Connect with us

Kerala

കെ ഫോണിന് ഇന്റർനെറ്റ് സർവീസ് പ്രൊവെെഡർ ലെെസൻസ് അനുവദിച്ച് കേന്ദ്രം

കേരള ഫൈബർ ഒപ്റ്റിക് നെറ്റ് വർക്ക് ലിമിറ്റഡിന് (കെ-ഫോൺ) അടിസ്ഥാന സൗകര്യ സേവനങ്ങൾ നൽകുന്നതിനാവശ്യമായ ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡർ കാറ്റഗറി 1 ലൈസൻസ് നേരത്തെ കേന്ദ്രം അനുവദിച്ചിരുന്നു.

Published

|

Last Updated

ന്യൂഡൽഹി| കേരള സർക്കാറിന്റെ അഭിമാന പദ്ധതിയായ കെ ഫോണിന് കേന്ദ്ര ടെലികോം മന്ത്രാലയം ഐ എസ് പി ലെെസൻസ് അനുവദിച്ചു. കേരള ഫൈബർ ഒപ്റ്റിക് നെറ്റ് വർക്ക് ലിമിറ്റഡിന് (കെ-ഫോൺ) ഔദ്യോഗികമായി ഇന്റർനെറ്റ് സേവനങ്ങൾ നൽകാനുള്ള ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ (ഐഎസ്പി) കാറ്റഗറി ബി യൂണിഫൈഡ് ലൈസൻസാണ് കെ ഫോണിന് ലഭിച്ചത്. ഇനി  ഇന്റർനെറ്റ് സർവീസ് പ്രൊവെെഡറായി കെ ഫോണിന് പ്രവർത്തിക്കാം. ഇതോടെ സ്വന്തമായി ഐഎസ്പി ലൈസൻസും ഇന്റർനെറ്റ് പദ്ധതിയുമുള്ള സംസ്ഥാനമായി കേരളം മാറി.

കെ-ഫോൺ പദ്ധതിക്ക് ലഭിച്ചിരിക്കുന്ന ഐഎസ്പി കാറ്റഗറി ബി ലൈസൻസ് ഒരു സർവീസ് മേഖലാപരിധിക്കകത്ത് ഇന്റർനെറ്റ് സൗകര്യങ്ങൾ നൽകാനുള്ള പ്രവർത്തനാനുമതിയാണ്. ഇതുപ്രകാരം കേരള സർവീസ് മേഖലാ പരിധിക്കകത്ത് ഇന്റർനെറ്റ് സേവനസൗകര്യങ്ങൾ നൽകാൻ കെ-ഫോണിന് ഇനി സാധിക്കും. ഇതിന്റെ ആദ്യപടിയെന്നോണം കെ-ഫോണിന് അടിസ്ഥാന സൗകര്യ സേവനങ്ങൾ നൽകുന്നതിനാവശ്യമായ ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡർ കാറ്റഗറി 1 ലൈസൻസ് കഴിഞ്ഞയാഴ്ച കേന്ദ്രം അനുവദിച്ചിരുന്നു.

ഏകദേശം 30,000 ത്തോളം സർക്കാർ ഓഫീസുകളിൽ കെ-ഫോൺ വഴി ഇന്റർനെറ്റ്‌ സേവനങ്ങൾ നൽകാനുള്ള നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട്. അവസാന വട്ട തയ്യാറെടുപ്പുകൾക്ക് ശേഷം ഇന്റർനെറ്റ്‌ ലഭ്യമാക്കുന്നതോടെ ഇവിടങ്ങളിലെല്ലാം സർക്കാർ സേവനങ്ങൾ നൽകുന്നത് പേപ്പർ രഹിതമാറുന്നത് ത്വരിതപ്പെടും കൂടുതൽ വേഗത്തിൽ സേവനങ്ങൾ ലഭ്യമാക്കുന്ന ഒരു ജനസൗഹൃദാന്തരീക്ഷം സർക്കാർ ഓഫീസുകളിലുണ്ടാകാൻ ഇതുപകരിക്കും.

പൊതുജനത്തിന് കുറഞ്ഞ നിരക്കിലും ഗുണമേന്മയോടു കൂടിയതുമായ അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കാനുദ്ദേശിച്ച് എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് കെ-ഫോൺ.അവശ വിഭാഗങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും ഇന്റർനെറ്റ് സൗകര്യങ്ങൾ ലഭ്യമാക്കുന്ന കെ-ഫോൺ പദ്ധതി ടെലികോം മേഖലയിലെ കോർപ്പറേറ്റാധിപത്യത്തിനെതിരെയുള്ള ജനകീയ ബദൽ കൂടിയാണ്.