Connect with us

feature

ഇതാ, മാതൃസ്നേഹത്തിന്റെ സൗധം

ചെന്നൈയിലെ വ്യാപാരിയായ അംറുദ്ദീൻ ശയ്ഖ് ദാവൂദ് ഉമ്മ ജൈലാനാ ബീവിയെ ലോകം മുഴുവൻ ഓർമിക്കാനായി മറ്റൊരു "താജ്മഹൽ' പണിതിരിക്കുകയാണ്. മാതാപിതാക്കൾ വെട്ടിത്തെളിച്ച പാതയിലൂടെ കച്ചവടം നടത്തി സ്വരൂപിച്ച പണം കൊണ്ട് ഉമ്മക്ക് ഉചിതമായ ഓർമസ്മാരകം പണിയണമെന്ന ആഗ്രഹം രൂപപ്പെട്ടപ്പോൾ അംറുദ്ദീൻ ശയ്ഖിന്റെ മനതാരിൽ തെളിഞ്ഞുവന്നത് അവാച്യമായ സ്നേഹത്തിന്റെ ഉൾത്തുടിപ്പ് നിറഞ്ഞുനിൽക്കുന്ന താജ്മഹലിന്റെ ചിത്രമായിരുന്നു.

Published

|

Last Updated

സ്നേഹത്തിന്റെ പ്രതീകമായി വാഴ്ത്തപ്പെടുന്ന താജ്മഹൽ ലോകത്തെ ഏഴ് ലോകാത്ഭുതങ്ങളിൽ ഒന്നാണ്. പ്രിയപ്പെട്ട ഭാര്യയോടുള്ള ഭർത്താവ് മുകൾ ചക്രവർത്തി ഷാജഹാനുണ്ടായിരുന്ന സ്നേഹത്തിന്റെ, പ്രണയത്തിന്റെ ശാശ്വതമായ പ്രതീകമാണ് ആ വെണ്ണക്കൽ കൊട്ടാരം. ഇവിടെ ഇതാ ഒരു മകൻ ഉമ്മയോടുള്ള അതിരറ്റ സ്നേഹത്തിന്റെ ഭാഗമായി മറ്റൊരു താജ്മഹൽ പണിതിരിക്കുന്നു. പ്രാർഥനക്കായി ഒരു ദർസും. ചെന്നൈയിലെ വ്യാപാരിയായ അംറുദ്ദീൻ ശയ്ഖ് ദാവൂദ് ആണ് ഉമ്മ ജൈലാനാബീവിയുടെ സ്മരണ ലോകം മുഴുവൻ ഓർമിക്കാനായി മറ്റൊരു താജ്മഹൽ പണിതിരിക്കുന്നത്. മുകൾ ചക്രവർത്തി ഷാജഹാനെ പോലെ അധികാരമോ ചെങ്കോലോ ഇല്ല. ജോലിക്കാരെ കൊണ്ട് എല്ല് മുറിയെ പണിയെടുപ്പിക്കാനുള്ള ആജ്ഞാശക്തിയും അംറുദ്ദീൻ ശയ്ഖിനില്ല. മാതാവും പിതാവും വെട്ടിത്തെളിച്ച പാതയിലൂടെ കച്ചവടം നടത്തി സ്വരൂപിച്ച പണം കൊണ്ട് ഉമ്മക്ക് ഏറ്റവും ഉചിതമായ സ്മാരകം ഉണ്ടാകണം എന്ന ആഗ്രഹം രൂപപ്പെട്ടപ്പോൾ അംറുദ്ദീൻ ശയ്ഖിന്റെ മനസ്സിൽ തെളിഞ്ഞു വന്നത് അവാച്യമായ സ്നേഹത്തിന്റെ ഉൾത്തുടിപ്പ് നിറഞ്ഞുനിൽക്കുന്ന താജ്മഹലിന്റെ ചിത്രമായിരുന്നു. 48 കാരനായ അംറുദ്ദീൻ ശയ്ഖ് വളർന്നത് പിതാവിന്റെ പരിലാളനയേൽക്കാതെയായിരുന്നു.

