Connect with us

Kuwait

പ്രവാസികളുടെ ലൈസന്‍സ് റദ്ദാക്കുന്നത് ട്രാഫിക് നിയന്ത്രണത്തിന് പരിഹാരമല്ലെന്ന് മുന്‍ ട്രാഫിക് വിഭാഗം അണ്ടര്‍ സെക്രട്ടറി

ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നത് നിര്‍ത്തലാക്കുന്ന മറ്റൊരു രാജ്യവും ലോകത്ത് ഉണ്ടായിരിക്കില്ല.

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തില്‍ ഗതാഗത കുരുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പ്രവാസികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നിഷേധിക്കുന്നത് പരിഹാര മാര്‍ഗമല്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് വിഭാഗം മുന്‍ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി റിട്ട. ലെഫ്റ്റനന്റ് ജനറല്‍ ഫഹദ് അല്‍-ഷുവായ. ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നത് നിര്‍ത്തലാക്കുന്ന മറ്റൊരു രാജ്യവും ലോകത്ത് ഉണ്ടായിരിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യത്തെ കനത്ത ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രാദേശിക അറബ് ദിനപത്രത്തിന്റെ നേതൃത്വത്തില്‍ വിദഗ്ധരെ ഉള്‍പ്പെടുത്തി സംഘടിക്കപ്പെട്ട ചര്‍ച്ചയിലാണ് ഫഹദ് അല്‍-ഷുവായ ഇക്കാര്യം തുറന്നടിച്ചത്. പ്രശ്‌നത്തിന്റെ മുഖ്യ കാരണം രാജ്യത്തെ ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ തമ്മിലുള്ള ഏകോപനത്തിന്റെ അഭാവമാണ്. വിഷയത്തില്‍ ആഭ്യന്തര മന്ത്രാലയത്തെ മാത്രം കുറ്റപ്പെടുത്തുന്നതിനു പകരം പ്രശ്‌നം പരിഹരിക്കുന്നതിന് ആഭ്യന്തര, തൊഴില്‍, ആരോഗ്യ, വ്യാപാര, മുന്‍സിപ്പാലിറ്റി മന്ത്രാലയങ്ങളെ ഉള്‍പ്പെടുത്തി ഉന്നതതല സമിതി രൂപവത്കരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ മുഴുവന്‍ അധികാരികളുടെയും മന്ത്രാലയങ്ങളുടെയും പൂര്‍ണ പിന്തുണയും സഹകരണ വും ഇതിന് അത്യാവശ്യമാണ്. 1980 മുതല്‍ നാം ഫിഫ്ത് റിങ്, ഫോര്‍ത്ത് റിങ്, കിങ് ഫഹദ് എക്‌സ്പ്രസ്, റിയാദ് എക്‌സ്പ്രസ്, കിങ് ഫൈസല്‍ എക്‌സ്പ്രസ്, അല്‍-ഗസാലി എക്‌സ്പ്രസ് എന്നീ റോഡുകള്‍ നിര്‍മിക്കാന്‍ തുടങ്ങി. പക്ഷേ ബഹുജന ഗതാഗത സംവിധാനത്തെ അവഗണിക്കുകയും ചെയ്തു. ബഹുജന ഗതാഗത സംവിധാനം വിപുലമാക്കുക എന്നതല്ലാതെ രാജ്യം ഇപ്പോള്‍ നേരിടുന്ന ഗതാഗത കുരുക്കിന് മറ്റൊരു പരിഹാരവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രവാസികള്‍ക്ക് ബഹുജന ഗതാഗത സംവിധാനം നല്‍കിയാല്‍ അവര്‍ക്ക് ഡ്രൈവിങ് ലൈസന്‍സോ കാറോ ആവശ്യമില്ല. ഇതിലൂടെ അവര്‍ക്ക് പണം ലാഭിക്കുകയും ചെയ്യാം. ഇതിനു യൂറോപ്യന്‍ രാജ്യങ്ങളെ മാതൃകയാക്കണമെന്നും ഫഹദ് അല്‍ ശുവായ ആവശ്യപ്പെട്ടു. രാജ്യത്തെ കനത്ത ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി റംസാന്‍ മാസത്തില്‍ സര്‍ക്കാര്‍ കാര്യാലയങ്ങളുടെ പ്രവര്‍ത്തന സമയം മൂന്ന് ഷിഫ്റ്റുകളിലായി വിഭജിച്ചു നല്‍കിയിരുന്നു. എന്നാല്‍ നടപടി വന്‍ പരാജയമായി എന്നതാണ് വസ്തുത. ഈ സാഹചര്യത്തിലാണ് ഗതാഗത കുരുക്കുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്നത്.

 

---- facebook comment plugin here -----

Latest