Connect with us

Malappuram

മഞ്ചേരി മെഡിക്കല്‍ കോളജിലെ നിര്‍മാണ പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കും: മന്ത്രി വി അബ്ദുറഹിമാൻ

Published

|

Last Updated

മഞ്ചേരി | മെഡിക്കല്‍ കോളജിലെ നിര്‍മാണ പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കുമെന്ന് കായികവകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകനയോഗത്തിലാണ് തീരുമാനം. നിര്‍മാണ പ്രവൃത്തികള്‍ക്ക് ഇനിയും ആവശ്യമെങ്കില്‍ പണം അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും കുറവുകള്‍ കണ്ടെത്തി പരിഹരിക്കാന്‍ തന്നെയാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. കൊവിഡ് മൂന്നാം തരംഗത്തെ നേരിടാനുള്ള എല്ലാ സംവിധാനങ്ങളും മെഡിക്കല്‍ കോളജില്‍ സജ്ജമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ആശുപത്രിയിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും നിര്‍മാണ പ്രവൃത്തികളിലെ കാലതാമസം ഒഴിവാക്കാനും അടിയന്തരമായി ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി വിളിച്ചുകൂട്ടാനും മന്ത്രി നിര്‍ദേശം നല്‍കി. പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാനും എം എല്‍ എ ഉള്‍പ്പെടുന്ന മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിച്ച കാര്യങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതില്‍ വീഴ്ച സംഭവിക്കുന്നുണ്ടെങ്കില്‍ അവ വിലയിരുത്തിക്കൊണ്ട് അടുത്ത റിവ്യൂ മീറ്റിങില്‍ മുന്നോട്ട് പോകും. ജില്ലയിലെ ജനങ്ങള്‍ കൂടുതല്‍ ആശ്രയിക്കുന്ന മെഡിക്കല്‍ കോളജില്‍ കൂടുതല്‍ സൗകര്യങ്ങള്‍ വേണമെന്ന ജനപ്രതിനിധികളുടെ ആവശ്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് കലക്ടറുടെ ചേംബറില്‍ മെഡിക്കല്‍ കോളജ് അധികൃതരും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുമായി യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.

മെഡിക്കല്‍ കോളജ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സൂപ്രണ്ട് ഡോ. കെ.വി നന്ദകുമാര്‍, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ.ഷീന ലാല്‍, ഡോ. അഫ്‌സല്‍, പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ഡോ. സിറിയക് ജോബ്, പി.ഡബ്ല്യ.ഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷിനി, മെഡിക്കല്‍ കോളജ് അധികൃതര്‍, പി.ഡബ്ല്യുഡി ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

---- facebook comment plugin here -----

Latest