Connect with us

Articles

മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍; വില്ലുകുലക്കുന്നത് ഭരണഘടനക്കെതിരെ

Published

|

Last Updated

സ്വന്തം ഇഷ്ടപ്രകാരം മതപരിവര്‍ത്തനം നടത്താനുള്ള ഭരണഘടനാപരമായ അവകാശം വകവെച്ചുകിട്ടാനായി ഇക്കഴിഞ്ഞ വാരങ്ങളില്‍ രണ്ട് യുവതികളാണ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. ഇരുപത്തൊമ്പതുകാരിയായ ഉത്തര്‍ പ്രദേശ് സ്വദേശിനിയാണ് അതിലൊന്ന്. 11 വര്‍ഷമായി ഡല്‍ഹിയില്‍ താമസിക്കുന്ന അവര്‍ ഈയിടെയാണ് മുസ്‌ലിമായത്. തനിക്കും യു പിയിലെ അടുത്ത ബന്ധുക്കള്‍ക്കുമെതിരെ നിരന്തരം ഭീഷണി സന്ദേശങ്ങള്‍ വന്നുകൊണ്ടിരിക്കുന്നതിനാല്‍ സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ അവര്‍ സമര്‍പ്പിച്ച ഹരജിയില്‍, പരപ്രേരണയില്ലാതെ സ്വന്തം താത്പര്യപ്രകാരമാണ് മതംമാറ്റം നടത്തിയിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്. നേരത്തേ അവര്‍ക്ക് ഇടക്കാല സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ട കോടതി ജൂലൈ അഞ്ച് തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ അടുത്ത തവണ കേസ് കേള്‍ക്കുന്ന ജൂലൈ 22 വരെ ഇടക്കാല സംരക്ഷണം നീട്ടിയിരിക്കുകയാണ്. യു പി പോലീസ് ഡല്‍ഹിയിലെത്തി കസ്റ്റഡിയിലെടുക്കാന്‍ സാധ്യതയുണ്ട്. അങ്ങനെ ഉത്തര്‍ പ്രദേശിലേക്ക് കൊണ്ടുപോയി തിരിച്ച് മതപരിവര്‍ത്തനം നടത്താനുള്ള സാഹചര്യം നിലനില്‍ക്കുന്നുവെന്നും മതംമാറ്റത്തോടെ തന്നെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തുന്നതും വിദ്വേഷജനകവുമായ പ്രചാരണങ്ങളാണ് ഓരോ ദിവസവും മാധ്യമങ്ങളിലൂടെ നടക്കുന്നതെന്നും ഹരജിയില്‍ വിശദീകരിക്കുന്നു.
അക്ഷിത ശര്‍മ, മതംമാറ്റം ആഗ്രഹിക്കുന്ന തനിക്ക് മാധ്യമ കുപ്രചാരണങ്ങളില്‍ നിന്നും കുടുംബത്തിന്റെ ഭീഷണിയില്‍ നിന്നും മതിയായ സംരക്ഷണം വേണമെന്നാവശ്യപ്പെട്ടാണ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. ജൂലൈ രണ്ട് വെള്ളിയാഴ്ച ഡല്‍ഹി ഹൈക്കോടതി അവര്‍ക്ക് വേണ്ട സംരക്ഷണം ഉറപ്പുവരുത്താന്‍ ജാമിഅ നഗര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറോട് ഉത്തരവിട്ടു. ഇടക്കാല സംരക്ഷണമനുവദിച്ച കോടതി ഡല്‍ഹി സര്‍ക്കാര്‍ വിഷയത്തിന്റെ തത്‌സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
മതസ്വാതന്ത്ര്യത്തിനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന മുന്നോട്ടുവെക്കുന്ന ഉന്നതമായ മൗലികാവകാശങ്ങളിലൊന്നാണ്. ആര്‍ട്ടിക്കിള്‍ 25 ആണ് ഏത് മതവും സ്വീകരിക്കാനും മതതത്വങ്ങള്‍ പാലിച്ച് ജീവിക്കാനും അത് പ്രചരിപ്പിക്കാനുമുള്ള അവകാശം ഉറക്കെ പ്രഖ്യാപിക്കുന്നത്. ഏത് മതാഭിമുഖ്യവും രഹസ്യമായി വെക്കേണ്ടതില്ല. അത് പരസ്യപ്പെടുത്താന്‍ ഭയപ്പെടേണ്ടതില്ലെന്നാണ് മതസ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുന്ന നമ്മുടെ ഭരണഘടനയുടെ ഉള്‍പൊരുള്‍. മതാശ്ലേഷവും നിരാസവും വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നതു പോലെ ബോധപൂര്‍മായ മതംമാറ്റവും ഭരണഘടന മുഖവിലക്കെടുക്കുന്ന പൗരാവകാശമാണ്. എന്നാല്‍ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും സാധ്യമാക്കുന്ന മതപരിവര്‍ത്തനത്തെ ജനാധിപത്യ ഇന്ത്യയുടെ ഭരണഘടന വിലക്കുന്നു.

മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ നടപ്പാക്കുന്ന സംസ്ഥാനങ്ങളുടെ പട്ടിക നീണ്ടുപോകുന്നത് നാം കാണുന്നു. സ്വാതന്ത്ര്യപൂര്‍വ ഇന്ത്യയില്‍ തുടങ്ങി വിവിധ കാലങ്ങളിലായി മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ പല സംസ്ഥാനങ്ങളും പാസ്സാക്കിയിട്ടുണ്ട്. ബ്രിട്ടീഷ് മിഷനറി പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ മതപരമായ അസ്തിത്വം സംരക്ഷിക്കുന്നതിന് ഹിന്ദു നാട്ടുരാജ്യങ്ങള്‍ മതപരിവര്‍ത്തനത്തിന് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. സ്വാതന്ത്ര്യാനന്തരം നിര്‍ബന്ധപൂര്‍വമല്ലാത്ത മതംമാറ്റത്തിന് ഭരണഘടനാ പരിരക്ഷ ലഭിച്ചപ്പോള്‍ തന്നെ മതപരിവര്‍ത്തനം നിരോധിക്കുന്നതോ നിയന്ത്രിക്കുന്നതോ ആയ നിയമങ്ങള്‍ പല സംസ്ഥാനങ്ങളും പാസ്സാക്കി. ക്രിസ്ത്യന്‍ മിഷനറി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗോത്രവിഭാഗങ്ങളിലുള്‍പ്പെടെ കൂട്ടമായ മതപരിവര്‍ത്തനങ്ങള്‍ നടക്കുകയോ നടത്തുകയോ ചെയ്ത സാഹചര്യത്തിലാണ് അവയില്‍ പലതും നിയമരൂപം പൂണ്ടത്. അത്തരത്തില്‍ ആദ്യ നിയമം “ദി ഒറീസ ഫ്രീഡം ഓഫ് റിലീജിയന്‍ ആക്ട്” എന്ന പേരില്‍ 1967ല്‍ ഒഡീഷ പാസ്സാക്കി. തുടര്‍ന്ന് മധ്യപ്രദേശ്, അരുണാചല്‍ പ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങള്‍ സമാന നിയമങ്ങള്‍ കൊണ്ടുവന്നു.

മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് പൗരന് തന്റെ ചിന്തക്കും ആത്മനിഷ്ഠക്കും അനുസൃതമായ വഴി സ്വീകരിക്കാമെന്ന് തെര്യപ്പെടുത്തുന്ന ഭരണഘടന നിലനില്‍ക്കുമ്പോള്‍ മതപരിവര്‍ത്തനം നിഷേധിക്കുന്ന നിയമങ്ങള്‍ വിരല്‍ ചൂണ്ടുന്നത് ഭരണഘടനയുടെ അന്തസ്സത്തക്ക് നേരേയാണ്. മതനിരപേക്ഷത ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തിന്റെ അവിഭാജ്യ ഘടകമാണെന്നിരിക്കെ മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ വില്ലുകുലക്കുന്നത് ജനാധിപത്യ ഇന്ത്യയുടെ അടിസ്ഥാന ശിലകളെ ലക്ഷ്യമാക്കിത്തന്നെയാണ്. നിര്‍ബന്ധിത മതപരിവര്‍ത്തനം ഭരണഘടനാവിരുദ്ധവും നേരത്തേ തന്നെ ശിക്ഷാര്‍ഹവുമാണ്. അത്തരമൊരു ഘട്ടത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ പാസ്സാക്കുന്ന നിക്ഷിപ്ത താത്പര്യത്തോടെയുള്ള മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ ഭരണഘടനയെ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ടാണ് നിലനില്‍ക്കുന്നത്. മതപരമായ വിഷയങ്ങളില്‍ നിയമനിര്‍മാണം നടത്താനുള്ള അധികാരം പാര്‍ലിമെന്റിനാണ്. സംസ്ഥാനങ്ങള്‍ക്ക് നിയമമുണ്ടാക്കാന്‍ സ്വാതന്ത്ര്യമുള്ള സ്റ്റേറ്റ് ലിസ്റ്റില്‍ പെട്ടതല്ല മതകാര്യങ്ങള്‍ എന്നിരിക്കെ ഭരണഘടനാവിരുദ്ധമായ നീക്കങ്ങളാണ് മതപരിവര്‍ത്തന നിരോധന നിയമങ്ങളുമായി മുന്നോട്ടുപോകുന്ന സംസ്ഥാനങ്ങള്‍ നടത്തുന്നത് എന്ന് ബോധ്യമാകും.

ലവ് ജിഹാദിന്റെ പേരില്‍ സംഘ്പരിവാര്‍ ബോധമണ്ഡലങ്ങളില്‍ നിന്ന് പ്രസരിപ്പിച്ച അപസര്‍പ്പക കഥകള്‍ക്ക് നിയമപരമായ സാംഗത്യം വെച്ചുകെട്ടുന്നതിനാണ് 2020 നവംബര്‍ 24ന് മതപരിവര്‍ത്തന നിരോധന നിയമം ഓര്‍ഡിനന്‍സായി യു പിയില്‍ യോഗി ആതിദ്യനാഥ് സര്‍ക്കാര്‍ കൊണ്ടുവരുന്നത്. സംസ്ഥാനത്തെ പരമതദ്വേഷത്തിന്റെ കൊടുമുടിയിലെത്തിച്ച് വര്‍ഗീയ വിഭജനം കൂടുതല്‍ ശക്തമാക്കി രാഷ്ട്രീയ മുതലെടുപ്പിനുള്ള കളമൊരുക്കുകയായിരുന്നു ഇതിലൂടെ യോഗി സര്‍ക്കാര്‍. ഉള്ളില്‍ സവര്‍ണ ജാതിരാഷ്ട്ര മോഹങ്ങള്‍ പേറുമ്പോള്‍ അതിനുള്ള ഏകോപനം സാധ്യമാകുന്നത് ഹൈന്ദവതയുടെ സമ്പൂര്‍ണ സംരക്ഷക വേഷമണിയുമ്പോഴാണ്. ദളിതരെ അസ്പൃശ്യതയുടെയും ക്രൂരമായ അക്രമത്തിന്റെയും വഴിയിലൂടെ മാത്രം അഭിമുഖീകരിക്കുമ്പോഴും അവരുടെ കൂടെ സംരക്ഷകരാണ് തങ്ങളെന്ന ചിത്രമുണ്ടാക്കാന്‍ ലവ് ജിഹാദിന്റെ പേരില്‍ നിയമമുണ്ടാക്കുന്നത് തന്നെയാണ് ഏറ്റവും നല്ല ഉപായം. ആ നിലയിലാണ് ഭരണഘടനാവിരുദ്ധവും ഏകപക്ഷീയവുമായ മതപരിവര്‍ത്തന നിരോധന നിയമം യോഗി സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്.

