Connect with us

International

ലോക കായിക മാമാങ്കത്തിന് ഇന്ന് ടോകിയോയില്‍ തിരി തെളിയും

Published

|

Last Updated

ടോകിയോ |  ലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കമായ ഒമ്പിക്‌സിന് ഇന്ന് ജാപ്പനീസ് തലസ്ഥാനമായ ടോകിയോയില്‍ തുടക്കം. ലോകം മുഴുവന്‍ കൊവിഡ് എന്ന മഹാമാരിയില്‍ വിറങ്ങലിച്ച് നില്‍ക്കവെയാണ് ഇത്തവണ ഒളിമ്പിക്‌സ്. ഇതിനാല്‍ കാണികള്‍ക്ക് മറ്റും സ്റ്റേഡിയത്തില്‍ കനത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പതിനൊന്നായിരം കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ടോക്കിയോ നാഷണല്‍ സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 4.30നാണ് ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങുക. ഉദ്ഘാടന ചടങ്ങിലേക്ക് കാണികള്‍ക്ക് നിയന്ത്രണമുണ്ട്. എന്നാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പ്രമുഖ നേതാക്കള്‍ ഉദ്ഘാടന ചടങ്ങിന് സാക്ഷിയാകാന്‍ ടോക്കിയോയില്‍ എത്തിയിട്ടുണ്ട്. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാകും താരങ്ങളുടെ മാര്‍ച്ച് പാസ്റ്റ് നടക്കുക.
21-ാമതായാണ് ഇന്ത്യ മാര്‍ച്ച് പാസ്റ്റില്‍ അണിനിരക്കുക.

കൊവിഡ് നിയന്ത്രണമുള്ളതിനാല്‍ 22 കായിക താരങ്ങള്‍ മാത്രമാണ് ഇന്ത്യന്‍ മാര്‍ച്ച് പാസ്റ്റിലുണ്ടാകുക. വനിതാ ബോക്‌സിംഗ് താരം മേരി കോമും, പുരുഷ ഹോക്കി ടീം ക്യാപ്റ്റന്‍ മന്‍പ്രീത് സിംഗുമാണ് ഇന്ത്യന്‍ സംഘത്തെ നയിക്കുക. ബോക്‌സിംഗില്‍ നിന്ന് എട്ടു പേരും ടേബിള്‍ ടെന്നിസ്,സെയ്‌ലിംഗ് എന്നിവയില്‍ നിന്ന് നാലുതാരങ്ങള്‍ വീതവും റോവിംഗില്‍ നിന്ന് രണ്ടുപേരും ഹോക്കി,ജിംനാസ്റ്റിക്‌സ്,ഫെന്‍സിംഗ്,സ്വിമ്മിംഗ് എന്നിവയില്‍ നിന്ന് ഓരോരുത്തരും ഇന്ത്യയെ പ്രതിനിധീകരിച്ച് മാര്‍ച്ച് പാസ്റ്റില്‍ അണിനിരക്കും.

2016ല്‍ റിയോയില്‍ തുടക്കമിട്ട കാത്തിരിപ്പാണ് അവസാനിക്കുന്നത്. ആ കാത്തിരിപ്പിനെ കൊവിഡ് മഹാമാരി ഒരാണ്ട് കൂടി വൈകിപ്പിച്ചു. എല്ലാ അനിശ്ചിതത്വങ്ങള്‍ക്കും ശേഷം കായിക മാമാങ്കത്തിന് ഇന്ന് ടോക്യോയില്‍ കൊടി ഉയരുന്നത്. നാളെ മുതലാണ് മെഡല്‍ പോരാട്ടങ്ങള്‍ ആരംഭിക്കുക.

കഴിഞ്ഞ തവണത്തേതില്‍ നിന്ന് വിത്യസ്തമായി വലിയ മെഡല്‍ പ്രതീക്ഷയോടെയാണ് ഇന്ത്യന്‍ സംഘം ജപ്പാനിലെത്തിയിരിക്കുന്നത്. ബാഡ്മിന്റണ്‍, അമ്പെയ്ത്ത്, ഷൂട്ടിംഗ്, ഗുസ്തി തുടങ്ങിയ വിഭാഗങ്ങളില്‍ ഇത്തവണ ഉറച്ച മെഡലുകളുണ്ടാകുമെന്നാണ് പ്രതീക്ഷ. കൂടാതെ ലോകറാങ്കില്‍ ആറാം സ്ഥാനത്തുള്ള ഹോക്കി സംഘവും അല്‍ഭുതം കാണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

 

Latest