Connect with us

feature

സാക്ഷരതാ മിഷനുമായി ഒരു ബിരിയാണി വണ്ടി

ഡൽഹിയിലെ ഭിക്ഷാടകരായ കുഞ്ഞുങ്ങളുടെ മുഖം കണ്ടു, ഇന്ത്യയുടെ ഹൃദയഗ്രാമങ്ങളിലേക്ക് ഇറങ്ങിച്ചെന്നപ്പോൾ കണ്ട കാഴ്ചകൾ പങ്കുവെക്കുകയാണ് ലേഖകൻ. നാട്ടിലെ സ്വസ്ഥ ജീവിതം മാത്രമല്ല, ജീവിത സംതൃപ്തിയുടെ മാനകം. വിഭവ ദൗർലഭ്യതയുള്ള ജനതകളിലേക്ക് നമ്മെ ക്ഷണിക്കാതെ തന്നെ കയറി ച്ചെന്ന്, വിജ്ഞാനം നൽകുമ്പോൾ ഉണ്ടാകുന്ന പരിവർത്തനങ്ങൾ മഹത്തായിരിക്കുമെന്നും അനുഭവ വെളിച്ചത്തിൽ പങ്ക് വെക്കുന്നു.

Published

|

Last Updated

യാത്രകൾ പണ്ടേ ഇഷ്ടമായിരുന്നു. ഓരോ ജനതയെയും ആഴത്തിൽ അറിയാനും അനുഭവിക്കാനും അവർക്കിടയിലേക്ക് നടത്തുന്ന യാത്രകൾ വഴി കഴിയും. അവരെക്കുറിച്ചു എഴുതപ്പെട്ട അഞ്ചോ പത്തോ പുസ്തകങ്ങൾ വായിച്ചാലും ആ അറിവിന്റെ അടുത്തെത്തില്ല. അങ്ങനെ, സാമൂഹിക പഠനം എന്ന നിലയിൽ നടത്തിയ നോർത്ത് ഇന്ത്യൻ യാത്രകൾ ഉള്ളിൽ ചില വിക്ഷുബ്ധതകൾ ഉണ്ടാക്കി. അതിൽ പ്രധാനം, വിദ്യാഭ്യാസമോ അതിജീവന വഴികളോ ഇല്ലാത്ത കുട്ടികളുടെ ദൃശ്യങ്ങൾ ഉണ്ടാക്കിയ അലട്ടലുകൾ ആയിരുന്നു.

ലോകത്തെ ഏറ്റവും വൈവിധ്യം ഉള്ള നാടാണ് ഇന്ത്യ. ഇത്രമേൽ ഭാഷാ വൈജാത്യവും ഭൂമിശാസ്ത്ര വ്യത്യസ്തതയും സാംസ്‌കാരിക ബഹുത്വവും എവിടെയും കാണണമെന്നില്ല. ഡൽഹി ജമാ മസ്ജിദ് പരിസരങ്ങളിൽ ഒരു ദിനം ചെലവഴിച്ചാൽ അറിയാം, ഇന്ത്യയുടെ മഹത്തായ സങ്കലന സംസ്‌കൃതിയുടെ വ്യാപ്തി. ഡൽഹിയിലെത്തിയ ആദ്യ സമയത്തു തന്നെ, മനുഷ്യരുടെ വൈചിത്ര്യം കണ്ടു അന്ധാളിച്ചു പോയിരുന്നു. ഓൾഡ് ഡൽഹിയിലെ ദരിയാഗഞ്ചു മുതൽ ജമാ മസ്ജിദ് വരെ നടക്കുമ്പോൾ, ഇരുപതു കുട്ടികളെങ്കിലും ഭിക്ഷാപാത്രം നീട്ടി. കരൾ പിളർത്തുന്ന കാഴ്ച. നാല് മുതൽ പന്ത്രണ്ട് വയസ്സ് വരെ പ്രായമുള്ളവർ. അവർക്ക് പത്തോ, നൂറോ നൽകാം. അതുകൊണ്ട് കുട്ടികളുടെ പ്രശ്നം ലേശമെങ്കിലും പരിഹരിക്കപ്പെടുമോ. ഇല്ല.
2015ലാണ് ഉത്തരേന്ത്യയിലേക്ക് പുറപ്പെട്ടത്. ആദ്യം ഗുജറാത്തിലേക്കാണ് എത്തിയത്. അവിടെ അലിട്ട് ക്യാമ്പസ് രൂപവത്കരണ പ്രവർത്തനങ്ങളിൽ പങ്കാളിയായി ആ വർഷം. കച്ചവടക്കാരായിരുന്നു പൊതുവിൽ ഗുജറാത്തികൾ എന്നതിനാൽ അവിടെ സാമൂഹിക അവസ്ഥ ഭേദമായിരുന്നു. പിന്നീട്, കുറേക്കൂടി വിഭവ ദൗർലഭ്യം അനുഭവിക്കുന്ന സ്ഥലങ്ങളിലേക്ക് നീങ്ങാൻ ഞാൻ തീരുമാനിച്ചു.

