Connect with us

Eduline

ജാമിന് തയ്യാറെടുക്കാം

മാത്തമാറ്റിക്സ്, ഫിസിക്‌സ്, കെമിസ്ട്രി, ഇക്കണോമിക്‌സ്, ജിയോളജി, ബയാടെക്‌നോളജി, മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്‌സ് എന്നിങ്ങനെ ഏഴ് വിഷയങ്ങളിൽ പരീക്ഷ എഴുതാവുന്നതാണ്.

Published

|

Last Updated

ന്ത്യയിലെ മികവിന്റെ കേന്ദ്രങ്ങളായ ശാസ്ത്ര സ്ഥാപനങ്ങളിലെ ഉപരിപഠനം സയൻസ് വിദ്യാർഥികളുടെ സ്വപ്നമാണ്. അത് സ്‌കോളർഷിപ്പ് സഹിതമാണെങ്കിൽ മറ്റൊരു സാക്ഷാത്കാരവും. ഈ വിധത്തിലാഗ്രഹിക്കുന്ന മിടുക്കരായ വിദ്യാർഥികൾക്ക് പ്രമുഖ സ്ഥാപനങ്ങളിൽ പി ജി കോഴ്സുകൾക്ക് ചേരുന്നതിനുള്ള പ്രവേശന പരീക്ഷയാണ് ജാം (ജോയിന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്‌സ്). രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളിൽ ശാസ്ത്ര വിഷയങ്ങൾ പഠിക്കുന്നതിനായി ഈ പരീക്ഷയിലൂടെ പ്രവേശനം നേടാം. അതുവഴി വിദ്യാർഥികൾക്ക് ഉന്നത നിലവാരമുള്ള സയൻസ് ഉപരിപഠനവും യഥാർഥ്യമാക്കാം. സ്‌കോളർഷിപ്പുകൾ/ ഫെലോഷിപ്പുകൾക്കുള്ള അവസരവും ഇതോടൊപ്പമുണ്ട്. ജാം 2027 പരീക്ഷക്ക് ഒക്ടോബർ 12 വരെ ഓൺലൈനിൽ അപേക്ഷിക്കാം.
വിഷയങ്ങൾ ഏതൊക്കെ

മാത്തമാറ്റിക്സ്, ഫിസിക്‌സ്, കെമിസ്ട്രി, ഇക്കണോമിക്‌സ്, ജിയോളജി, ബയാടെക്‌നോളജി, മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്‌സ് എന്നിങ്ങനെ ഏഴ് വിഷയങ്ങളിൽ പരീക്ഷ എഴുതാവുന്നതാണ്.

അപേക്ഷ, യോഗ്യത

അതത് വിഷയങ്ങളിലോ അതുമായി ബന്ധപ്പെട്ട വിഷയങ്ങളിലോ ബിരുദമുള്ളവർക്കും അതുപോലെ അവസാന വർഷ ഡിഗ്രിക്ക് പഠിക്കുന്നവർക്കും അപേക്ഷിക്കാം.

പ്രായപരിധിയോ എഴുതുന്ന അവസരങ്ങൾക്ക് പരിമിതിയോ ഇല്ല. വിഷയങ്ങളുടെ സിലബസ്സ്, മറ്റ് വിശദാംശങ്ങൾ എന്നിവ വെബ്‌സൈറ്റിലെ ഇൻഫർമേഷൻ ബ്രോഷറിൽ ലഭിക്കും.

പരീക്ഷാ ഘടന

ഫെബ്രുവരി 14 ന് കമ്പ്യൂട്ടറധിഷ്ഠിത പരീക്ഷ രണ്ട് സെഷനുകളിലായി നടക്കും. മാത്തമാറ്റിക്‌സ്, കെമിസ്ട്രി, ജിയോളജി എന്നീ വിഷയങ്ങൾ രാവിലെ 9.30- 12.30 വരെയും ഇക്കണോമിക്‌സ്, ഫിസിക്‌സ്, ബയോടെക്‌നോളജി, മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവ ഉച്ചക്ക് ശേഷം 2.30 – 5.30 വരെയും നടക്കും.

ഭിന്നശേഷിക്കാർക്ക് ഒരു മണിക്കൂർ അധിക സമയം ലഭിക്കും. മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ (50 മാർക്ക്), മൾട്ടിപ്പിൾ സെലക്റ്റ് ചോദ്യങ്ങൾ (20 മാർക്ക്), ന്യൂമറിക്കൽ ആൻസർ ടൈപ്പ് (30 മാർക്ക്) എന്നിങ്ങനെ മൂന്ന് തരം ചോദ്യങ്ങൾ പ്രതീക്ഷിക്കാം. ആകെ മാർക്ക് 100. ഇവയിൽ ഒരു മാർക്കിന്റെയും രണ്ട് മാർക്കിന്റെയും ചോദ്യങ്ങൾ ഉൾപ്പെടും.

