National
ഒടുവില്‍ തമിഴ്‌നാട് ഗവര്‍ണര്‍ വഴങ്ങി ; പൊന്മുടിയുടെ സത്യപ്രതിജ്ഞ ഇന്ന്
വൈകിട്ട് 3.30 ന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ്
ചെന്നൈ | സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനത്തിനൊടുവില്‍ കെ പൊന്മുടിയെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ക്ഷണിച്ച് തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി.വൈകിട്ട് 3.30 ന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്നത്. മുഖ്യമന്ത്രി സ്റ്റാലിന് രാജ്ഭവന്‍ കത്തയച്ചിട്ടുണ്ട്. സുപ്രീംകോടതി കേസ് പരിഗണിക്കുന്നതിന് തൊട്ടു മുമ്പാണ് ഗവര്‍ണറുടെ നീക്കം.
പൊന്മുടിയെ വീണ്ടും മന്ത്രിയാക്കാന്‍ മുഖ്യമന്ത്രി നല്‍കിയ ശിപാര്‍ശ അംഗീകരിക്കാന്‍ ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ഇന്നലെ വാദം കേട്ട കോടതി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിയെ രൂക്ഷമായി വിമര്‍ശിച്ചു. കോടതി സ്റ്റേ ചെയ്ത നടപടിയില്‍ മറ്റൊന്ന് തീരുമാനിക്കാന്‍ ഗവര്‍ണര്‍ക്ക് എന്താണ് അധികാരമെന്നും ഗവര്‍ണര്‍ എന്താണ് ചെയ്യുന്നതെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദചൂഢ് ചോദിച്ചു.
ഗവര്‍ണറുടെ നടപടി ഗൗരവമായി കാണുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദചൂഢ്, ജസ്റ്റിസ് ജെ ബി പാര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബഞ്ചാണ് തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയ ഹരജി പരിഗണിച്ചത്.
കെ പൊന്മുടിയെ മന്ത്രിയാക്കാന്‍ ഗവര്‍ണര്‍ക്ക് കോടതി ഒരുദിവസം സമയം നല്‍കിയിരുന്നു. പിന്നാലെയാണ് ഗവര്‍ണര്‍ പൊന്മുടിയെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ക്ഷണിച്ചത്.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പൊന്മുടിക്കെതിരെ ശിക്ഷ നടപ്പാക്കുന്നത് സുപ്രീം കോടതി തടഞ്ഞിരുന്നു. ഇതോടെ പൊന്മുടിയെവീണ്ടും മന്ത്രിയാക്കാന്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. എന്നാല്‍ ശിക്ഷ നടപ്പാക്കുന്നത് തല്‍ക്കാലത്തേക്ക് മാത്രമാണ് തടഞ്ഞതെന്നും കുറ്റക്കാരനല്ലെന്ന് വിധിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ ആവശ്യം ഗവര്‍ണര്‍ തള്ളുകയായിരുന്നു. പിന്നാലെയാണ് തമിഴ്നാട് സര്‍ക്കാര്‍ ഗവര്‍ണര്‍ ആര്‍ എന്‍ രവിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്.