2016ൽ തലസ്ഥാന നഗരിയിലേക്ക് തിരിച്ചു. അഞ്ച് വർഷം മുമ്പ് കണ്ട ഡൽഹിയുടെ ചിത്രത്തിൽ കാര്യമായ മാറ്റമൊന്നുമില്ല. നേരത്തെ കണ്ട കുട്ടികൾക്ക് പകരം, പുതിയ കുട്ടികൾ വന്നിരിക്കുന്നു ഭിക്ഷാപാത്രവുമായി. ശേഷം, യു പി, പഞ്ചാബ് എന്നിവിടങ്ങളിൽ മുമ്മൂന്ന് മാസം ചെലവഴിച്ചു. കുടുംബം കൂടെയുണ്ട് അപ്പോൾ. ഓരോ സ്ഥലത്തും പുതിയ സ്‌കൂളുകളിലേക്ക് മക്കളെ മാറി മാറി ചേർത്തു. ഈ മൂന്ന് ദേശങ്ങളിലൂടെയുള്ള നിരന്തര സഞ്ചാരങ്ങളും അവിടങ്ങളിലെ മനുഷ്യരുമായുള്ള സമ്പർക്കങ്ങളും അവരുടെ അടിസ്ഥാന പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചില ധാരണകൾ തന്നു. അതിലേറ്റവും പ്രധാനം, ഗ്രാമങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സൗകര്യ കുറവുകളായിരുന്നു. സ്‌കൂളുകൾ ഇല്ലാത്തത്, ഉള്ള സ്‌കൂളുകളിൽ ഒട്ടും സൗകര്യം ഇല്ലാത്തത്, മുസ്്ലിം കുട്ടികൾക്ക് മദ്റസകൾ ഇല്ലാത്തത്, ഉള്ളയിടങ്ങളിൽ ഒരു പരിശീലനവും ലഭിക്കാത്ത ആളുകൾ അധ്യാപനം നടത്തുന്നത് എല്ലാം, മാറാനാകാത്ത സാമൂഹിക അരക്ഷിതാവസ്ഥയിലേക്ക് വിദ്യാർഥികളെ തള്ളി വിടുന്നുവെന്നു മനസ്സിലാക്കാൻ കഴിഞ്ഞു.

