Connect with us

Story

അസ്വസ്ഥം

Published

|

Last Updated

പുരുഷോത്തമന് രാവിലെ തന്നെ പതിവില്ലാത്ത ചില അസ്വസ്ഥതകൾ അനുഭവപ്പെട്ടു. അയാളെക്കൊണ്ടു കഴിയാവുന്നതും അതിനപ്പുറമുള്ള ബാധ്യതകളെല്ലാം കൂടി ഏറ്റെടുത്തു എന്നത് മാത്രമല്ല, അതൊക്കെ വളരെ ഭംഗിയായി ചെയ്തു തീർത്തു കഴിഞ്ഞെന്ന ചാരിതാർഥ്യത്തിലാണ് തലേന്ന് ഉറങ്ങാൻ കിടന്നത്.

ഒരു പൈസായുടെ പോലും കടബാധ്യതകളില്ലാതെയാണ് ഇതെല്ലാം ചെയ്തത്. അഞ്ചേക്കർ പുരയിടവും ഇരുപത് പറ നിലവും അടുത്ത കൃഷിക്കായുള്ള മുന്നൊരുക്കങ്ങളിലേക്കെത്തിച്ചിട്ടുണ്ട്. മനസ്സിന്‌ ഏറ്റവും സന്തോഷം നൽകുന്ന ഈ വക കാര്യങ്ങളൊക്കെ ഏതാണ്ട് പൂർത്തിയാക്കിയിരിക്കുന്നു. അതു മാത്രമല്ല രണ്ട് പെൺമക്കളുടേയും വിവാഹവും ഗംഭീരമായി നടത്തിക്കഴിഞ്ഞിരുന്നു, എന്നിട്ടും…
രാവിലെ എന്തേ ഒരു വയ്യാഴിക, അയാൾ ആത്മഗതമായി മൊഴിഞ്ഞു.

ഇളയമകൾ രേവതിയെയും ഭർത്താവിനേയും കല്യാണത്തിന്റെ നാലാംപക്കം വീട്ടുകാർ നല്ലവാതിൽ ചടങ്ങിനായി കൂട്ടിക്കൊണ്ടു പോയിരുന്നു. അവളും കൂടി പടിയിറങ്ങി പോയപ്പോൾ മുൻപൊരിക്കലും അറിഞ്ഞിട്ടില്ലാത്ത തരമൊരു ഏകാന്തത.

ഇനി അതാണോ കാരണം ? അയാളുടെ വിചാരങ്ങൾക്ക് വേലിക്കെട്ടുകളില്ലാതെയായി…

“അച്ഛൻ ഇവിടെത്തന്നെ ചടഞ്ഞുകൂടിയിരിക്കാതെ ഇടയ്ക്ക് അങ്ങോട്ടേയ്ക്കൊക്കെ ഇറങ്ങണം’

പുറപ്പെടും മുൻപ് രേവതിയുടെ ആഗ്രഹം അച്ഛനെ അറിയിച്ചപ്പോൾ ഭർത്താവ് ശ്രീകാന്തും മുഖഭാവത്താൽ അത് ശരിവെച്ചു.

തലേന്ന് വൈകിട്ട് മുറ്റത്ത് കെട്ടിയിരുന്ന പന്തൽ അജിയും ജോലിക്കാരും ചേർന്ന് പൊളിച്ചുകൊണ്ടു പോയതോടെ വിവാഹവീടിന്റേതായ അവസാനത്തെ ശേഷിപ്പും മുറ്റത്തു നിന്നും ഒപ്പം മനസ്സിലും മാഞ്ഞുപോയി.
രാവിലത്തെ ഇത്തരം ചിന്തകൾക്കൊടുവിൽ അടുക്കളയിലേക്ക് കയറിയപ്പോൾ വല്ലാത്ത അപരിചിതത്വം ഭയപ്പെടുത്തി.

പിന്നീട് ചായപ്പൊടിയും പഞ്ചസാരയും തിരഞ്ഞു കുറെ സമയവും കളഞ്ഞു.