മൾട്ടിപ്പിൾ ചോയ്‌സ് വിഭാഗത്തിൽ തെറ്റുത്തരത്തിന് നെഗറ്റീവ് മാർക്കുണ്ട്. ഒരു വിദ്യാർഥിക്ക് തന്നെ ഒന്നോ രണ്ടോ വിഷയങ്ങൾ എഴുതാം. അപേക്ഷ ഒന്ന് മതി. പഠിച്ച ബിരുദം, ചേരാനാഗ്രഹിക്കുന്ന കോഴ്‌സിന്റെ ഘടന എന്നിവ ആസ്പദമാക്കിയാണ് പരീക്ഷയുടെ വിഷയങ്ങൾ തിരഞ്ഞെടുക്കേണ്ടത്.

അക്കാദമിക് പ്രോഗ്രാമുകൾ

എം എസ്‌സി/എം എസ്‌സി (ടെക്)/ എം എസ് (റിസർച്ച്)/ എം എസ്‌സി- എം ടെക് ഡ്യൂവൽ ഡിഗ്രി/ ജോയിന്റ് എം എസ്‌സി- പിഎച്ച് ഡി/എം എസ്‌സി – പിഎച്ച് ഡി ഡ്യൂവൽ ഡിഗ്രി തുടങ്ങിയ പഠന പ്രോഗ്രാമുകൾക്കാണ് ജാം സ്‌കോർ വഴി പ്രവേശനം നൽകുന്നത്.

സ്ഥാപനങ്ങൾ

പാലക്കാട് ഉൾപ്പെടെയുള്ള 23 ഐ ഐ ടി (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി)കളിലെല്ലാമായി 90 ന് അടുത്ത് പി ജി പ്രോഗ്രാമുകളുണ്ട്. ഇവയിലെ 3,000ത്തോളം സീറ്റുകളിലെ പ്രവേശനം ജാം സ്‌കോറിന്റെ അടിസ്ഥാനത്തിലാണ്. കോഴിക്കോട് ഉൾപ്പെടെയുള്ള 31 എൻ ഐ ടി (നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി) കളിലെ 2,300നടുത്ത് വരുന്ന സീറ്റുകളിലും പ്രവേശനം നൽകുന്നത് ജാം വഴിയാണ്. പുണെ, ഭോപ്പാൽ ഐസ്‌റു (ഇന്ത്യൻ ഇൻസ്റ്റിറ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച്)കൾ എന്നിവിടങ്ങളിലെ പി ജി പ്രോഗ്രാമുകൾക്ക് ജാം സ്‌കോർ പരിഗണിക്കുന്നു. കൂടാതെ ജവഹർലാൽ നെഹ്‌റു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ച് ബെംഗളൂരു, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം എനർജി, വിശാഖപട്ടണം, ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ടെക്‌നോളജി, പുണെ തുടങ്ങിയ 30ൽ പരം പ്രശസ്ത സ്ഥാപനങ്ങളിലെ വിവിധ ബിരുദാനന്തര കോഴ്‌സുകളിലെ രണ്ടായിരത്തിലധികം സീറ്റുകളിലെ പ്രവേശനവും ജാം സ്‌കോർ കണക്കിലെടുത്താണ് നടത്തുന്നത്. ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് സയൻസിലെ പി ജി, ഇന്റഗ്രേറ്റഡ് പി ജി പ്രോഗ്രാമുകളുടെ പ്രവേശനത്തിനും ജാം സ്‌കോർ വേണം.

പരീക്ഷാ കേന്ദ്രങ്ങൾ

സെപ്തംബർ അഞ്ച് മുതൽ അപേക്ഷ നൽകാം. പരീക്ഷക്ക് കേരളത്തിൽ പയ്യന്നൂർ, കണ്ണൂർ, വടകര, കോഴിക്കോട്, പാലക്കാട്, തൃശൂർ, എറണാകുളം, ആലപ്പുഴ, കോട്ടയം, കൊല്ലം എന്നിവിടങ്ങളിൽ കേന്ദ്രങ്ങൾ ലഭിക്കും.
മൂന്ന് കേന്ദ്രങ്ങൾ അപേക്ഷയിൽ തിരഞ്ഞെടുക്കാവുന്നതാണ്.

ഇതിലെ വിവരങ്ങളോടൊപ്പം പ്രോസ്പെക്റ്റസിലെ വിശദാംശങ്ങൾ മനസ്സിലാക്കി അപേക്ഷ സമർപ്പിക്കുക. അഡ്മിറ്റ് കാർഡ് ജനുവരി ആദ്യത്തെ ആഴ്ചയിൽ തന്നെ വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയത് എടുക്കാം.

ഫലപ്രഖ്യാപനം മാർച്ച് 18ന് ഉണ്ടാകും. ഇത്തവണ ഐ ഐ ടി ഖരഗ്പൂറാണ് പരീക്ഷയുടെ ചുമതല നിർവഹിക്കുന്നത്. വിവരങ്ങൾക്ക്: www.jam.iitkg.ac.in, iitkgp.ac.in. ഫോൺ: 0322/2282091,2282095.

Content Highlights: The Joint Admission Test for Masters 2027 notification has been released for postgraduate admissions in premier science institutes including IITs, NITs, and IISc. Online applications open on September 5 and can be submitted through the official portal until October 12. The computer-based test for seven subjects will take place on February 14 across two sessions.