National
മണിപ്പൂരില്‍ ഹെലിപാഡ് പരിശോധനക്കിടെ പോലീസുകാരനെ വെടിവച്ചു കൊന്നു
ചിങ് തം ആനന്ദ് എന്ന പോലീസുകാരനാണ് കൊല്ലപ്പെട്ടത്.
ഇംഫാല്‍| മണിപ്പൂരില്‍ പോലീസുകാരനെ വെടിവച്ചു കൊന്നു. മൊറേയിലാണ് സംഭവം. ചിങ് തം ആനന്ദ് എന്ന പോലീസുകാരനാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നില്‍ കുക്കി സായുധ സംഘമാണെന്നാണ് പ്രാഥമിക വിവരം. ഇന്ന് രാവിലെ 9.30 ന് മ്യാന്മര് അതിര്‍ത്തിയോട് ചേര്‍ന്ന മൊറേയിലാണ് സംഭവമുണ്ടായത്. മോറെ സബ് ഡിവിഷണല്‍ പോലീസ് ഓഫീസറാണ് ചിങ് തം ആനന്ദ്.
അതിര്‍ത്തി പട്ടണത്തില്‍ പുതുതായി നിര്‍മ്മിച്ച ഹെലിപാഡ് പരിശോധിക്കുന്നതിനിടെയാണ് സംഭവം. പോലീസ് ഓഫീസറുടെ വയറ്റിലൂടെ വെടിയുണ്ട തുളച്ച് കയറുകയായിരുന്നു. പരിക്കേറ്റ പോലീസുകാരനെ മോറെയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു. അക്രമികളെ പിടികൂടാനുള്ള തെരച്ചില്‍ പോലീസ് ആരംഭിച്ചിട്ടുണ്ട്.
പോലീസുകാരന്റെ കൊലപാതകത്തില്‍ അഗാധമായ ദുഃഖമുണ്ടെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് അനുശോചിച്ചു. ജനങ്ങളെ സേവിക്കാനും സംരക്ഷിക്കാനുമുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണം എന്നും ഓര്‍മ്മിക്കപ്പെടും. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും മണിപ്പൂര്‍ മുഖ്യമന്ത്രി പറഞ്ഞു.