Connect with us

Oddnews

105 കുട്ടികള്‍ വേണം; അതിശയിപ്പിക്കുന്ന ആഗ്രഹവുമായി 11 മക്കളുടെ അമ്മ

Published

|

Last Updated

മോസ്‌കോ | മാതൃത്വത്തോട് ആസക്തിയുള്ള റഷ്യക്കാരിയായ ക്രിസ്റ്റീന ഓസ്റ്റുര്‍ക്കാണ് സാമൂഹിക മാധ്യമങ്ങളിലെ താരം. 23 വയസുള്ള ക്രിസ്റ്റീന 11 കുട്ടികളുടെ അമ്മയാണ്. തനിക്ക് ചുരുങ്ങിയത് 105 കുഞ്ഞുങ്ങളെങ്കിലും വേണമെന്ന ആഗ്രഹമാണ് അവര്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചിരിക്കുന്നത്. ഇത്രയധികം കുഞ്ഞുങ്ങളെ ലഭിക്കുകയെന്നത് അസാധ്യമാണെന്ന് കോടീശ്വര കുടുംബമായ ക്രിസ്റ്റീനയ്ക്കും 56 കാരനായ ഭര്‍ത്താവ് ഗാലിപിനും അറിയാം. എന്നാല്‍ ഇരുവരും വാടക ഗര്‍ഭധാരണത്തിലൂടെ ആഗ്രഹം സഫലമാക്കാനൊരുങ്ങുകയാണ്.

11 കുട്ടികളില്‍ മൂത്ത മകള്‍ വിക്ക മാത്രമാണ് സ്വാഭാവിക ഗര്‍ഭത്തിലൂടെ ജനിച്ചത്. ബാക്കിയുള്ള പത്തുപേരുടെയും ജനനം വാടക ഗര്‍ഭധാരണത്തിലൂടെയാണ്.

ജോര്‍ജിയയിലെ ബറ്റുമയിലാണ് ദമ്പതികള്‍ ഇപ്പോള്‍ താമസിക്കുന്നത്. കുട്ടികളോട് അതിയായ ഇഷ്ടമാണെന്നും അവരെ പരിപാലിക്കുന്നത് ആസ്വദിക്കാറുണ്ടെന്നും ക്രിസ്റ്റീന പറഞ്ഞു. കുറച്ച് കുട്ടികളില്‍ മാതൃത്വം ഒതുക്കി നിര്‍ത്താന്‍ പദ്ധതിയില്ല. കൂടുതല്‍ കുഞ്ഞുങ്ങള്‍ അരികിലുണ്ടാകുമ്പോഴാണ് ജീവിതം സുന്ദരമാകുകയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സാമൂഹിക മാധ്യമത്തില്‍ നിരവധി ഫോളോവര്‍മാരുള്ള ഈ ദമ്പതികള്‍ കുട്ടികള്‍ക്കൊപ്പമുള്ള ഫോട്ടോകള്‍ പതിവായി അപ്ലോഡ് ചെയ്യാറുണ്ട്. ഇവരുടെ ഇളയ കുഞ്ഞ് ബൊളീവിയ 2021 ജനുവരി 16 നാണ് ജനിച്ചത്.

Latest