“ഈ പെണ്ണ് ഇതൊക്കെ എവിടെയാ പാത്ത് െവച്ചിരിക്കുന്നത്..? ‘

ഭാര്യ പാർവതിക്കുട്ടി ഉള്ളപ്പോഴും പിന്നെ മക്കൾ അശ്വതിയും രേവതിയും അടുക്കള ഭരണം നടത്തിയപ്പോഴുമൊന്നും പുരുഷോത്തമന് ആ ഭാഗത്തേക്കൊന്നും കാര്യമായി തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
കുറേ നേരം കൊണ്ട് പരതി കണ്ടെത്തിയ തേയിലക്കും പഞ്ചസാരക്കുമൊപ്പം ഫ്രിഡ്ജിൽ നിന്ന് പാലും കൂടി എടുത്ത് സ്വന്തമായൊരു ചായ ഉണ്ടാക്കി കുടിച്ചപ്പോൾ പണ്ട് അമ്മയുണ്ടാക്കിത്തരുമായിരുന്ന ചായയുടെ അതേ സ്വാദ്.

കല്യാണ വീടിന്റെ ഒരടുക്കും ചിട്ടയില്ലായ്മയിലും കിടക്കുന്ന വീടും പരിസരവുമൊക്കെ ശരിക്കൊന്ന് വൃത്തിയാക്കിട്ട് വേണം വിസ്തരിച്ചൊന്ന് കുളിക്കാൻ, അതും പറമ്പിന്റെ പടിഞ്ഞാറേ മൂലയിലെ കുളത്തിലെ തണുത്ത വെള്ളത്തിലായാൽ അത്രയും കേമം.ശരീരത്തിനും മനസ്സിനും ഒരുപോലെ കുളിർമ പകരും. ശരിക്കും അതാണല്ലോ ഈ അവസ്ഥയിൽ വേണ്ടതും.
ഇങ്ങനെ ഓരോരോ ഇഷ്ടങ്ങൾ ഉള്ളിലേക്കെത്തിക്കൊണ്ടിരുന്നു…

പക്ഷെ അപ്പോഴേക്കും വീണ്ടും അനുഭവപ്പെട്ടൊരു അസ്വസ്ഥതയിൽ അയാൾ ഇളം ചൂടുള്ള ചായഗ്ലാസ്‌ നെഞ്ചോട് ചേർത്ത് ചൂട് പകർന്നു. വീടും പരിസരവും വൃത്തിയാക്കലും പത്രം വായനയുമൊക്കെ പിന്നത്തേക്കാക്കി വരാന്തയിലെ ചാരുകസേരയിലേക്ക് പതുക്കെയൊന്ന് ചാഞ്ഞിരുന്നു.
പ്രഭാതരശ്മികൾ അതിന്റെ മുഴുവൻ പ്രഭാവവും മുറ്റത്തേക്ക് ചൊരിഞ്ഞുകൊണ്ടിരിക്കെ…

“എന്താ ഏട്ടന് വയ്യേ ? ‘കുട മടക്കി മുകളിലത്തെ പടിയിലേക്ക് ചാരിവെച്ചിട്ട് വരാന്തയിലേക്ക് കയറിവന്ന സുഭദ്രയുടെ ചോദ്യം.
“രാവിലെ അശ്വതി വിളിച്ചിരുന്നു പിറകേ രേവതിയും..

ചിറ്റമ്മ പോയി അച്ഛന്റെ കാര്യങ്ങളൊക്കെ ഒന്ന് തിരക്കിയേച്ചു വരാൻ രണ്ടുപേരും ആവശ്യപ്പെട്ടു.
“ഇല്ലെടി ഒന്നുമില്ല ഏകാന്തതയല്ലേ ഏറ്റവും വലിയ മനഃഭാരം അതാ ‘.

അയാളുടെ മറുപടിക്കൊടുവിൽ സുഭദ്രയുടെ മുഖത്ത് നിസ്സംഗഭാവം നിറഞ്ഞതായി തോന്നി.

ഏകദേശം ഒരു കിലോമീറ്റർ അപ്പുറത്തായിട്ടാണ് സുഭദ്ര രണ്ടുമൂന്നൂ വർഷങ്ങളായി വാടകക്ക് താമസിക്കുന്നത്. പാർവതിയുടെ അനിയത്തിയുടെ സ്ഥാനത്ത് ഇന്നവൾ ഒരാളെ ഭൂമുഖത്തുള്ളൂ. ഡ്രൈവറായിരുന്ന ഭർത്താവ് ശിവൻകുട്ടി ഒരപകടത്തിൽ മരണപ്പെടുകയും, അവളുടെ തയ്യൽ ജോലികൊണ്ടുള്ള സമ്പാദ്യത്താൽ ഏക മകളുടെ വിവാഹം ഭംഗിയായി നേരത്തെ തന്നെ നടത്തുകയും ചെയ്തിരുന്നു.

