Kerala
വീട്ടമ്മയെ കടന്നുപിടിക്കാന്‍ ശ്രമിച്ചത് തടഞ്ഞ ഭര്‍ത്താവിന്റെ കൈപ്പത്തിക്ക് വെട്ടി; പ്രതി അറസ്റ്റില്‍
മദ്യപിച്ച് സ്ത്രീകളെ അസഭ്യം പറയുന്നതും കടന്നുപിടിക്കുന്നതും പതിവാക്കിയ ഷിബു നിരവധി ക്രിമിനല്‍ കേസുകളിലും പ്രതിയാണ്.
ആലപ്പുഴ| ആലപ്പുഴയില്‍ വീട്ടമ്മയെ കടന്നുപിടിക്കാന്‍ ശ്രമിച്ചത് തടഞ്ഞ ഭര്‍ത്താവിന്റെ കൈപ്പത്തി വെട്ടിപ്പരുക്കേല്‍പിച്ച കേസിലെ പ്രതി അറസ്റ്റില്‍. പള്ളിപ്പാട് സ്വദേശി ഷിബു (45) ആണ് ഹരിപ്പാട് പോലീസിന്റെ പിടിയിലായത്. അക്രമം നടത്തി പ്രതി ഒളിവിലായിരുന്നു. മാന്നാര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 107 പടശേഖരത്തിന് സമീപമുള്ള മോട്ടോര്‍ തറയില്‍ ഷിബു ഒളിവില്‍ കഴിയുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതനുസരിച്ച് പോലീസ് സംഘം കഴിഞ്ഞ ദിവസം സ്ഥലത്തെത്തിയതോടെ പ്രതി പോലീസിനെ കണ്ട് അച്ചന്‍കോവിലാറ്റിലേക്ക് ചാടുകയായിരുന്നു. തുടര്‍ന്ന് മുങ്ങിത്താഴാന്‍ തുടങ്ങിയ ഇയാളെ പോലീസ് സംഘം സാഹസികമായി രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ച് അറസ്റ്റ് ചെയ്തു.
കുറേ സമയം നീന്തിയതിനെത്തുടര്‍ന്ന് അവശനായി ആറ്റില്‍ മുങ്ങിപ്പോകാന്‍ തുടങ്ങിയ ഷിബുവിനെ പോലീസുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി കരയ്‌ക്കെത്തിക്കുകയായിരുന്നു. മദ്യപിച്ച് സ്ത്രീകളെ അസഭ്യം പറയുന്നതും കടന്നുപിടിക്കുന്നതും പതിവാക്കിയ ഷിബു നിരവധി ക്രിമിനല്‍ കേസുകളിലും പ്രതിയാണ്.




