Connect with us

Kerala

കടതുറക്കല്‍ സമരം വ്യാപാരികള്‍ മാറ്റിവച്ചു; വെള്ളിയാഴ്ച മുഖ്യമന്ത്രിയുമായി ചര്‍ച്ച

Published

|

Last Updated

കോഴിക്കോട് | കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് വ്യാഴാഴ്ച കടകള്‍ തുറക്കുമെന്ന വ്യാപാരികളുടെ പ്രഖ്യാപനം താത്ക്കാലികമായി നിര്‍ത്തിവച്ചു. ഡല്‍ഹിയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ധീനുമായി നേരിട്ടു ഫോണില്‍ സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് സമരം മാറ്റിവെക്കാന്‍ തീരുമാനിച്ചത്.
ഡല്‍ഹിയില്‍ നിന്നു തിരിച്ചെത്തുന്ന മുഖ്യമന്ത്രി വെള്ളിയാഴ്ച വ്യാപാരി വ്യവസായി നേതാക്കളുമായി ചര്‍ച്ച നടത്തും. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ വ്യാഴാഴ്ച നസിറുദ്ദീന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ നാളെ തിരുവനന്തപുരത്തേക്കു പോകും.

വ്യാപാരികള്‍ കടതുറക്കല്‍ സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ നടപടി സംഘര്‍ഷത്തിലേക്കു നീങ്ങാതിരിക്കാന്‍ തിരക്കിട്ട ശ്രമങ്ങള്‍ ബുധനാഴ്ച കാലത്തു മുതല്‍ വിവിധ തലങ്ങളില്‍ നടന്നിരുന്നു.
യു ഡി എഫ് പിന്തുണ പ്രഖ്യാപിച്ചതോടെ സമരം രാഷ്ട്രീയമാനം കൈവരിച്ചിരുന്നു. ഇന്ന് കാലത്ത്, അവധിയില്‍ കഴിയുന്ന സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കണ്ണൂരില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. തിരുവനന്തപുരത്തും തിരക്കിട്ട ചില നീക്കങ്ങള്‍ നടന്നു.

സംസ്ഥാനത്തെ 15 ലക്ഷം വ്യാപാരികള്‍ വ്യാഴ്ച കടകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാനുള്ള തയാറെടുപ്പിലാണെന്നായിരുന്നു ഇന്ന് രാവിലെ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്‍ സിറാജ് ലൈവിനോടു പറഞ്ഞത്. വൈകുന്നേരത്തോടെ ഇക്കാര്യത്തില്‍ വ്യക്തത വരുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. കൊവിഡ് കാലത്തെ അടച്ചിടല്‍ മൂലം ദുരിതത്തിലായ വ്യാപാരികള്‍ ബലിപെരുന്നാള്‍ മുന്നില്‍ കണ്ട് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. വ്യാപാരികളുടെ അവസ്ഥ മനസ്സിലാക്കുന്നുവെന്നു പറഞ്ഞ മുഖ്യമന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചതു കൊണ്ടാണ് പ്രകോപനപരമായ പ്രതികരണം അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായതെന്നും നസിറുദ്ദീന്‍ പറഞ്ഞു.

വ്യാപാരി വ്യവസായി സമിതിയിലെ അംഗങ്ങള്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് കടകള്‍ തുറക്കില്ലെന്ന് സമിതി സംസ്ഥാന പ്രസിഡന്റ് വി കെ സി മമ്മദ് കോയ സിറാജ് ലൈവിനോടു പറഞ്ഞു. എന്നാല്‍ തുറക്കുന്ന വ്യാപാരികളെ എതിര്‍ക്കില്ല. പ്രശ്‌നം വ്യാപാരികളും സര്‍ക്കാറും തമ്മിലുള്ള ഏറ്റുമുട്ടലിലേക്കു പോകാതിരിക്കാന്‍ സമിതി ഇടപെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമിതി ഭാരവാഹികള്‍ തിരുവനന്തപുരത്ത് ബന്ധപ്പെട്ടവരുമായി ഇക്കാര്യങ്ങള്‍ സംസാരിച്ചു വരികയാണ്.

കൊവിഡ് വ്യാപന സാധ്യത തടഞ്ഞുകൊണ്ട് ജീവനോപാധി എന്ന നിലയില്‍ വ്യാപാര സ്ഥാപനങ്ങള്‍ എങ്ങിനെ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചന നടന്നിരുന്നു. വ്യാപാര സ്ഥാപനങ്ങള്‍ വ്യാപകമായി തുറക്കുന്നതോടെ നിയന്ത്രണങ്ങള്‍ പൂര്‍ണമായി ഇല്ലാതായി എന്ന തോന്നല്‍ ജനങ്ങളില്‍ ഉണ്ടാവുകയും അവര്‍ മുന്‍കരുതല്‍ കൈയൊഴിയുകയും ചെയ്യും. ഇതു രോഗവ്യാപനത്തിനു കാരണമാകുമെന്നാണ് സര്‍ക്കാര്‍ ഭയപ്പെടുന്നത്.

കഴിഞ്ഞ ദിവസം കടകള്‍ തുറക്കാനെത്തിയ വ്യാപാരികളും പോലീസും തമ്മില്‍ കോഴിക്കോട്ട് കൊമ്പുകോര്‍ത്തതു പോലുള്ള സാഹചര്യം ആവര്‍ത്തിക്കാതിരിക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത് എന്നതിനാലാണ് തിരക്കിട്ട ചര്‍ച്ചകള്‍ നടന്നത്.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്