Connect with us

From the print

തിരഞ്ഞെടുപ്പ് കോഴക്കേസ്: സുരേന്ദ്രനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു

സുരേന്ദ്രന് പിന്നാലെ സി കെ ജാനു, ബി ജെ പി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയല്‍ എന്നിവരും ചോദ്യം ചെയ്യലിന് ഹാജരായി.

Published

|

Last Updated

കല്‍പ്പറ്റ | സുല്‍ത്താന്‍ ബത്തേരി തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ വയനാട് ജില്ലാ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. ജില്ലാ പോലീസ് ആസ്ഥാനത്തെ ക്രൈം ബ്രാഞ്ച് ഓഫീസില്‍ നടന്ന ചോദ്യം ചെയ്യല്‍ ഒരു മണിക്കൂറോളം നീണ്ടു. സുരേന്ദ്രന് പിന്നാലെ സി കെ ജാനു, ബി ജെ പി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയല്‍ എന്നിവരും ചോദ്യം ചെയ്യലിന് ഹാജരായി. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തിലെ എന്‍ ഡി എ സ്ഥാനാര്‍ഥിയാകാന്‍ സി കെ ജാനുവിന് കെ സുരേന്ദ്രന്‍ 35 ലക്ഷം രൂപ കോഴ നല്‍കിയെന്ന കേസിലാണ് ചോദ്യം ചെയ്യല്‍.

കോഴ നല്‍കിയെന്ന് ജെ ആര്‍ പി സംസ്ഥാന ട്രഷറര്‍ ആയിരിക്കെ പ്രസീത അഴീക്കോടാണ് വെളിപ്പെടുത്തിയത്. ഇക്കാര്യങ്ങള്‍ ആരോപിച്ച് പ്രസീത ഫോണ്‍ സംഭാഷണം പുറത്തുവിട്ടിരുന്നു. കഴിഞ്ഞ വര്‍ഷം നടത്തിയ ഫോറന്‍സിക് പരിശോധനയില്‍ ഫോണ്‍ സംഭാഷണത്തിലെ ശബ്ദം കെ സുരേന്ദ്രന്റേതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

ജെ ആര്‍ പിയെ എന്‍ ഡി എയില്‍ ചേര്‍ക്കുന്നതിന് സി കെ ജാനുവിന് 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് കെ സുരേന്ദ്രന്‍ പത്ത് ലക്ഷം രൂപ നല്‍കിയെന്നാണ് പ്രസീത ആദ്യം വെളിപ്പെടുത്തിയത്. ഇത് തെളിയിക്കുന്ന ശബ്ദരേഖയും അവര്‍ പുറത്തുവിട്ടു. പിന്നീടാണ് ജാനുവിന് ബി ജെ പി നേതൃത്വം 25 ലക്ഷം രൂപ നല്‍കിയെന്ന വെളിപ്പെടുത്തല്‍ ഉണ്ടായത്.

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാര്‍ച്ച് 26ന് സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തിലെ എന്‍ ഡി എ സ്ഥാനാര്‍ഥിയും ജെ ആര്‍ പി നേതാവുമായ ജാനുവിന് ബി ജെ പി നേതൃത്വം പാര്‍ട്ടി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയല്‍ മുഖേന ബത്തേരി കോട്ടക്കുന്നിലെ മണിമല ഹോംസ്റ്റേയില്‍ വെച്ച് 25 ലക്ഷം രൂപ കൈമാറിയെന്നാണ് പ്രസീത പറഞ്ഞത്. തുടര്‍ന്ന് എം എസ് എഫ് സംസ്ഥാന പ്രസിഡന്റായിരുന്ന പി കെ നവാസ് സമര്‍പ്പിച്ച ഹരജിയില്‍ കല്‍പ്പറ്റ ജുഡീഷ്യല്‍ ഒന്നാംക്ലാസ്സ് മജിസ്ട്രേറ്റ് കോടതി നിര്‍ദേശിച്ചതനുസരിച്ച് ബത്തേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസ് ജില്ലാ പോലീസ് മേധാവിയായിരുന്ന ഡോ. അരവിന്ദ് സുകുമാറാണ് ക്രൈം ബ്രാഞ്ചിന് വിട്ടത്. മുന്‍ ക്രൈം ബ്രാഞ്ച് ഡിവൈ എസ് പിയും നിലവില്‍ പാലക്കാട് നര്‍കോട്ടിക് ഡിവൈ എസ് പിയുമായ ആര്‍ മനോജ് കുമാറാണ് അന്വേഷണ ഉദ്യോഗസ്ഥന്‍.

രാഷ്ട്രീയപ്രേരിതം: സുരേന്ദ്രന്‍
കല്‍പ്പറ്റ | തിരഞ്ഞെടുപ്പ് കോഴ ആരോപണം കള്ളക്കേസാണെന്ന് നേരത്തേ പറഞ്ഞിരുന്നെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. ലീഗ് നേതാവിന്റെ പരാതിയില്‍ രാഷ്ട്രീയപ്രേരിതമായി എടുത്തതാണ് കേസ്. അന്വേഷണ ഏജന്‍സികളും ലോകായുക്തയും സര്‍ക്കാറിന്റെ വരുതിയിലാണ്.

ഇപ്പോഴത്തെ ചോദ്യം ചെയ്യല്‍ സര്‍ക്കാറിനെതിരായ ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ്. 2016ല്‍ എന്‍ ഡി എ സ്ഥാനാര്‍ഥി ആയിരുന്ന സി കെ ജാനുവിന് 2021ല്‍ സ്ഥാനാര്‍ഥിയാവാന്‍ കോഴ കൊടുക്കണോയെന്ന് അദ്ദേഹം ചോദിച്ചു. ബത്തേരി കോഴ ക്കേസ് വ്യാജമായി കെട്ടിച്ചമച്ചതാണെന്നും സര്‍ക്കാറിന്റെ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും കുറ്റപ്പെടുത്തി. ബത്തേരി, മഞ്ചേശ്വരം, കൊടകര കേസുകളിലൊന്നും ഒരു ചെറുവിരല്‍ പോലും ബി ജെ പിക്കെതിരെ ഉയര്‍ത്താന്‍ സര്‍ക്കാറിന് കഴിയില്ല. കേസിനെ ബി ജെ പി നിയമപരവും രാഷ്ട്രീയവുമായും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

---- facebook comment plugin here -----

Latest