Connect with us

Alappuzha

നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് നാല് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

ഇന്ന് ഉച്ചക്ക് ഒന്നരയോടെ ദേശീയപാതയില്‍ തുറവൂര്‍ തെക്ക് പുത്തന്‍ചന്ത കവലയിലായിരുന്നു അപകടം.

Published

|

Last Updated

തുറവൂര്‍ | നിയന്ത്രണംവിട്ട മാരുതി കാര്‍ ഇടിച്ച് നാല് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്. സംസ്‌കൃത സര്‍വകലാശാല തുറവൂര്‍ പ്രാദേശിക കേന്ദ്രത്തിലെ വിദ്യാര്‍ഥിനികളായ തുറവൂര്‍ വളമംഗലം പുത്തന്‍പറമ്പില്‍ രവിയുടെ മകള്‍ നിഖിത (19), മുഹമ്മ കാവിപ്പുറം മറ്റത്തില്‍ വീട്ടില്‍ ഗിരീഷിന്റെ മകള്‍ നന്ദന (19), എരമല്ലൂര്‍ സ്വദേശി ഷിജുവിന്റെ മകള്‍ വിഷ്ണുപ്രിയ (19), മുഹമ്മ സ്വദേശി പ്രകാശന്റെ മകള്‍ അശ്വതി (19) എന്നിവര്‍ക്കാണ് പരുക്കേറ്റത്.

ഇന്ന് ഉച്ചക്ക് ഒന്നരയോടെ ദേശീയപാതയില്‍ തുറവൂര്‍ തെക്ക് പുത്തന്‍ചന്ത കവലയിലായിരുന്നു അപകടം. ക്ലാസ് കഴിഞ്ഞ് കോളജില്‍ നിന്ന് ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോള്‍ തുറവൂര്‍ ഭാഗത്ത് നിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് വിദ്യാര്‍ഥികളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

ഓടിക്കൂടിയ നാട്ടുകാരും സഹപാഠികളും ചേര്‍ന്ന് ഗുരുതരമായി പരുക്കേറ്റ നിഖിത, വിഷ്ണുപ്രിയ, അശ്വതി എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും നന്ദനയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരോടൊപ്പം ഉണ്ടായിരുന്ന തുറവൂര്‍ സ്വദേശി നവമി നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. പരുക്കേറ്റ കാര്‍ ഡ്രൈവറെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് കാറിന്റെ നിയന്ത്രണം വിട്ടതാകാം അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ കുത്തിയതോട് പോലീസ് കേസെടുത്തു .

 

Latest