Connect with us

feature

അതൃപ്പം നിറഞ്ഞൊരു കല്യാണക്കഥ

റോഡിനെ പുതുമണവാട്ടിയാക്കി ഒരു കല്യാണം. ഒരു പാതയെ നവവധുവാക്കിയൊരുക്കാനാണ് നാടാകെ മംഗല്യം കൊണ്ടാടിയത്. പരസ്പര സഹായത്തിന്റെ അസ്തമിച്ചുപോയ കുറിക്കല്യാണം പുനഃസൃഷ്ടിച്ചാണ് റോഡ് വികസനത്തിനു വേണ്ടി ഫണ്ട് കണ്ടെത്താൻ നാട്ടുകാര്‍ കൈകോര്‍ത്തത്. പഴയ കാലത്ത് മലബാറിൽ നടപ്പിലുണ്ടായിരുന്ന കുറിക്കല്യാണം ( പണപ്പയറ്റ് ) മാതൃകയിൽ നടന്ന റോഡ് കല്യാണം പുതിയ തലമുറക്ക് പഴയകാല ഓർമകളുടെ പങ്ക് വെക്കലുമായി.

Published

|

Last Updated

ഇതാ ഇവിടെയൊരു വ്യത്യസ്തമായ കല്യാണം. മണവാളനും മണവാട്ടിയുമില്ലാത്ത കല്യാണം. അതേ റോഡ് കല്യാണം. റോഡിനെ പുതുമണവാട്ടിയാക്കി ഒരു കല്യാണം. ഒരു പാതയെ നവവധുവാക്കിയൊരുക്കാനാണ് നാടാകെ മംഗല്യം കൊണ്ടാടിയത്. പരസ്പര സഹായത്തിന്റെ അസ്തമിച്ചുപോയ കുറിക്കല്യാണം പുനഃസൃഷ്ടിച്ചാണ് റോഡ് വികസനത്തിനു വേണ്ടി ഫണ്ട് കണ്ടെത്താൻ നാട്ടുകാര്‍ കൈകോര്‍ത്തത്.

കോഴിക്കോട് ജില്ലയിലെ കൊടിയത്തൂര്‍ പഞ്ചായത്തിലെ വെസ്റ്റ് കൊടിയത്തൂര്‍ എന്ന കൊച്ചു ഗ്രാമം കഴിഞ്ഞ ഞായറാഴ്ച സാക്ഷിയായത് ഏറെ അതൃപ്പങ്ങള്‍ നിറഞ്ഞൊരു പുതുമംഗല്യത്തിനാണ്. പതിറ്റാണ്ടുകളായി തങ്ങളുടെ നാടിന്റെ അടിസ്ഥാന പ്രശ്നമായ റോഡ് യാഥാര്‍ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ നാടൊരുമിച്ച് നില്‍ക്കുകയായിരുന്നു.

കല്യാണത്തീയതി നിശ്ചയിച്ചതു മുതൽ അതിനുള്ള ഒരുക്കത്തിലായിരുന്നു നാട്ടുകാർ. പഴയ കുറിക്കല്യണത്തെ അനുസ്മരിപ്പിക്കും വിധം പനയോലയും ഓലയും മേഞ്ഞ പന്തലൊരുങ്ങി. വിഭവങ്ങളൊരുക്കി, നാട്ടുത്സവമായി റോഡുകല്യാണം പൊടിപൊടിച്ചു.
പതിറ്റാണ്ടുകളായി തങ്ങളുടെ നാട് അനുഭവിക്കുന്ന ഗതാഗത പ്രശ്നത്തിന് ആദ്യം അവര്‍ പല വഴികളായി അന്വേഷണം നടത്തി. സ്ഥലം ലഭ്യമായാല്‍ റോഡ് ടാറിംഗ് ചെയ്യാമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയതോടെ സ്ഥലമെടുപ്പിന് ഒന്നിച്ചിറങ്ങുകയാണ് പരിഹാരമെന്ന് കണ്ടെത്തുകയായിരുന്നു. ഒട്ടും കാത്ത് നില്‍ക്കാതെ വികസന സമിതി രൂപവത്കരിച്ച് പ്രവര്‍ത്തനവുമാരംഭിച്ചു.