ആ യാത്രകൾ പിന്നെയും തുടർന്നു. 2018ൽ ഹരിയാന, രാജസ്ഥാൻ, കശ്മീർ എന്നീ സംസ്ഥാനങ്ങളിലായിരുന്നു. ഒരിക്കൽ രാജസ്ഥാനിലെ ബീംലാക ഗ്രാമം സന്ദർശിച്ചപ്പോൾ അവിടെ മദ്റസകൾക്ക് സമാനമായി പ്രവർത്തിക്കുന്ന മക്തബകളിൽ ഒന്നിലെ മൗലാനയോട് ചോദിച്ചു; ഈ ഗ്രാമത്തിൽ എത്ര കുട്ടികൾ ഉണ്ടെന്ന്. അദ്ദേഹം പറഞ്ഞു, അൻപത് പേരാണെന്ന്. അതിലേറെ ഉണ്ടാകുമെന്നു ആ ഗ്രാമത്തിലേക്ക് കൂടുതൽ ഇറങ്ങിയപ്പോൾ തോന്നി. അവരുടെ ദരിദ്രാവസ്ഥ കണ്ടപ്പോൾ ഒരു നേരത്തെ ഭക്ഷണം നൽകാൻ തീരുമാനിച്ചു. ഒരു സുഹൃത്തുമായി ബന്ധപ്പെട്ട് അതിനു വേണ്ട പണം സംഘടിപ്പിച്ചു. വിഭവ സമൃദ്ധമായ ബിരിയാണി നൽകിയപ്പോൾ കുട്ടികൾ ഇരച്ചെത്തി. അവരുടെ കണക്കെടുത്തു. ഇരുനൂറു പേരുണ്ടായിരുന്നു. ആ അനുഭവം ഉണ്ടക്കിയ വലിയൊരു തിരിച്ചറിവ്, വിദ്യാർഥികൾക്ക് വിദ്യാഭ്യാസം നൽകണമെങ്കിൽ, ആദ്യം ഭക്ഷണം നൽകി അവരുടെ ഇഷ്ടം സമ്പാദിക്കണമെന്നതായിരുന്നു. പിന്നീട്, ഡൽഹി കേന്ദ്രീകരിച്ചു ത്വയ്ബ ഹെറിറ്റേജിന്റെ പ്രവർത്തനങ്ങൾ ക്രമീകരിച്ചപ്പോൾ, അതിൽ മുഖ്യമായ ഒരു പ്രോജക്ട് ആയി ദരിദ്ര ഗ്രാമങ്ങളിലെ ഭക്ഷണ വിതരണവും അതുവഴി വിദ്യാഭ്യാസ സംവിധാനങ്ങൾ ആരംഭിക്കലും മാറ്റിയെടുത്തു. അങ്ങനെയാണ് “ഫുഡ് ഓൺ വീൽസ് ‘ എന്ന പദ്ധതി തുടങ്ങിയത്.

2019ലെ ദൽഹി കലാപവും, തുടർന്ന് വന്ന ലോക് ഡൗണും അനേകം ഗ്രാമങ്ങളിൽ പട്ടിണി നിറച്ചു. ഡൽഹി കലാപത്തിന്റെ പിറ്റേ ദിവസങ്ങളിൽ തന്നെ അവിടെയെത്തി. കരൾ പിളർത്തുന്ന കാഴ്ചകൾ. ഗല്ലികളിൽ മുസ്്ലിം വീടുകളും കടകളും അഗ്‌നിക്കിരയായിരിക്കുന്നു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ നിലവിളി ഹൃദയ ഭേദകം. അത്തരം ചില വീടുകളിൽ ചെന്നപ്പോൾ, എന്താണ് കലാപം എന്നോ, തങ്ങളുടെ പിതാവ് യാത്രയായി എന്നോ അറിയാതെ വിശന്നു നിലവിളിക്കുന്ന കുട്ടികളുടെ ചിത്രങ്ങൾ മനസ്സിൽ ഉലച്ചിൽ ഉണ്ടാക്കി. അവിടേക്ക് ഭക്ഷണം എത്തിക്കുക എന്നത് പ്രധാനപ്പെട്ടൊരു ദൗത്യമായിരുന്നു. ആ വിഷമാവസ്ഥ സാമൂഹിക മാധ്യമം വഴി പങ്കുവെച്ചപ്പോൾ അനേകം ആളുകൾ സഹായം നീട്ടി. അതെല്ലാം സമാഹരിച്ചു, ഭക്ഷണം പാകം ചെയ്‌തെത്തിച്ചും ഭക്ഷണ വിഭവങ്ങൾ നൽകിയും, കലാപ ബാധിത പ്രദേശത്തെ കുടുംബങ്ങൾക്ക് എത്തിച്ചു. ആ ചോറ് കണ്ടപ്പോൾ, കുഞ്ഞുങ്ങളുടെ മുഖത്തു വന്ന തിളക്കം വിവരണാതീതമായിരുന്നു.

