National
കൊല്‍ക്കത്തയില്‍ ഹോട്ടലില്‍ തീപ്പിടുത്തം; 14 മരണം
മരിച്ചവരില്‍ ഭൂരിഭാഗവും തീപ്പിടുത്തത്തെ തുടര്‍ന്നുണ്ടായ പുകയില്‍ ശ്വാസംമുട്ടിയാണ് മരിച്ചത്.

കൊല്‍ക്കത്ത | പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയില്‍ തിരക്കേറിയ ഒരു പ്രദേശത്തെ ആറ് നില ഹോട്ടലില്‍ ഉണ്ടായ തീപ്പിടുത്തത്തില്‍ 14 പേര്‍ മരിച്ചു. ചൊവ്വാഴ്ച രാത്രിയാണ് ഹോ്ട്ടലില്‍ തീപ്പിടുത്തമുണ്ടായത്. മരിച്ചവരില്‍ ഭൂരിഭാഗവും തീപ്പിടുത്തത്തെ തുടര്‍ന്നുണ്ടായ പുകയില്‍ ശ്വാസംമുട്ടിയാണ് മരിച്ചത്. ഹോട്ടലില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഒരാള്‍ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു.
നഗരത്തിലെ ബുറാബസാര്‍ പ്രദേശത്തെ മദന്‍മോഹന്‍ സ്ട്രീറ്റില്‍ സ്ഥിതി ചെയ്യുന്ന ഋതുരാജ് ഹോട്ടലില്‍ വൈകുന്നേരം 7:30 ഓടെയാണ് തീപിടുത്തമുണ്ടായത്. പത്ത് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്ത് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ഇതുവരെ 14 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം അന്വേഷിക്കുന്നതിനും നിലവിലുള്ള സുരക്ഷാ നടപടികള്‍ പരിശോധിക്കുന്നതിനുമായി ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ടെന്നും കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ മനോജ് കുമാര്‍ വര്‍മ്മ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.