Connect with us

Ongoing News

ഈസ്റ്റ് യുണൈറ്റഡിനെ ഗോളില്‍ മുക്കി ഹൈദരാബാദ്; വിജയം മറുപടിയില്ലാത്ത അഞ്ച് ഗോളിന്

Published

|

Last Updated

ഫത്തോര്‍ദ | ഐ എസ് എലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകര്‍ത്ത് തരിപ്പണമാക്കി കുതിപ്പ് ഹൈദരാബാദ് എഫ് സി. ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്കാണ് ഹൈദരാബാദിന്റെ വിജയം. ബര്‍ത്തലോമ്യു ഓഗ്ബെച്ചെ രണ്ട് ഗോളുകള്‍ നേടിയ മത്സരത്തില്‍ ആകാശ് മിശ്ര, നിഖില്‍ പൂജാരി, എഡു ഗാര്‍ഷ്യ എന്നിവരും സ്‌കോര്‍ ചെയ്തു. മത്സരം തുടങ്ങി മൂന്നാം മിനുട്ടില്‍ തന്നെ ഒഗ്ബെച്ചെയുടെ ആദ്യ ഗോള്‍ പിറന്നു. ജാവോ വിക്ടറിന്റെ ഹെഡ്ഡര്‍ പോസ്റ്റിലിടിച്ചു വന്ന റീബൗണ്ട് ഓഗ്ബെച്ചെ ലക്ഷ്യത്തിലേക്ക് പായിക്കുകയായിരുന്നു. ആദ്യ പകുതി അവസാനിക്കാനിരിക്കേ ആകാശ് മിശ്ര ഈസ്റ്റ് വല വീണ്ടും ചലിപ്പിച്ചു. ജോയല്‍ ചിയാനീസിന്റെ കോര്‍ണര്‍ കിക്ക് കിടിലന്‍ ഹെഡ്ഢറിലൂടെ മിശ്ര ഗോളിലേക്ക് തിരിച്ചുവിടുകയായിരുന്നു (2-0).

60 ാം മിനുട്ടില്‍ ഓഗ്ബച്ചെ മത്സരത്തിലെ തന്റെ രണ്ടാം ഗോളും ഹൈദരാബാദിന്റെ മൂന്നാം ഗോളും നേടി (3-0). നിഖില്‍ പൂജാരിയുടെ വകയായിരുന്നു ഹൈദരാബാദിന്റെ നാലാം ഗോള്‍. നിഖിലിന്റെ ലോങ് റേഞ്ചര്‍ സെക്കന്‍ഡ് പോസ്റ്റിന് അരികിലൂടെ വലയില്‍ തറച്ചു (4-0). 88 ാം മിനുട്ടില്‍ പകരക്കാരനായി എത്തിയ എഡ്യു ഗാര്‍ഷ്യയും ഗോള്‍ നേടി. ഹാവിയര്‍ സിവേറിയോയുടെ പാസ് സ്വീകരിച്ച ഗാര്‍ഷ്യ ഗോള്‍കീപ്പറുടെ കാലുകള്‍ക്കിടയിലൂടെ പന്ത് വലയിലാക്കുകയായിരുന്നു. (5-0).

വിജയത്തോടെ ഹൈദരാബാദ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി.14 മത്സരങ്ങളില്‍ നിന്നായി 26 പോയിന്റുകളാണ് ഹൈദരാബാദിനുള്ളത്. എന്നാല്‍, 15 മത്സരങ്ങളില്‍ നിന്ന് വെറും 10 പോയിന്റ് മാത്രമുള്ള നോര്‍ത്ത് ഈസ്റ്റിന്റെ മുന്നോട്ടുള്ള സാധ്യതകള്‍ മങ്ങി. ആദ്യ പാദ മത്സരത്തിലും ഹൈദരാബാദ് നോര്‍ത്ത് ഈസ്റ്റിനെ എതിരില്ലാത്ത അഞ്ചുഗോളിന് തോല്‍പ്പിച്ചിരുന്നു.

 

Latest