Connect with us

feature

ജൈവകൃഷിയുടെ ഗുരു

വീട്ടുകാരുടെ ആഗ്രഹം അവനെ ഒരു ശാസ്ത്രജ്ഞനാക്കണമെന്നായിരുന്നു. അങ്ങനെയാണെങ്കിൽ കൃഷിശാസ്ത്രമല്ലാതെ മറ്റു ശാസ്ത്രങ്ങൾ പഠിക്കാൻ താനില്ലെന്നു ഉറപ്പിച്ചു പറഞ്ഞു. രാജ്യത്തിന്റെ ഭാവികൃഷിയിലാണെന്നു അവൻ വിശദീകരിച്ചപ്പോൾ രക്ഷിതാക്കൾ മറുത്തൊന്നും പറഞ്ഞില്ല.

Published

|

Last Updated

കാവേരി നദിയും ചുറ്റുമുള്ള പച്ചപ്പും കണ്ടു വളർന്ന ആ ബാലൻ സ്‌കൂളിലെ അവസാനത്തെ ബെല്ലിനായി കാതോർക്കാറ് വയലിലിറങ്ങി മുതിർന്നവരെ കൃഷിയിൽ സഹായിക്കാനായിരുന്നു. അവൻ വീട്ടിലേക്കു മടങ്ങുമ്പോൾ ഒപ്പം കാലികളും കൂട്ടിനുണ്ടാകും.
വീട്ടുകാരുടെ ആഗ്രഹം അവനെ ഒരു ശാസ്ത്രജ്ഞനാക്കണമെന്നായിരുന്നു. അങ്ങനെയാണെങ്കിൽ കൃഷിശാസ്ത്രമല്ലാതെ മറ്റു ശാസ്ത്രങ്ങൾ പഠിക്കാൻ താനില്ലെന്നു ഉറപ്പിച്ചു പറഞ്ഞു. രാജ്യത്തിന്റെ ഭാവികൃഷിയിലാണെന്നു അവൻ വിശദീകരിച്ചപ്പോൾ രക്ഷിതാക്കൾ മറുത്തൊന്നും പറഞ്ഞില്ല.