ചെന്നൈയിലെ തുകൽ വ്യാപാരിയായിരുന്ന അബ്ദുൽ ഖാദിർ ശയ്ഖ് ദാവൂദ് മരണപ്പെടുന്നത് 35 വർഷം മുമ്പാണ്. മകനായ അംറുദ്ദീൻ ശയ്ഖിനു അന്നത്തെ പ്രായം പതിനൊന്ന്. തുടർന്ന് അംറുദ്ദീൻ ശയ്ഖിന്റെ പിതാവും മാതാവുമെല്ലാം ജൈലാന ബീവിയായിരുന്നു. പറക്കമുറ്റാത്ത അഞ്ച് മക്കളെ ജൈലാന ബീവിയെ ഏൽപ്പിച്ചാണ് ശയ്ഖ് ദാവൂദ് വിട പറഞ്ഞത്. എന്നാൽ അവർ തളർന്നില്ല. യുവത്വത്തിൽ വിധവയായ ജൈലാന ബീവി ഭർത്താവിന്റെ കച്ചവടം ഏറ്റെടുത്തു. നാല് പെൺമക്കളെയും മകനെയും വളർത്തി. അവർക്കാവശ്യമായ വിദ്യാഭ്യാസവും നൽകി. വിദ്യാർഥിയായിരിക്കെ അംറുദ്ദീൻ ശയ്ഖ് മാതാവിനെ കച്ചവടത്തിൽ സഹായിക്കാനും സമയം കണ്ടെത്തി. ബി എ പൂർത്തീകരിച്ച അംറുദ്ദീൻ ശയ്ഖ് തുടർന്ന് കച്ചവടത്തിൽ ചുവടുറപ്പിച്ചു. ചെന്നൈയിൽ ഹാർവേർഡ് വ്യാപാരം തുടങ്ങി. നാല് സഹോദരിമാരെ കെട്ടിച്ചയച്ചു. അംറുദ്ദീൻ ശയ്ഖും വിവാഹിതനായി കുടുംബ ജീവിതം തുടരുകയായിരുന്നു. അതിനിടെയാണ് 2020 ഡിസംബറിൽ – ജ. ആഖിർ 28ന് ജൈലാന ബീവി മരണപ്പെടുന്നത്. ഏതൊരു മാതാവിന്റെയും മരണം മക്കളെ സങ്കടപ്പെടുത്തുന്ന കാര്യമാണ്. അംറുദ്ദീൻ ശയ്ഖിന് മാതാവിന്റെ വേർപാട് താങ്ങാവുന്നതിനപ്പുറമായിരുന്നു. ജൈലാന ബീവി അംറുദ്ദീൻ ശയ്ഖിന് എല്ലാം തികഞ്ഞ മാതാവായിരുന്നു. മാതാവും പിതാവും സുഹൃത്തും മാർഗ ദർശിയും ഒക്കെ ജൈലാന ബീവിയായിരുന്നു. ഒരിക്കൽ പോലും മാതാവിനെ വേദനിപ്പിക്കുന്ന സംഭവം മകനിൽ നിന്നോ മകനെ പിണക്കുന്ന സാഹചര്യം മാതാവിൽ നിന്നോ ഉണ്ടായിട്ടില്ല. അവർ തമ്മിലുണ്ടായിരുന്നത് തികച്ചും മാതൃകാപരമായ മാതൃ പുത്ര ബന്ധമായിരുന്നു. പ്രവാചകൻ ചൂണ്ടിക്കാണിച്ച സ്വർഗം അംറുദ്ദീൻ ശയ്ഖ് മാതാവിന്റെ കാൽച്ചുവട്ടിൽ കണ്ടിരുന്നു. ജീവിതകാലത്ത് മാതാവിനെ ആവും വിധം സ്നേഹിച്ച മകൻ മാതാവിന്റെ പാരത്രിക ജീവിതം ധന്യമാക്കാനുള്ള മാർഗത്തെകുറിച്ചും ബോധവാനായിരുന്നു. മാതാവിന്റെ മരണദിവസമായ അറബി മാസത്തിലെ എല്ലാ 28ാം തീയതിയിലും ഭക്ഷണ വിതരണം നടത്തിയും പ്രാർഥന നിർവഹിച്ചും ഉമ്മയുടെ പരലോക മോക്ഷത്തിനുള്ള വഴികൾ തുറന്നുവെച്ചു. ആയിരം പേർക്കുള്ള ബിരിയാണി എന്ന രീതിയിലാണ് ഭക്ഷണപ്പൊതി വിതരണം ചെയ്യുന്നതെങ്കിലും അന്ന് അംറുദ്ദീൻ ശയ്ഖിന്റെ സമീപമെത്തുന്ന ആരും നിരാശപ്പെട്ട് മടങ്ങാറില്ല. അറബി മാസം 28 ഉം അമാവാസിയും ഒരു ദിവസമായതിനാൽ മറ്റു മതസ്ഥർ ഈ ദിവസത്തെ ആ രീതിയിലാണ് വിശേഷിപ്പിക്കുന്നത്.

