തെളിയോളം
കമൻ്റ് കേട്ട് കറൻ്റ് കളയേണ്ട
ഫീഡ്ബാക്ക് സ്വീകരിക്കുമ്പോൾ നമുക്ക് നമ്മെക്കുറിച്ചുള്ള ധാരണയും മറ്റൊരാൾ നൽകുന്നതിന് വിരുദ്ധമായ ഒരു വിവരവും ഒരേ സമയം കൈവശം വെക്കുന്നതിന്റെ അസ്വസ്ഥത കൂടി സ്വീകരിക്കാൻ തയ്യാറാവുക എന്നതാണ് വളരാനുള്ള മാർഗം.

“ആരാണ് സംസാരിക്കുന്നത് എന്നല്ല, എന്താണ് പറയുന്നതെന്നാണ് നോക്കണം’ എന്ന് അർഥം വരുന്ന ഒരു ആഫ്രിക്കൻ പഴഞ്ചൊല്ലുണ്ട്. നമ്മെക്കുറിച്ച് നമ്മോട് ഇടപഴകുന്നവർക്ക് പറയാൻ കുറെ ഉണ്ടാകും. അതിന് ചെവികൊടുക്കുക എന്നത് ബോധപൂർവം നേടിയെടുക്കേണ്ട ഒരു കഴിവാണ്.ഒരു നേതാവ് താൻ വളരെ നല്ലവനും കേമനും ആണെന്ന് സ്വയം എത്ര കരുതിയാലും ചുറ്റുമുള്ള ആളുകൾക്ക് അയാൾ എങ്ങനെ മെച്ചപ്പെടാനുണ്ട് എന്നതിനെക്കുറിച്ച് പലതരം ആശയങ്ങൾ ഉണ്ടായിരിക്കും.
നേതൃത്വത്തെക്കുറിച്ചുള്ള ഏറ്റവും അടിസ്ഥാനപരമായ കാര്യം ഫീഡ്ബാക്ക് സ്വീകരിക്കുന്നത് ഒരു ശീലമാക്കാനും മെച്ചപ്പെടാൻ ശ്രമിക്കാനുമുള്ള എളിമ ഉണ്ടായിരിക്കുക എന്നതാണ്. കാരണം, നേതാവിന്റെ ജോലി മറ്റുള്ളവരെ മെച്ചപ്പെടാൻ സഹായിക്കുക എന്നതു കൂടിയാണ്. ആളുകൾക്ക് തന്നെക്കുറിച്ചുള്ള പ്രതികരണം നൽകാൻ സുഖകരമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്ന നേതാവിന് മാത്രമേ ആരെക്കുറിച്ചും അതേ പോലെ തുറന്ന അഭിപ്രായ പ്രകടനങ്ങൾ നടത്താൻ സ്വാതന്ത്ര്യവും ഇടവും ലഭ്യമാകൂ.
നമ്മെക്കുറിച്ചുള്ള നെഗറ്റീവ് ഫീഡ് ബാക്ക് കേൾക്കുന്നത് അത്ര സുഖകരവും എളുപ്പവുമുള്ള കാര്യമല്ല. എന്നാൽ മനുഷ്യശരീരത്തിൽ വേദന നിർവഹിക്കുന്ന അതേ ധർമമാണ് നമ്മുടെ വളർച്ചയിൽ ഫീഡ്ബാക്ക് നിറവേറ്റുന്നത്. അത് നമ്മുടെ അനാരോഗ്യകരമായ പെരുമാറ്റ അവസ്ഥകളിലേക്ക് ശ്രദ്ധ ക്ഷണിക്കുകയാണ്. നമ്മെക്കുറിച്ചുളള വിലയിരുത്തൽ കമന്റുകൾ അത് ഏത് ആളിൽ നിന്നാണെങ്കിലും നിശബ്ദമായി കേൾക്കുകയും ഉൾക്കൊള്ളുകയും വേണം. ശരിയായ കമന്റുകളും ധാരണാപ്പിഴവുകളിൽ നിന്ന് ഉരുത്തിരിയുന്നവയും ഒക്കെ ഉണ്ടാകാം.
ഫീഡ്ബാക്കുകളെയെല്ലാം നിങ്ങൾ നിർബന്ധമായും അഭിസംബോധന ചെയ്യണം എന്നല്ല ഇതിന്റെ ഉദ്ദേശ്യം. എല്ലാത്തിനോടും നിങ്ങൾക്ക് ഇങ്ങനെ പറയാം: “ഫീഡ്ബാക്കിന് നന്ദി, ഞാൻ ശരിക്കും ഇത് ഉൾക്കൊള്ളുന്നു. അതിനെക്കുറിച്ച് ഞാൻ കൂടുതൽ ചിന്തിക്കുകയും മെച്ചപ്പെടുത്താൻ എന്ത് നടപടികൾ സ്വീകരിക്കാനാകുമെന്ന് തീർച്ചയായും നോക്കുകയും ചെയ്യും. നന്ദി.’നമ്മൾ പലപ്പോഴും നമ്മുടെ തന്നെ ഏറ്റവും വലിയ ശത്രുക്കളാണ് എന്ന് വെളിവാകുന്ന സന്ദർഭമാണ് ഫീഡ്ബാക്ക് കിട്ടുന്ന സമയം. അത് നമ്മിൽ അസ്വസ്ഥതയുണ്ടാക്കുകയും പലപ്പോഴും വൈകാരികമായി അതിനെ പ്രതിരോധിക്കുന്നതിലേക്ക് നയിക്കുകയും ചെയ്യാറുണ്ട്. വ്യക്തിപരമായ വളർച്ചക്കുള്ള ഏറ്റവും നല്ല ഉദ്ദേശ്യങ്ങൾ ഉണ്ടായിരുന്നിട്ടും വസ്തുനിഷ്ഠത പാലിക്കാനും ശാന്തത പാലിക്കാനും ഏറെ പ്രയാസം തന്നെയാണ്.