പിന്നീട്, “ഫുഡ് ഓൺ വീൽസ്’ ഏറെ ജനകീയമായി. ദരിദ്ര ഗ്രാമങ്ങൾ തിരഞ്ഞെടുത്ത്, അവിടേക്ക് വിവിധ വ്യക്തികൾ വഴി ഭക്ഷണം സ്‌പോൺസർ ചെയ്യിച്ചു എത്തിക്കുകയായിരുന്നു. ഈ പ്രവർത്തനങ്ങൾ ക്രോഡീകരിക്കാൻ എം എസ് ഡബ്ല്യു പൂർത്തിയാക്കിയ ഒരാളുടെ നേതൃത്വത്തിൽ മൂന്നംഗ സംഘത്തെയും ഒരു വാഹനത്തെയും ഏർപ്പാടാക്കി.
ഇവരുടെ പ്രവർത്തനം ഇങ്ങനെയായിരുന്നു: ചിക്കൻ ബിരിയാണി, മന്തി പോലുള്ള വിഭവ സമൃദ്ധമായ ഭക്ഷണം ഉണ്ടാക്കി ഓരോ ദിവസവും രാവിലെ പതിനൊന്നു മണിയോടെ ഗ്രാമത്തിൽ നേരത്തെ അറിയിപ്പ് നൽകി എത്തും. ഗ്രാമമുഖ്യന്മാരും കുട്ടികളും സ്ത്രീകളും എല്ലാം കാത്തിരിക്കുന്നുണ്ടാകും. ചിലയിടങ്ങളിൽ അവിടെത്തന്നെ പാചകം ചെയ്യുന്ന രീതിയും സ്വീകരിച്ചു. ഭക്ഷണം വിതരണം ചെയ്യാനും പാചകം ചെയ്യാനും ഒരാൾ നേതൃത്വം നൽകുമ്പോൾ മറ്റുള്ളവർ, ഗ്രാമ മുഖ്യന്മാരുമായി സംസാരിക്കുന്നു. അവിടുത്തെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥയും കുട്ടികളുടെ ദുരിതവും മനസ്സിലാക്കുന്നു.

ചെറുപ്രായത്തിലേ കുട്ടികളെ തൊഴിലിനു അയക്കരുതെന്നും അവർക്ക് വിദ്യാഭ്യാസം ലഭിക്കാൻ സ്‌കൂളുകളും മദ്റസകളും തുറക്കണമെന്നും ഉണർത്തുകയും ചെയ്യുന്നു. തങ്ങളുടെ ഗ്രാമത്തിലേക്ക് ആദ്യമായി രുചികരമായ ഭക്ഷണവുമായി എത്തിയവരുടെ വാക്കുകൾ അവർ കേൾക്കുന്നു. കുട്ടികളെ പഠിക്കാൻ വിടാൻ സന്നദ്ധത കാണിക്കുന്നു. അങ്ങനെയുള്ള രണ്ടോ മൂന്നോ ഗ്രാമങ്ങളിലെ പ്രവർത്തനങ്ങൾ നടത്താൻ, പരിശീലനം നേടിയ യുവ പണ്ഡിതരെ നിയോഗിക്കുന്നു. അവർ വർഷങ്ങൾ ചെലവിട്ട് അവിടങ്ങളിൽ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നു. പതിയെ ഗ്രാമത്തിന്റെ ചിത്രം മാറുന്നു. കുട്ടികൾ പഠനത്തിന്റെ രസം അനുഭവിക്കുന്നു. അവർ ഇംഗ്ലീഷും അറബിയും വായിക്കുന്നതും എഴുതുന്നതും കണ്ട് പഴയ തലമുറ ഭാവിയിലെ വൈജ്ഞാനിക വസന്തം പ്രതീക്ഷിച്ചു പ്രസന്ന ഭാവത്തിൽ ഇരിക്കുന്നു. ഇങ്ങനെ സമൂലമായ മാറ്റമാണ് ഫുഡ് ഓൺ വീൽസ് വഴി ചെയ്യുന്നത്.

