ്റവും ശ്രേഷ്ഠമായ വിനോദം’ കവിതയെഴുത്തിനെ സാഫല്യമായി കരുതുന്ന ഷിംബോർസ്ക്ക അതിനെതിരെയുള്ള എല്ലാ പരാമർശങ്ങളെയും തള്ളിക്കളയുന്നത് ഇങ്ങനെ പറഞ്ഞുകൊണ്ടാണ് : “കവിതയെഴുതുക എന്ന വിഡ്ഢിത്തമാണ് കവിത എഴുതാതിരിക്കുക എന്ന വിഡ്ഢിത്തത്തെക്കാൾ ഞാൻ ഇഷ്ടപ്പെടുന്നത്.’

Latest