Connect with us

Kerala

ആരോഗ്യ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നത് കൈക്കൂലി ചോദിച്ചവര്‍; സര്‍ക്കാറിനെതിരെ വീണ്ടും ഡോ. പ്രഭുദാസ്

ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയിലെ പല അംഗങ്ങളും ബില്ലുകള്‍ മാറാന്‍ കൈക്കൂലി ആവശ്യപ്പെടുകയാണെന്നും ഇത് തടയാന്‍ ശ്രമിച്ചതാണ് തനിക്കെതിരായ നീക്കങ്ങള്‍ക്ക് കാരണമെന്നും പ്രഭുദാസ്

Published

|

Last Updated

പാലക്കാട്  | സര്‍ക്കാരിനെതിരേ വീണ്ടും രൂക്ഷവിമര്‍ശവുമായി അട്ടപ്പാടിയിലെ ട്രൈബല്‍ നോഡല്‍ ഓഫീസര്‍ ഡോ. പ്രഭുദാസ്. ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയിലെ പല അംഗങ്ങളും ബില്ലുകള്‍ മാറാന്‍ കൈക്കൂലി ആവശ്യപ്പെടുകയാണെന്നും ഇത് തടയാന്‍ ശ്രമിച്ചതാണ് തനിക്കെതിരായ നീക്കങ്ങള്‍ക്ക് കാരണമെന്നും പ്രഭുദാസ് ആരോപിച്ചു. ആശുപത്രി മാനേജ്‌മെന്റിലെ പല അംഗങ്ങളും കൈക്കൂലി ചോദിച്ചതായും പലര്‍ക്കും കൊടുത്തതായും പരാതി ലഭിച്ചിട്ടുണ്ട്. കൈക്കൂലി കിട്ടിയാലേ ഒപ്പിട്ട് നല്‍കൂ എന്ന് പറഞ്ഞവര്‍ തന്നെയാണ് കഴിഞ്ഞ ദിവസം മന്ത്രിയുടെ ഒപ്പം ഉണ്ടായിരുന്നതെന്നും പ്രഭുദാസ് മാധ്യമങ്ങളോട് പറഞ്ഞു.

കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലെ മാതൃശിശു വാര്‍ഡ് പ്രവര്‍ത്തനസജ്ജമാക്കാനും ലിഫ്റ്റ് നിര്‍മിക്കാനും ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് പല തവണ കത്തയച്ചെങ്കിലും സര്‍ക്കാര്‍ പരിഗണിച്ചില്ല. ഇക്കാര്യങ്ങളിലൊക്കെ മന്ത്രിയെ ഉള്‍പ്പെടെ തെറ്റിദ്ധരിപ്പിക്കുകയാണ് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങള്‍ ചെയ്തത്. സര്‍ക്കാര്‍ താന്‍ അടക്കമുള്ളവരുടെ അഭിപ്രായം ആരാഞ്ഞിട്ടില്ല. ചെയ്യാത്ത കുറ്റത്തിന് തനിക്കെതിരേ എന്ത് നടപടിയുണ്ടായാലും പ്രശ്നമില്ലെന്നും പ്രഭുദാസ് പറഞ്ഞു.

ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അട്ടപ്പാടി സന്ദര്‍ശിച്ചപ്പോള്‍ നോഡല്‍ ഓഫീസറായ തന്നെ ബോധപൂര്‍വം മാറ്റിനിര്‍ത്തിയെന്ന് ഡോ. പ്രഭുദാസ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഞായറാഴ്ച മന്ത്രി അട്ടപ്പാടി സന്ദര്‍ശിച്ചപ്പോള്‍ ഇല്ലാത്ത മീറ്റിങ്ങിന്റെ പേരില്‍ തന്നെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചെന്നും ആരോഗ്യവകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥരാണ് ഇതിനുപിന്നിലെന്നും അദ്ദേഹം ആരോപിച്ചു.പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ശിശുമരണംനടന്ന ഊരുകളിലെത്തുന്നതിനുമുമ്പ് ഊരുകളിലെത്താനുള്ള തിടുക്കമാണ് ആരോഗ്യവകുപ്പ് മന്ത്രിയുടെ അട്ടപ്പാടിയിലെ മിന്നല്‍ സന്ദര്‍ശനത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞിരുന്നു

 

Latest