ഇതിനകം ഡൽഹി, രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, യു പി, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ അറുനൂറിലേറെ ഗ്രാമങ്ങളിൽ ഫുഡ് ഓൺ വീൽസ് എത്തുകയും അവിടെങ്ങളിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. ചില പ്രദേശങ്ങളിൽ ആ പ്രവർത്തനങ്ങൾ വിപുലമായ പദ്ധതികൾ ആയി വികസിച്ചു വന്നു.

ഈ പദ്ധതികൾക്ക് പണം കണ്ടെത്തുന്നത്, ഫുഡ് ഓൺ വീൽസിൽ കുട്ടികളുടെ ഭക്ഷണത്തിനു പണം തരുന്നവരിലൂടെയാണ്. ഒരു കുട്ടിക്കുള്ള ഭക്ഷണത്തിനു നൂറു രൂപ നൽകുമ്പോൾ, അതിലെ ഭക്ഷണം നൽകി ബാക്കിയുള്ള നിശ്ചിത ശതമാനം വിദ്യാഭ്യാസ ചെലവിലേക്ക് നീക്കിവെക്കുന്നു. സ്വന്തം പിറന്നാൾ, വീട്ടിലെ വിവാഹങ്ങൾ, വീടു കൂടൽ, മക്കളുടെ പിറന്നാൾ, പ്രിയപ്പെട്ടവരുടെ വിരഹ ശേഷം എന്നിവയുടെ എല്ലാം വിഹിതത്തിൽ നിന്ന് ഒരു ഭാഗം നീക്കിവെച്ചു മലയാളികളും അല്ലാത്തവരുമായ ആയിരങ്ങൾ ഈ പദ്ധതിയുമായി വലിയ തോതിൽ സഹകരിച്ചത്.
ആ കാലത്ത് ഒരു സംസ്ഥാനത്ത് മറ്റൊരിടത്തേക്ക് മാറുമ്പോൾ, വൈമനസ്യം ഒന്നുമില്ലാതെ കൂടെയുണ്ടായിരുന്നു ഭാര്യ ഉമ്മുൽ ഫസ്്ലയും. സ്ത്രീകൾക്ക് ക്ലാസെടുക്കാനും പരിശീലനം നൽകാനും ആ കൂടെപ്പോരൽ അവസരമൊരുക്കി.

നമ്മുടെ സ്വസ്ഥ ഏരിയകൾ വിട്ട് ഇന്ത്യയെ അറിയാൻ ശ്രമിക്കണം. ഒരു സഹജീവിക്കെങ്കിലും സഹായം നൽകാൻ പറ്റണം. അങ്ങനെ ഒരു ചിരാത് കത്തിക്കാൻ പറ്റണം. ഉത്തരേന്ത്യയിലെ കടും ചൂടിലും തണുപ്പിലും ജീവിതം പ്രസാദാത്മകമായി മുന്നോട്ടു പോകുന്നത് അത്തരം കർമങ്ങൾ ഉണ്ടാക്കുന്ന സംതൃപ്തിയുടെ ബലത്തിലാണ്.

---- facebook comment plugin here -----

Latest