ഈ ഏകാന്തത കുറച്ചായി അവളും അനുഭവിക്കുന്നുണ്ടാകാം…

അയാളുടെ മനസ്സ് ആ വഴിയിലൂടെയെല്ലാം കറങ്ങിത്തിരിഞ്ഞ് അവസാനം ഓർമകളുടെ സുവർണ തീരത്തേക്കണഞ്ഞു.
അന്ന് കാർത്തികയുടെ കല്യാണത്തിന് തന്നെക്കൊണ്ടാവുന്ന രീതിയിൽ അവളെ സഹായിച്ചിരുന്നു. പാർവതിയും അവളുടെ കുറച്ചു സ്വർണവും അനിയത്തിക്ക് നൽകിയതായിട്ടും അറിയാം. അതെല്ലാം ഉള്ളിന്നുള്ളിലൊന്ന് മിന്നി മറഞ്ഞപ്പോഴേക്കും

“വല്ലതും വച്ചുണ്ടാക്കിയോ..? കാണില്ല, എന്നാൽ ഞാൻ അടുക്കളയിലോട്ടൊന്ന് ചെല്ലട്ടേ ഏട്ടാ .’
സുഭദ്രയുടെ കാൽപെരുമാറ്റം അടുക്കളയിലേക്ക് നീണ്ടു പോയി.

തുടരെത്തുടരെ കേട്ട ചില പാചക ശബ്ദങ്ങളുടെ പരിസമാപ്തിയായി നല്ല തക്കാളി രസത്തിന്റെ മണവും കാഴ്ചയ്ക്കഴകായി വാഴക്കൂമ്പ് തോരനും, ചമ്മന്തിയും, പപ്പടവും ഒക്കെ നിമിഷനേരം കൊണ്ട് ഊണ് മേശമേൽ നിരത്തിവെച്ച് സുഭദ്ര കൈയും മുഖവും കഴുകിയ ശേഷം പോകാനായിറങ്ങി.

ടീ… ഊണ് കഴിച്ചിട്ട് പോ.

“വേണ്ടേട്ടാ.. എനിയ്ക്ക്‌ ഇവിടെയടുത്തൊരു വാടകവീട് നോക്കാനുണ്ട്, താമസിക്കുന്നിടത്തു നിന്ന് മാറിക്കൊടുക്കാൻ ഉടമസ്ഥൻ കാർത്തിയുടെ കല്യാണം കഴിഞ്ഞപ്പോഴേ ആവശ്യപ്പെടുന്നതാ.’
നിനക്ക് ഇവിടെ താമസിക്കാമല്ലോ രണ്ടു വയസർ ഒന്നിച്ച് താമസിച്ചാൽ ആരും…

ഇങ്ങനെ പറയണമെന്ന് അയാൾ വിചാരിച്ചെങ്കിലും അന്നേരം വാക്കുകളാകേണ്ട കുഞ്ഞക്ഷരങ്ങൾക്ക്‌ പോലും തൊണ്ടയിൽ നിന്നും പുറത്തേക്ക് കടക്കാനായില്ല. അതിനിടയിലെപ്പോഴോ സുഭദ്ര ഗേറ്റ് അടയ്ക്കുന്ന ഒച്ചയും അന്തരീക്ഷത്തിൽ അലിഞ്ഞു ചേർന്നിരുന്നു.

രാവിലെ തുടങ്ങിയ അസ്വസ്ഥതകളുടെ ബാക്കിപത്രമെന്ന പോലെ ഊൺ മേശയിൽ ഇരുകൈകളും ഊന്നി കസേരയിൽ അയാളിരുന്നു. സുഭദ്ര മറന്നുവെച്ച പേഴ്സും വാടകവീടിന്റെ താക്കോലും മേശമേൽ ഇരിക്കുന്നത് അപ്പോഴാണയാൾ ശ്രദ്ധിച്ചത്. അവളുടെ തിരിച്ചുവരവിനായുള്ള ആ കാത്തിരിപ്പിൽ പുരുഷോത്തമൻ നേരത്തെ പറയാനായി കരുതിവെച്ച വാക്കുകൾ ഓരോന്നും പുറത്തേക്ക് വരാനായി ഉള്ളിൽ തിടുക്കം കൂട്ടിക്കൊണ്ടിരുന്നു.

---- facebook comment plugin here -----

Latest