Connect with us

Editorial

ഫലസ്തീന് വേണ്ടി ക്ഷോഭിക്കുന്ന ക്യാമ്പസുകള്‍

ലോകത്താകെ പടരേണ്ട പ്രക്ഷോഭമാണ് ക്യാമ്പസുകളില്‍ നിന്ന് തുടങ്ങിയിരിക്കുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബൈഡന്റെ വിജയ സാധ്യതയെ പോലും പ്രക്ഷോഭം സ്വാധീനിക്കുമെന്നാണ് വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ ഫലസ്തീന്‍ വിഷയത്തോടുള്ള ലോകത്തിന്റെ സമീപനം മാറ്റിമറിക്കുന്ന മുന്നേറ്റമായി ഈ പ്രക്ഷോഭം മാറും.

Published

|

Last Updated

അമേരിക്കയിലെ കൊളംബിയ സര്‍വകലാശാലയില്‍ നിന്ന് ആരംഭിച്ച ഫലസ്തീന്‍ അനുകൂല പ്രക്ഷോഭം കൂടുതല്‍ പാശ്ചാത്യ രാജ്യങ്ങളിലെ കലാലയങ്ങളിലേക്കും നഗരങ്ങളിലേക്കും വ്യാപിക്കുകയാണ്. ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്ന കൂട്ടക്കുരുതി അവസാനിപ്പിക്കാന്‍ യു എന്നിനോ മറ്റേതെങ്കിലും അന്താരാഷ്ട്ര സംവിധാനത്തിനോ കെല്‍പ്പില്ലെന്ന തിരിച്ചറിവ് പതിനായിരക്കണക്കായ വിദ്യാര്‍ഥികളെ പ്രക്ഷോഭത്തിന്റെ വഴിയിലേക്ക് എത്തിച്ചിരിക്കുന്നു. മാനവരാശി നിസ്സംഗമാകുന്ന ഏത് അനീതിക്കെതിരെയും ലോകത്തിന്റെ ഏതെങ്കിലും കോണില്‍ നിന്ന് ചോദ്യങ്ങളുയരുക തന്നെ ചെയ്യുമെന്ന ചരിത്രപരമായ പ്രതീക്ഷയാണ് ഈ വിദ്യാര്‍ഥികളുടെ മുദ്രാവാക്യങ്ങള്‍ പകരുന്നത്. ഇരുപതിലേറെ ക്യാമ്പസുകളിലേക്ക് യു എസില്‍ മാത്രം പ്രക്ഷോഭം പടര്‍ന്നു കഴിഞ്ഞു. ചിലയിടങ്ങളില്‍ ബിരുദദാന ചടങ്ങുകള്‍ നിര്‍ത്തിവെക്കേണ്ടി വന്നു. കൊളംബിയ സര്‍വകലാശാലയില്‍ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ അറസ്റ്റിലായി. യൂനിവേഴ്സിറ്റി ഓഫ് ടെക്‌സാസ്, യൂനിവേഴ്‌സിറ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയ, പ്രിന്‍സ്റ്റണ്‍ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ ക്രൂരമായ പോലീസ് നടപടിയുണ്ടായി. ജര്‍മന്‍ തലസ്ഥാനമായ ബെര്‍ലിനിലെ സര്‍വകലാശാലകളില്‍ കൂറ്റന്‍ പ്രകടനങ്ങള്‍ നടന്നു. ഫ്രഞ്ച് തലസ്ഥാനമായ പാരീസിലെ പ്രമുഖമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്കല്‍ സയന്‍സസിലും പ്രക്ഷോഭ സംഗമം നടന്നു. ആസ്‌ത്രേലിയയിലെ ക്യാമ്പസുകളിലും ഫലസ്തീന്‍ അനുകൂല കൂട്ടായ്മകള്‍ ഉയര്‍ന്നു വരുന്നുണ്ട്. സ്വീഡിഷ്, ബ്രിട്ടീഷ് സര്‍വകലാശാലകളും പ്രക്ഷോഭത്തില്‍ അണിനിരന്നു. ന്യൂഡല്‍ഹി ജവഹര്‍ ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ഥി യൂനിയന്‍ ഈ പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ക്യാമ്പസില്‍ എത്താനിരിക്കുന്ന ഇസ്‌റാഈല്‍ അംബാസഡര്‍ക്ക് മുമ്പില്‍ പ്രതിഷേധിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ കലാലയങ്ങളില്‍ ശക്തമായ ഐക്യദാര്‍ഢ്യ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു വരേണ്ടിയിരിക്കുന്നു. ഫലസ്തീന്‍ ജനതയോട് എക്കാലത്തും ഹൃദയപൂര്‍വം ഐക്യപ്പെടുന്നവരും അവരുടെ ചെറുത്തുനില്‍പ്പ് പോരാട്ടങ്ങളെ ആവേശവും ഊര്‍ജവുമായി സ്വീകരിക്കുന്നവരുമാണ് ഇന്ത്യന്‍ ജനത. രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധി സയണിസ്റ്റ് രാഷ്ട്രത്തെ അതിന്റെ രൂപവത്കരണ ഘട്ടത്തില്‍ തന്നെ ശക്തമായി എതിര്‍ത്തതാണ്. ബലാത്കാരമായി രൂപവത്കരിച്ച രാജ്യമായി തന്നെയാണ് മഹാത്മാ ഗാന്ധി ഇസ്‌റാഈലിനെ കണ്ടത്. ഇംഗ്ലണ്ട് എങ്ങനെയാണോ ഇംഗ്ലീഷുകാര്‍ക്ക് അവകാശപ്പെട്ടിരിക്കുന്നത്, അതുപോലെ ഫലസ്തീന്‍ പൂര്‍ണമായി അറബികള്‍ക്ക് അവകാശപ്പെട്ടതാണെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ പ്രസിദ്ധമാണ്. ഹിന്ദുത്വവാദികള്‍ക്ക് മേല്‍ക്കൈയുള്ള ഒരു സര്‍ക്കാര്‍ വരും വരെ ഇസ്‌റാഈലിനെ നയതന്ത്രപരമായി അകലത്തില്‍ നിര്‍ത്തിയ രാജ്യമാണ് ഇന്ത്യ. കേരളത്തിന്റെ മനസ്സാക്ഷിയില്‍ എക്കാലവും ഫലസ്തീന്‍ ജനതയെ കുറിച്ചുള്ള വേദന ഉറഞ്ഞു കൂടി നില്‍ക്കുന്നുണ്ടായിരുന്നു. ഗസ്സയിലെ മനുഷ്യരെ മുഴുവന്‍ കൊന്നൊടുക്കാന്‍ ഇസ്‌റാഈല്‍ ഇറങ്ങിത്തിരിച്ച ഈ നിര്‍ണായക സന്ധിയില്‍ ഇവിടുത്തെ ക്യാമ്പസുകളില്‍ ഒരു ചലനവുമുണ്ടാകുന്നില്ലെന്നത് വേദനാജനകമാണ്.
അമേരിക്കയിലെയടക്കം വിദ്യാര്‍ഥികള്‍ മൂന്ന് ആവശ്യങ്ങളാണ് പ്രധാനമായും മുന്നോട്ട് വെക്കുന്നത്. ഇസ്‌റാഈലിന് അമേരിക്ക നല്‍കുന്ന നിരുപാധിക പിന്തുണ അവസാനിപ്പിക്കണമെന്നത് തന്നെയാണ് പ്രധാനം. എത്ര പേരെ കൊന്നുതള്ളിയാലും അമേരിക്കയുടെ വീറ്റോ സഹായവും സൈനിക, സാമ്പത്തിക പിന്തുണയും തുടരുമെന്ന ഉറപ്പാണ് ഇസ്‌റാഈലിനെ ഇത്ര അപകടകാരിയാക്കുന്നത്. സയണിസ്റ്റ് ലോബി യു എസ് ഭരണകൂടത്തിന് മേല്‍ ചെലുത്തുന്ന വഴിവിട്ട സ്വാധീനത്തിനെതിരെ മുമ്പൊരിക്കലുമില്ലാത്ത വികാരം അമേരിക്കന്‍ ജനതയില്‍ പ്രകടമാണ്. ഇതിന്റെ പ്രതിഫലനമാണ് വിദ്യാര്‍ഥി പ്രക്ഷോഭം. സര്‍വകലാശാലകള്‍ ഇസ്‌റാഈല്‍ പ്രൊജക്റ്റുകളില്‍ നിക്ഷേപിക്കുന്നത് അവസാനിപ്പിക്കണമെന്നാണ് മറ്റൊരാവശ്യം. അതുപോലെ യുദ്ധമുഖത്തേക്ക് ആക്രമണ സാങ്കേതിക വിദ്യകളെത്തിച്ച് വന്‍ ലാഭം കൊയ്യുന്ന കമ്പനികളുടെ ഗവേഷണ പരിപാടികള്‍ ബഹിഷ്‌കരിക്കണമെന്നും പ്രക്ഷോഭകര്‍ ആവശ്യപ്പെടുന്നു. പിഞ്ചുകുഞ്ഞുങ്ങളടക്കം 34,000 പേരെ കൊന്നുതള്ളിയിട്ടും തീരാതെ നില്‍ക്കുന്നവരെ പട്ടിണിക്കിട്ടും, അഭയത്തിന്റെ ഇത്തിരി തുരുത്തായ റഫയിലേക്ക് കരയാക്രമണത്തിന് തയ്യാറെടുത്തും വംശഹത്യ തുടരുന്ന ജൂത രാഷ്ട്രത്തെ മുദ്രാവാക്യം കൊണ്ടെങ്കിലും ചോദ്യം ചെയ്യുകയാണ് ഈ വിദ്യാര്‍ഥികള്‍.