ഏറെ നിയമപ്രശ്‌നങ്ങളാണ് യു പിയിലെ വിവാദ നിയമത്തിന് പിന്നില്‍ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളത്. തെളിവ് ഹാജരാക്കേണ്ട ചുമതല പ്രോസിക്യൂഷനാണ് എന്നത് നമ്മുടെ രാജ്യത്തെ അടിസ്ഥാന ക്രിമിനല്‍ നിയമ തത്വമാണ്. സംശയമേതുമില്ലാതെ കുറ്റം തെളിയിക്കപ്പെടാത്ത കാലത്തോളം കുറ്റാരോപിതന്‍ നിരപരാധിയാണ്. എന്നാല്‍ യു പിയിലെ വിവാദ മതപരിവര്‍ത്തന നിരോധന നിയമപ്രകാരം മതപരിവര്‍ത്തനത്തിന്റെ പേരില്‍ കുറ്റം ചുമത്തപ്പെട്ടയാളാണ് കേസിനാധാരമായ മതംമാറ്റം പ്രസ്താവിത നിയമത്തിന്റെ ലംഘനമല്ലെന്ന് തെളിയിക്കേണ്ടത്. അതായത് മതംമാറ്റം തന്നെ നിയമവിരുദ്ധമാണെന്നും മതപരിവര്‍ത്തനം നടത്തിയയാള്‍ കുറ്റക്കാരനാണെന്നുമുള്ള സങ്കല്‍പ്പമാണ് ഉദാത്തമായ നീതിബോധത്തിന്റെ വിപരീത ദിശയില്‍ സഞ്ചരിക്കുന്ന ഈ നിയമം മുന്നോട്ടുവെക്കുന്നത്.

പരപ്രേരണയില്ലാതെ സ്വമേധയാ മതംമാറുന്നതിനെ നിയമവിരുദ്ധമെന്ന് കണക്കാക്കുന്ന വിവാദ നിയമം തങ്ങളുടെ “പൂര്‍വപിതാക്കളുടെ” മതത്തിലേക്ക് തിരിച്ച് മതംമാറുന്നതിന് നിയമപരിരക്ഷ നല്‍കുന്നുണ്ട്. എത്രമേല്‍ ഏകപക്ഷീയവും ഫാസിസ്റ്റ് കുടില ചിന്തകളില്‍ നിന്ന് ഉത്ഭൂതമായ പ്രതിലോമ രാഷ്ട്രീയത്തിന്റെ നീക്കത്തിനുമാണ് രാജ്യത്തെ വലിയ സംസ്ഥാനം സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്. ജനാധിപത്യ മതനിരപേക്ഷ വിരുദ്ധ നീക്കങ്ങളുടെ പരീക്ഷണ ശാലയായി ഉത്തര്‍ പ്രദേശ് മാറുന്നത് അതുകൊണ്ടാണ്.
2018ല്‍ ഹാദിയ കേസില്‍ വിവാഹത്തിനായി ഹാദിയയെ നിര്‍ബന്ധപൂര്‍വം മതംമാറ്റിയതാണെന്ന ആരോപണം തള്ളിയ സുപ്രീം കോടതി നടത്തിയ നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ്. പ്രായപൂര്‍ത്തിയായ യുവതിക്ക് തന്റെ ജീവിതം എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശമുണ്ടെന്നും അത് അവരുടെ തിരഞ്ഞെടുപ്പിന്റെയും സ്വകാര്യതയുടെയും വിഷയമാണെന്നുമാണ് പരമോന്നത നീതിപീഠം വിലയിരുത്തിയത്. മതസ്വാതന്ത്ര്യത്തിനുള്ള അവകാശ സംരക്ഷണത്തിനായി ഡല്‍ഹി ഹൈക്കോടതിയുടെ പടികയറിയ യുവതികള്‍ക്ക് ലഭിക്കേണ്ടത് ഭരണഘടന ഉറപ്പുനല്‍കുന്ന സ്വാതന്ത്ര്യവും അവകാശവുമാണ്. അതിന് നമ്മുടെ നീതിപീഠങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് തന്നെയാണ് തദ്വിഷയകമായ ഡല്‍ഹി ഹൈക്കോടതി നടപടികള്‍ വിളംബരപ്പെടുത്തുന്നത്.

---- facebook comment plugin here -----

Latest