UAE
ഫ്ലൈ ദുബൈ കോക്ക്പിറ്റ് തർക്കം; അന്വേഷണ സംഘത്തെ നിയോഗിച്ച് അറ്റോർണി ജനറൽ
തീവ്രവാദ ബന്ധമോ മുൻകൂട്ടിയുള്ള ആസൂത്രണമോ ഉണ്ടോയെന്ന് പരിശോധിക്കും
അബൂദബി | ദുബൈയിൽ നിന്ന് ടെൽ അവീവിലേക്ക് പോകുകയായിരുന്ന ഫ്ലൈദുബൈ വിമാനത്തിന്റെ കോക്ക്പിറ്റിൽ ഉണ്ടായ തർക്കത്തെത്തുടർന്ന് വിമാനം സഊദി അറേബ്യയിലേക്ക് തിരിച്ചുവിടേണ്ടി വന്ന സംഭവത്തിൽ വിശദമായ അന്വേഷണത്തിന് യു എ ഇ അറ്റോർണി ജനറൽ പ്രത്യേക സംഘത്തെ നിയോഗിച്ചു. പബ്ലിക് പ്രോസിക്യൂഷനിലെ അംഗങ്ങളെ ഉൾപ്പെടുത്തിയാണ് യു എ ഇ അറ്റോർണി ജനറൽ ഡോ. ഹമദ് സൈഫ് അൽ ശംസി അന്വേഷണ സംഘത്തിന് രൂപം നൽകിയത്.
ബുധനാഴ്ച ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട എഫ് ഇസഡ് 1073 നമ്പർ വിമാനത്തിലാണ് സംഭവം. പറക്കലിനിടെ കോക്ക്പിറ്റിൽ ഉണ്ടായ തർക്കത്തെ തുടർന്ന് വിമാനത്തിലുണ്ടായിരുന്ന മറ്റ് ക്രൂ അംഗങ്ങൾ ഇടപെടുകയും തുടർന്ന് വിമാനം വഴിതിരിച്ചുവിട്ട് സുരക്ഷിതമായി ഇറക്കുകയുമായിരുന്നു.
ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനുമായും മറ്റ് ബന്ധപ്പെട്ട വകുപ്പുകളുമായും ഏകോപിപ്പിച്ച് അന്വേഷണ സംഘം ഇതിനകം നടപടികൾ ആരംഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട തെളിവുകളും വിവരങ്ങളും ശേഖരിക്കുക, സംഭവത്തിന് പിന്നിലെ യഥാർഥ സാഹചര്യങ്ങളും പ്രേരണകളും കണ്ടെത്തുക, ഇതിന് ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ ബന്ധമോ ലക്ഷ്യങ്ങളോ ഉണ്ടോയെന്ന് പരിശോധിക്കുക, മുൻകൂട്ടിയുള്ള ആസൂത്രണത്തിന്റെ ഭാഗമാണോ എന്ന് വ്യക്തമാക്കുക എന്നിവ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്താൻ അറ്റോർണി ജനറൽ നിർദേശം നൽകി.
അന്വേഷണം പുരോഗമിക്കുകയാണെന്നും കൃത്യമായ വിവരങ്ങൾ പുറത്തുവരുന്നതുവരെ സ്ഥിരീകരിക്കാത്ത വാർത്തകളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കരുതെന്നും അറ്റോർണി ജനറൽ പൊതുജനങ്ങളോട് അഭ്യർഥിച്ചു.
Content Highlights:
UAE Attorney General Dr. Hamad Saif Al Shamsi formed a special team to investigate the diversion of a Flydubai flight to Saudi Arabia. The Tel Aviv-bound flight was diverted after a cockpit conflict. Authorities are examining all angles including potential security or terrorism links.