പ്രക്ഷോഭത്തെ സെമിറ്റിക്‌വിരുദ്ധമെന്ന് മുദ്രകുത്തി തളര്‍ത്താന്‍ ഭരണകൂടങ്ങള്‍ ശ്രമിക്കുന്നുണ്ട്. ഇന്ത്യയിലെ സി എ എ വിരുദ്ധ സമരത്തെ നോക്കി വേഷം കണ്ടാലറിയാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് പോലുള്ള ആക്ഷേപമാണിത്. ജ്യൂയിഷ് ആക്ടിവിസ്റ്റുകളും യാഥാസ്ഥിതിക ജൂത വിദ്യാര്‍ഥികളും അണിനിരക്കുന്ന പ്രക്ഷോഭത്തെ മതത്തിന്റെ ചാപ്പ കുത്തി അപകീര്‍ത്തിപ്പെടുത്താനാകില്ല. ഈ വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെ അടിസ്ഥാനം ഫലസ്തീന്‍ ആക്ടിവിസ്റ്റുകള്‍ 2005ല്‍ ആരംഭിച്ച ബി ഡി എസ് മൂവ്‌മെന്റാണ്. ബോയ്‌കോട്ട്, ഡിവെസ്റ്റ്‌മെന്റ്, സാന്‍ക്്ഷന്‍ എന്നാണ് പൂര്‍ണ രൂപം. ഇസ്‌റാഈലിനെ ബഹിഷ്‌കരിക്കുക, അവിടേക്കുള്ള നിക്ഷേപം തടയുക, ഉപരോധത്തിന് മറ്റു രാഷ്ട്രങ്ങള്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തുക. ഈ ദിശയില്‍ ഏറെ മുന്നോട്ട് പോകാന്‍ ബി ഡി എസ് പ്രസ്ഥാനത്തിന് സാധിച്ചിട്ടുണ്ട്. വിഖ്യാത ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ് ഇസ്‌റാഈലിന്റെ അക്കാദമിക് സംരംഭങ്ങള്‍ ബഹിഷ്‌കരിച്ചത് ഈ വിജയത്തിന്റെ ഉത്തമ നിദര്‍ശനമാണ്. നിരവധി കമ്പനികള്‍ ഇസ്‌റാഈലില്‍ മുതല്‍ മുടക്കുന്നതില്‍ നിന്ന് പിന്തിരിഞ്ഞു. ഇസ്‌റാഈല്‍ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നതിനും മൂവ്‌മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ വഴിയൊരുക്കിയിരുന്നു. ദക്ഷിണാഫ്രിക്കയിലെ വര്‍ണവെറിക്കെതിരായ പോരാട്ടമാണ് ഈ പ്രക്ഷോഭ രൂപങ്ങളുടെയെല്ലാം പ്രചോദനം.
ലോകത്താകെ പടരേണ്ട പ്രക്ഷോഭമാണ് ക്യാമ്പസുകളില്‍ നിന്ന് തുടങ്ങിയിരിക്കുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബൈഡന്റെ വിജയ സാധ്യതയെ പോലും പ്രക്ഷോഭം സ്വാധീനിക്കുമെന്നാണ് വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ ഫലസ്തീന്‍ വിഷയത്തോടുള്ള ലോകത്തിന്റെ സമീപനം മാറ്റിമറിക്കുന്ന മുന്നേറ്റമായി ഈ പ്രക്ഷോഭം മാറും.

Latest