ഭക്ഷണപ്പൊതി വിതരണത്തിൽ മാത്രം ഉമ്മയുടെ ഓർമ പരിമിതപ്പെടരുത് എന്ന ആഗ്രഹപ്രകാരമാണ് എല്ലാ മതസ്ഥർക്കും ആരാധന നടത്താൻ സാധിക്കും വിധം താജ്മഹൽ മാതൃകയിൽ സ്മാരക സൗധം പണിയാൻ അംറുദ്ദീൻ ശയ്ഖ് തീരുമാനിക്കുന്നത്. കുടുംബവുമായി ആലോചിച്ചു ഇതിനായി സ്വന്തം ഗ്രാമമായ തിരുവാരൂരിലെ അമ്മയ്യപ്പനിൽ ഒരു ഏക്കർ സ്ഥലം വാങ്ങി സ്മാരക നിർമാണം ആരംഭിച്ചു. സ്മാരകം താജ്മഹൽ മാതൃകയിലായിരിക്കണമെന്നത് അംറുദ്ദീൻ ശയ്ഖിന്റെ ആഗ്രഹമായിരുന്നു. രാജസ്ഥാനിൽ നിന്ന് മാർബിൾ ഇറക്കുമതി ചെയ്തു അവിടെ തന്നെയുള്ള വിദഗ്ധരായ ജോലിക്കാരെയും കൊണ്ടുവന്നു. ജൈലാന ബീവി മരിച്ചു മൂന്ന് മാസം തികയും മുമ്പേ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. നൂറിലേറെ ജോലിക്കാർ രാവും പകലും പണി ചെയ്തു 8,000 ചതുരശ്ര അടി വിസ്തീർണമുള്ള സൗധം രണ്ട് വർഷംകൊണ്ട് പൂർത്തിയാക്കി. കഴിഞ്ഞ ജൂൺ രണ്ടിന് സന്ദർശകർക്കായി തുറന്നു കൊടുത്തു. 80 ടൺ മാർബിൾ ആണ് നിർമാണത്തിനായി ഉപയോഗിച്ചത്. താജ്്മഹൽ മാതൃകയിൽ പാതയും നടപ്പാതയും പുൽത്തകിടികളും ജലാശയവും ചേർന്നതാണ് അംറുദ്ദീൻ ശയ്ഖ് പണിത മാതാവിന്റെ സ്മാരകസൗധം. ജാതി മത ഭേദമന്യേയുള്ള സന്ദർശകർ ഈ സൗധത്തെ ആരാധനാലയമായാണ് കാണുന്നത്. അകത്തുകയറുന്നവർ ധ്യാനമിരുന്നും പ്രാർഥിച്ചും മടങ്ങുന്നു. ഇതിനോട് ചേർന്ന് പള്ളിയും മദ്്റസയും സ്കൂളും സംവിധാനിച്ചിട്ടുണ്ട്. പള്ളിയിൽ 10 വിദ്യാർഥികൾക്ക് താമസിച്ചു പഠിക്കാനുള്ള ദർസും ആരംഭിച്ചിട്ടുണ്ട്. അംറുദ്ദീൻ ശയ്ഖിന്റെ മാതാവിനുവേണ്ടിയുള്ള പ്രാർഥനയും ഖുർആൻ പാരായണവും ഇവിടെ പതിവായി നടന്നുവരുന്നു. ജൈലാന ബീവിയുടെ സ്മാരക സൗധം ഇന്ന് സഞ്ചാരികളുടെ ആകർഷണകേന്ദ്രമാണ്. സൗധത്തിനു നാട്ടുകാർ പതിച്ചു നൽകിയ പേര് ദക്ഷിണേന്ത്യയിലെ താജ്മഹൽ എന്നാണ്. ശരീരവും മനസ്സും സമ്പത്തും കൊണ്ട് മാതാവിനെ ഇത്രയേറെ സ്നേഹിക്കുന്ന മകൻ മാധ്യമങ്ങൾക്കു മുമ്പിലോ മറ്റു പ്രചാരകർക്കു മുമ്പിലോ പ്രത്യക്ഷപ്പെടാൻ ഇഷ്ടപ്പെടുന്നില്ല എന്നത് അംറുദ്ദീൻ ശയ്ഖിന്റെ മറ്റൊരു മഹത്വമാണെന്നു പറയാം. ഉമ്മക്കു വേണ്ടി ചെയ്യുന്നത് നാലാളെ വിളിച്ചറിയിക്കേണ്ടതല്ല എന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം. മാതാവിനു വേണ്ടി സ്മാരകം നിർമിച്ചതും മറ്റു വിശദീകരണങ്ങളും ലോകമറിയുന്നത് നാട്ടുകാരിലൂടെയാണ്.

---- facebook comment plugin here -----

Latest