ജൈവ കർഷകരുടെ ഗുരുവെന്നറിയപ്പെട്ടിരുന്ന നമ്മാൾ വാർ എന്ന കൃഷി വിദഗ്ധന്റെ ജീവിതം തുടങ്ങുന്നത് അവിടെനിന്നാണ്. രാജ്യത്ത് ജൈവകൃഷി പ്രസ്ഥാനത്തിന് വ്യാപകമായി തുടക്കമിട്ടു. ഭക്ഷ്യവിളകൾ അധികരിപ്പിക്കുന്നതിലും ജനിതകമാറ്റം വരുത്തിയ വിളകളുടെ അപകടാവസ്ഥ ബോധ്യപ്പെടുത്തിയും കാർഷിക മേഖലയിൽ പരിവർത്തനം വരുത്തിയ ശാസ്ത്രജ്ഞനാണ് നമ്മാൾ വാർ. തമിഴ്നാട്ടിലെ പ്രമുഖ കാർഷിക കേന്ദ്രമായ കാവേരി ഡെൽറ്റ മേഖലയിൽ അമേരിക്കൻ കമ്പനി മിഥേൽ വാതക പ്ലാന്റ്സ്ഥാപിക്കാൻ ഒരുങ്ങിയപ്പോൾ കർഷകരെ സംഘടിപ്പിച്ചു പ്രതിഷേധ സമരങ്ങൾക്ക് നേതൃത്വം നൽകി അദ്ദേഹം. അതോടെ ആ തീരുമാനം അധികൃതർ ഉപേക്ഷിച്ചു.
തമിഴ് നാട്ടിലെ തഞ്ചാവൂരിലെ കാർഷിക കുടുംബത്തിൽ 1943 ഏപ്രിൽ ആറിന് ജനിച്ച നമ്മാൾ വാർ അണ്ണാമലൈ യൂനിവേഴ്സിറ്റിയിൽ നിന്ന് ബി എസ് സി അഗ്രികൾച്ചർ ബിരുദം നേടി . കോവിൽ പട്ടിയിൽ സർക്കാർ സ്ഥാപനമായ അഗ്രികൾച്ചറൽ റീജ്യനൽ റിസർച്ച് സെന്ററിൽ ശാസ്ത്രജ്ഞനായി ചേർന്നു. 1901ൽ ബ്രിട്ടീഷുകാർ ഇന്ത്യയിൽ ആരംഭിച്ച ആദ്യത്തെ കാർഷിക ഗവേഷണ കേന്ദ്രമായിരുന്നു അത്. തമിഴ്‌നാട്ടിലെ ഏറ്റവും വരണ്ട സ്ഥലമായിരുന്നു കോവിൽപട്ടി. സംസ്ഥാനത്തിന്റെ ഏറ്റവും പച്ചപ്പുള്ള തഞ്ചാവൂരിൽ നിന്നുള്ള നമ്മാൾ വാറിന്റെ ജീവിതം മാറ്റിമറിച്ചത് കോവിൽ പട്ടിയിലെ വരണ്ടുണങ്ങിയ ഭൂമിയാണ്. ജോവർ, ബജ്‌റ, റാഗി, തിന, പയർ, പരുത്തി എന്നിവയുടെ വിത്തിറക്കി. ആ പരീക്ഷണം വിജയമായിരുന്നു. എന്നാൽ, രാസവളങ്ങൾ കൊണ്ടുള്ള കൃഷി രീതി മണ്ണിനെയും ജീവജാലങ്ങളെയും നശിപ്പിക്കുമെന്ന് ഏറെ വൈകാതെ നമ്മാൾ വാർ തിരിച്ചറിഞ്ഞു. ജൈവവള പ്രയോഗത്തിലൂടെ കൃഷിയെ എങ്ങനെ പുനരുജ്ജീവിപ്പിക്കാം എന്നതായി അടുത്ത പരീക്ഷണം. പക്ഷേ,സഹ പ്രവർത്തകരിൽ നിന്നോ അധികൃതരിൽ നിന്നോ കാര്യമായ പിന്തുണ ലഭിച്ചില്ല. ഇതു കാരണം റിസർച്ച് സെന്ററിൽ നിന്ന് രാജിവെച്ചു.

നൊബേൽ സമ്മാന ജേതാവായ ആർപി ഡൊമിനിക് പയർ സ്ഥാപിച്ച ബെൽജിയം കേന്ദ്രമായി പ്രവർത്തിക്കുന്ന ഐലൻഡ് ഓഫ് പീസ് ഒാർഗനൈസേഷനിൽ കൃഷി ശാസ്ത്രജ്ഞനായി ചേർന്നു . തിരുനെൽവേലി ജില്ലയിലെ കളക്കാടിനെ മതൃകാ ബ്ലോക്കായി തിരഞ്ഞെടുത്തു. രാസവളം ഉപയോഗിക്കാതെ കാലിവളം മാത്രമുപയോഗിച്ചു കൃഷിനടത്താൻ നാട്ടുകാരെ പ്രേരിപ്പിച്ചു. കൃഷിയിൽ നിന്ന് ലഭിച്ച അമിത ഉത്പാദനം കർഷകരെ രാസവള പ്രയോഗത്തിൽ നിന്നും പൂർണമായും മാറ്റിനിർത്തി. രാസവളം മണ്ണിനെയും മനുഷ്യരെയും നശിപ്പിക്കുമെന്ന സന്ദേശം കർഷകർ ഉൾക്കൊണ്ടു. അനുഭവത്തിലൂടെ അവർക്ക് അത് ശരിയാണെന്ന് ബോധ്യമാവുകയും ചെയ്തു. തുടർന്ന് അദ്ദേഹം ജൈവ വളപ്രയോഗത്തിന്റെ ആവശ്യകത അധികൃതരെ ബോധ്യപ്പെടുത്തി. ജലസേചനം കുറഞ്ഞ പ്രദേശങ്ങളിൽ രാസ വളപ്രയോഗം കൃഷിയെ ദോഷകരമായി ബാധിക്കുമെന്ന വസ്തുത തെളിവുസഹിതം നമ്മാൾവാർ ബന്ധപ്പെട്ടവരെ അറിയിച്ചു. ഇതോടൊപ്പം ജൈവവള കൃഷിയെ പ്രോത്സാപ്പിക്കുന്നതിനായി ഗ്രാമീണരെ സംഘടിപ്പിച്ചു. 1979ൽ കർഷകരുടെ സൊസൈറ്റി രൂപവത്കരിച്ചു. സൊസൈറ്റിയുടെ പ്രവർത്തനം സംസ്ഥാനത്തെങ്ങും വ്യാപിപ്പിച്ചു.