1.2 കിലോമീറ്റര്‍ ദൂരമുള്ള റോഡ് ആറ് മീറ്റര്‍ വീതിയിലേക്ക് മാറ്റണമെങ്കില്‍ 107 കുടുംബങ്ങള്‍ സ്ഥലം നല്‍കണം. പള്ളിയും അമ്പലവും സ്കൂളും അങ്കൺവാടിയും മദ്റസയും ഇതില്‍ പെടും. ജാതി മത രാഷ്ട്രീയ ഭേദമന്യേ ഒന്നിച്ചിറങ്ങിയതോടെ ഓരോരുത്തരായി സ്ഥലം വിട്ടുനല്‍കി. പല വീടുകളുടെയും മതിലുകളും നിരവധി കാര്‍ഷിക വിളകളും സ്ഥലം വിട്ട് നല്‍കുന്നവര്‍ക്ക് നഷ്ടപ്പെടും. ഇതോടെ വികസന സമിതിയുടെ നേതൃത്വത്തില്‍ എല്ലാ വീടുകള്‍ക്കും മതില്‍ നിർമിച്ച് നല്‍കാന്‍ ധാരണയായി. ഇതിന് 60 രക്ഷത്തിലധികം രൂപ ചെലവ് വരും. നാട്ടുകാരും പ്രവാസികളും ആദ്യ ഘട്ടത്തില്‍ സഹായം നല്‍കി. എന്നാല്‍ ലക്ഷ്യത്തിലെത്താനായില്ല. പരിഹാരമായി റോഡിന്റെ പേരില്‍ ഒരു കല്യാണം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യ അഭിപ്രായത്തിൽ അത്ഭുതവും കൗതുകമുണർത്തി, തുടർന്ന് അത് യാഥാർഥ്യമാകുകയായിരുന്നു. നടത്തിപ്പിനായി നാട്ടുകാർ ഒന്നിച്ചു. പിന്നീടൊട്ടും താമസിച്ചില്ല. തീയതി കുറിച്ച് കല്യാണത്തിന്റെ ഒരുക്കത്തിലേക്ക് പ്രവേശിച്ചു. പഴയകാല കുറിക്കല്യാണ മാതൃകയില്‍ വരുന്നവരെല്ലാം സംഭാവന നല്‍കുക. കല്യാണത്തിന് നാട്ടുകാർ പങ്ക് കൊള്ളുകയും പരിസര പ്രദേശത്തുകാരെ പ്രത്യേകം ക്ഷണിക്കുകയും ചെയ്തു. ഓലപ്പന്തലും തോരണങ്ങളുമൊരുക്കി ആര്‍ഭാടമായി നടന്ന കല്യാണത്തില്‍ പങ്കെടുത്തത് രണ്ടായിരത്തിലധികം ആളുകള്‍.

അഞ്ഞൂറോളം കുടുംബങ്ങൾ താമസിക്കുന്ന ഇവിടെ നിന്ന് വിവാഹം കഴിച്ചു പോയവരും മരുമക്കളും ഉൾപ്പെടെ സമീപ പ്രദേശത്തുകാരും പരിപാടിയിൽ പങ്കെടുത്ത് റോഡ് കല്യാണം കേമമാക്കി. മൂന്ന് മണിക്ക് ആരംഭിക്കുമെന്ന് അറിയിച്ച പരിപാടിയുടെ മണിക്കൂറുകള്‍ മുമ്പ് തന്നെ അതിഥികള്‍ എത്തിത്തുടങ്ങി. എട്ട് മണിക്ക് സമാപിക്കുമെന്ന് അറിയിച്ച പരിപാടി ആളുകളുടെ വരവുകാരണം ഏറെ വൈകിയാണ് അവസാനിപ്പിക്കാനായത്.

പഴയ കാലത്ത് മലബാറിൽ നടപ്പിലുണ്ടായിരുന്ന കുറിക്കല്യാണം (പണപ്പയറ്റ് ) മാതൃകയിൽ നടന്ന റോഡ് കല്യാണം പുതിയ തലമുറക്ക് പഴയകാല ഓർമകളുടെ പങ്ക് വെക്കലുമായി. മലബാറിലെ നാട്ടിൻ പുറങ്ങളിൽ ചായപ്പീടികകളിൽ വെച്ചായിരുന്നു കുറിക്കല്യാണങ്ങൾ നടത്താറുണ്ടായിരുന്നതെങ്കിൽ അതേ മാതൃകയിൽ ചായ മക്കാനികൾ പുനരാവിഷ്കരിച്ചാണ് റോഡ് കല്യാണത്തിലും രംഗം കൊഴുപ്പിച്ചത്. പഴയ കാലത്ത് കല്യാണപ്പന്തൽ സജ്ജീകരിക്കുന്ന മാതൃകയിൽ ഈന്ത് പട്ട, തെങ്ങോല മടൽ എന്നിവ ഉപയോഗിച്ചാണ്‌ പന്തലൊരുക്കിയത്.
ഓരോ വീട്ടിലെയും പ്രായം ചെന്നവർമുതൽ കൊച്ചു കുഞ്ഞുങ്ങൾ വരെ ആവേശത്തോടെ പങ്കാളികളായി.

കുഞ്ഞുങ്ങൾ കാശിക്കുഞ്ചിൽ ശേഖരിച്ചുവെച്ച നാണയത്തുട്ടുകൾ വരെ പരിപാടിയിലേക്ക് നൽകി അണ്ണാരക്കണ്ണനും തന്നാലായത് എന്ന രീതിയിൽ അവരുടെ പങ്ക് നിവഹിച്ചു. ഇതെല്ലാം ഒരു കൗതുക ക്കാഴ്ചക്കപ്പുറം കുട്ടികളിലെ പൊതുബോധത്തെയും ഉണർത്തുന്നതായിരുന്നു. കല്യാണത്തിന് എത്തുന്നവർ അവരാൽ ആകുന്ന സഹായങ്ങൾ നൽകുമ്പോൾ നാട്ടുകാര്‍ കോഴി ബിരിയാണിയും ചായയും പലഹാരങ്ങളും വയറു നിറച്ച് നല്‍കി. കല്യാണ വീട്ടിലേതു പോലെ അതിഥികളെ സത്കരിച്ച് യുവാക്കളും കാരണവന്മാരും ഓടിനടന്നു. റോഡ് കല്യാണം ഗംഭീരമാക്കാൻ പ്രദേശത്തെ കലാകാരന്മാരുടെ വക കലാപരിപാടികളും അരങ്ങേറി.

---- facebook comment plugin here -----

Latest