ഫീഡ്ബാക്ക് ലഭിക്കുമ്പോൾ നമുക്കെല്ലാവർക്കും സ്വാഭാവികമായി അനുഭവപ്പെടാവുന്ന അഞ്ച് അവസ്ഥകൾ അല്ലെങ്കിൽ വികാരങ്ങൾ ഇവയാണ് : നിരസിക്കൽ, പ്രതിരോധിക്കൽ, വിശദീകരിക്കൽ, മനസ്സിലാക്കൽ, മാറ്റൽ. ഇവക്ക് ഒരു സ്റ്റെപ് സ്വഭാവം ഉണ്ട്. പടികയറൽ പോലെ ഒരു ഫീഡ്ബാക്ക് സ്വീകരിക്കുന്ന സമയത്ത് ഇതിൽ ഏത് നിങ്ങൾക്ക് എത് അവസ്ഥയിൽ നിൽക്കണമെന്ന് തിരിച്ചറിയുകയും ബോധപൂർവം ആദ്യമാദ്യം മുകളിലേക്ക് നീങ്ങാൻ ശ്രമിക്കുകയും ചെയ്യുക എന്നതാണ് വളർച്ചാ ആശയം. നിങ്ങളുടെ ഒരു ബലഹീനത അല്ലെങ്കിൽ ആശാവഹമല്ലാത്ത ശൈലി ഒരാൾ ചൂണ്ടിക്കാണിക്കുമ്പോൾ പെട്ടെന്ന് നിങ്ങളുടെ പ്രതികരണം തിരിച്ചറിയാനും വിശദീകരണം, മനസ്സിലാക്കൽ എന്നീ പടികളിൽ നിന്നും കയറി മാറ്റത്തിലേക്ക് നീങ്ങുകയാണോ അതല്ല മാറ്റത്തിൽ നിന്ന് അകന്നുപോയി നിഷേധം, പ്രതിരോധം, വിശദീകരണം എന്നതിലേക്ക് ഇറങ്ങുകയാണോ എന്ന് പരിശോധിക്കാനും കഴിയണം.
ഫീഡ്ബാക്ക് സ്വീകരിക്കുമ്പോൾ നമുക്ക് നമ്മെക്കുറിച്ചുള്ള ധാരണയും മറ്റൊരാൾ നൽകുന്നതിന് വിരുദ്ധമായ ഒരു വിവരവും ഒരേ സമയം കൈവശം വെക്കുന്നതിന്റെ അസ്വസ്ഥത കൂടി സ്വീകരിക്കാൻ തയ്യാറാവുക എന്നതാണ് വളരാനുള്ള മാർഗം. നമ്മുടെ നിലവിലെ കാഴ്ചപ്പാടുമായി പൊരുത്തപ്പെടാത്ത വിവരങ്ങൾ അവതരിപ്പിക്കുമ്പോൾ നമ്മുടെ മനസ്സ് സമ്മർദത്തിലാകും. ഈ മാനസിക സമ്മർദം കുറയ്ക്കാനായി നമ്മുടെ മനസ്സ് വിവരങ്ങൾ നിരസിക്കുകയോ നമ്മുടെ പ്രവൃത്തികളെ ന്യായീകരിക്കാൻ ശ്രമിക്കുകയോ ചെയ്തേക്കാം. നിങ്ങളുടെ വികാരങ്ങൾ അതിരുകടക്കാതെ ഫീഡ്ബാക്ക് പ്രോസസ്സ് ചെയ്യാൻ സമയവും സ്ഥലവും നൽകുക എന്നത് നിർണായകമാണ്.
ഒരു ഉറക്കം, ഒരു ദീർഘശ്വാസമെടുക്കൽ എന്നിങ്ങനെ അൽപ്പവിശ്രമത്തിനു ശേഷം നമ്മുടെ ഫീഡ്ബാക്ക് കേട്ടതിന്റെ പ്രാരംഭ സമ്മർദം കുറയ്ക്കാം. ഫീഡ്ബാക്ക് എന്നത് ഒരു വ്യക്തിയുടെ കാഴ്ചപ്പാട് മാത്രമാണ്, അത് നമ്മെക്കുറിച്ചുള്ള മുഴുവൻ ചിത്രവുമല്ല. ഫീഡ്ബാക്ക് പ്രോസസ്സ് ചെയ്യുന്നതിലും മറ്റ് പ്രസക്തമായ കാഴ്ചപ്പാടുകൾ സ്വീകരിക്കുന്നതിലും ഏത് കാരണത്താലും ഇങ്ങനെ തന്നെ തുടരാൻ തീരുമാനിക്കുന്നതിലും കുഴപ്പമില്ല; അഥവാ എല്ലാ ഫീഡ്ബാക്കുകളും ഒരു മാറ്റം ആവശ്യപ്പെടുന്നതാകണമെന്നില്ല. എങ്കിലും പറയുന്നതിൽ കാര്യമുണ്ടോ എന്ന ആലോചനക്ക് അൽപ്പം സമയം മാറ്റിവെക്കുക എന്നതു തന്നെയാണ് ശരിയായ രീതി. “തെറ്റുകൾ പരിശോധിക്കുകയും പഠിക്കുകയും ഉപേക്ഷിക്കുകയും വേണം; അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയോ സൂക്ഷിക്കുകയോ ചെയ്യരുത്’ എന്ന് എഴുത്തുകാരനും സംരംഭകനുമായ ടിം ഫാർഗോ.