റോമിലെ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ പ്രസിദ്ധീകരിച്ച ഐഡിയ ആൻഡ് ആക്്ഷൻ മാസികയിൽ പ്രമുഖ ചിന്തകനായ പൗലോ ഫ്രെയർ എഴുതിയ പങ്കാളിത്ത വികസനത്തെയും പങ്കാളിത്ത വിദ്യാഭ്യാസത്തെയും കുറിച്ചുള്ള ലേഖനത്തിൽ ജനങ്ങളുടെ ക്ഷേമം ലക്ഷ്യമാക്കുന്നവർ അവരുടെ തലത്തിലേക്ക് പോകണം എന്ന വരി അദ്ദേഹത്തെ സ്വാധീനിച്ചു. പാശ്ചാത്യ ജീവിതവും വേഷവും അനുകരിച്ചിരുന്ന നമ്മാൾ വാർ വേഷത്തിലും പെരുമാറ്റത്തിലും മനോഭാവത്തിലും മാറ്റം വരുത്തി. മറ്റു കർഷകരോടൊപ്പം അവരുടെ വേഷത്തിൽ പാടത്തും പറമ്പിലുമിറങ്ങി പണി ചെയ്തു. നമ്മാൾ വാറിന്റെ മണ്ണിനെ സംരക്ഷിച്ചുകൊണ്ടുള്ള കാർഷിക രീതി രാജ്യത്തിന് പുറത്തും സ്വീകാര്യത നേടി. ഗാന്ധി ഗ്രാം റൂറൽ യൂനിവേഴ്സിറ്റി 1973ല്‍ അദ്ദേഹത്തെ ഡോക്ടറേറ്റ് നൽകി ആദരിച്ചു. 2004ൽ സംഭവിച്ച സുനാമി ദുരിതത്തിൽ പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനും ദുരിത പ്രദേശങ്ങളിൽ കൃഷി പുനരുജ്ജീവിപ്പിക്കുന്നതിനും നമ്മാൾ വാർ നടത്തിയ സേവനം ശ്രദ്ധിക്കപ്പെട്ടു. ഏറ്റവും കൂടുതൽ സുനാമി നാശം വിതച്ച ഇന്തോനേഷ്യയും അദ്ദേഹത്തിന്റെ സേവനം ഉപയോഗപ്പെടുത്തി. കൃഷിയെക്കുറിച്ച് ലളിതമായ ഭാഷയിലും ശൈലിയിലും തമിഴ്, ഇംഗ്ലീഷ് ഭാഷകളിലായി ഒരു ഡസനിലേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 2003 ഡിസംബർ 30ന് 75-ാമത്തെ വയസ്സിൽ നമ്മാൾ വാർ വിടവാങ്ങി.

---- facebook comment plugin here -----

Latest