Connect with us

International

അറബ് രാജ്യങ്ങളില്‍ തര്‍ക്കങ്ങള്‍ ആളിക്കത്തിക്കാന്‍ ഇറാന്‍ ശ്രമിക്കുന്നു;ഇറാനെതിരെ സഊദി ശൂറാ കൗണ്‍സില്‍

Published

|

Last Updated

കയ്‌റോ | ഇറാനെതിരെ സഊദി അറേബ്യ ശൂറാ കൗണ്‍സില്‍ സ്പീക്കറുടെ രൂക്ഷ വിമര്‍ശം. തങ്ങളുടെ ചട്ടുകങ്ങളായ ഭീകര ഗ്രൂപ്പുകള്‍ വഴി അറബ് രാജ്യങ്ങളില്‍ തര്‍ക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ആളിക്കത്തിക്കാന്‍ ഇറാന്‍ ശ്രമിക്കുന്നതായി സഊദി ശൂറാ കൗണ്‍സില്‍ സ്പീക്കര്‍ ശൈഖ് ഡോ. അബ്ദുല്ല ആലു ശൈഖ് പറഞ്ഞു. കയ്‌റോയിലെ അറബ് ലീഗ് ആസ്ഥാനത്ത് അറബ് പാര്‍ലമെന്റ് നല്‍കുന്ന അറബ് എക്‌സലന്‍സ് മെഡല്‍ സ്വീകരിച്ച ശേഷം അറബ് പാര്‍ലമെന്റ് അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അറബ് ജനതയുടെ ദുരിതം കൂടുതല്‍ ആഴത്തിലാക്കാനും ഇറാന്‍ ശ്രമിക്കുന്നു. വിഭാഗീയ കലഹങ്ങള്‍ കുത്തിപ്പൊക്കിയും നിയമാനുസൃത ഭരണകൂടങ്ങള്‍ക്ക് പുറത്ത് പ്രവര്‍ത്തിക്കുന്ന സായുധ സംഘങ്ങള്‍ക്ക് പിന്തുണ നല്‍കിയും ഒന്നിലധികം അറബ് രാജ്യങ്ങളില്‍ സംഘര്‍ഷ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ഇറാന്‍ നിഴല്‍ യുദ്ധം നടത്തുകയാണ് ചെയ്യുന്നത്- ശൂറാ സ്പീക്കര്‍ പറഞ്ഞു. അറബ് രാജ്യങ്ങളില്‍ നുഴഞ്ഞു കയറാനും സായുധ നിയന്ത്രണത്തിന് വഴയൊരുക്കി അറബ് ജനതകളെ ഛിദ്രമാക്കാനാണ് ഇറാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അറബ് ലോകത്തിന്റെ പ്രശ്‌ന പരിഹാരങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ സഊദി അറേബ്യ പ്രധാനവും നിര്‍ണായകവുമായ പങ്കാണ് വഹിക്കുന്നത്. സഊദിയുടെ പ്രശോഭിതമായ നിലപാടുകളും വിവേകപൂര്‍ണമായ നയങ്ങളും പദ്ധതികളും അത് വ്യക്തമാക്കുന്നു. അറബ് ദേശീയ സുരക്ഷ കാത്ത് സൂക്ഷിക്കാനും അറബ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലെ ഇടപെടലുകള്‍ ചെറുക്കാനുമാണ് സഊദി അറേബ്യ പ്രവര്‍ത്തിക്കുന്നത്.

അറബ് ലോകം നിരവധി വെല്ലുവിളികളിലൂടെയും സംഭവബഹുലമായ പ്രതിസന്ധികളിലൂടെയുമാണ് കടന്നുപോകുന്നത്. ഇതില്‍ വെല്ലുവിളികളില്‍ ഏറ്റവും പ്രധാനം അറബ്-ഇസ്രായേല്‍ സംഘര്‍ഷമാണ്. ഇവയുടെ രാഷ്ട്രീയ- സുരക്ഷാ-സാമ്പത്തിക-സാമൂഹിക മാനങ്ങളും പ്രത്യാഘാതങ്ങളും എല്ലാവരും മനസ്സിലാക്കാന്‍ പരിശ്രമിക്കണം. ഇത്തരം സന്ദര്‍ഭങ്ങളില്‍ അവ പരിഹരിക്കാനും അവയുടെ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കാനും ഏറ്റവും ഫലപ്രദമായ മാര്‍ഗങ്ങള്‍ അവലംബിക്കേണ്ടതും അനിവാര്യമാണ്.

ഇതിനിടെ ഫലസ്തീന്‍ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സഊദി അറേബ്യ വലിയ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അതിന് വേണ്ടി രാഷ്ട്രീയ-സാമ്പത്തിക-ധാര്‍മിക പിന്തുണ നല്‍കാനും എല്ലാ വിധ ശ്രമങ്ങളും രാജ്യം നടത്തിയിട്ടുണ്ട്. അതോടൊപ്പം സഊദി അറേബ്യ എക്കാലവും ഫലസ്തീനികള്‍ക്കൊപ്പം നിലയുറപ്പിക്കുകയും ഇസ്രായേല്‍ അഭിനിവേശം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള മുഴുവന്‍ ശ്രമങ്ങളെയും രാജ്യം പിന്തുണക്കുകയും ചെയ്യുന്നുണ്ട്.
കൂടാതെ യെമന്‍ സംഘര്‍ഷത്തിനും യെമനികളുടെ ദുരിതത്തിനും അറുതി വരുത്തി സമാധാനം പുനസ്ഥാപിക്കാന്‍ അന്താരാഷ്ട്ര സമൂഹം ശക്തമായ നിലപാടെടുക്കണമെന്നും ഗള്‍ഫ് സമാധാന പദ്ധതിക്കും യെമന്‍ ദേശീയ സംവാദത്തില്‍ ഉരുത്തിരിഞ്ഞ തീരുമാനങ്ങള്‍ക്കും യു.എന്‍ രക്ഷാ സമിതി 2216-ാം നമ്പര്‍ പ്രമേയത്തിനും അനുസൃതമായ യെമന്‍ സംഘര്‍ഷത്തിന് രാഷ്ട്രീയ പരിഹാരം കാണുന്നതിനെ സഊദി അറേബ്യ പിന്തുണക്കുമെന്നതായും ചടങ്ങില്‍ സ്പീക്കര്‍ വ്യക്തമാക്കി.

അതേസമയം ഹൂത്തി സായുധ സംഘം നടത്തുന്ന ന്യായീകരണമില്ലാത്ത ആക്രമണങ്ങളില്‍ സ്വയം പ്രതിരോധിക്കാന്‍ സഊദി അറേബ്യക്ക് അവകാശമുണ്ടെന്നും ശൈഖ് ഡോ. അബ്ദുല്ല ആലുശൈഖ് പറഞ്ഞു.
അറബ് പ്രശ്‌നങ്ങളില്‍ സ്വീകരിച്ച ക്രിയാത്മകമായ നിലപാടുകളെയും അന്താരാഷ്ട്ര വേദികളില്‍ അറബ് പാര്‍ലമെന്റുകളുടെയും കൗണ്‍സിലുകളുടെയും നിലപാടുകള്‍ ശക്തിപ്പെടുത്താനും അവയെ ഏകോപിപ്പിക്കാനും എല്ലാ മേഖലകളിലും അറബ് ഐക്യദാര്‍ഡ്യം ഉറപ്പ് വരുത്തുന്നതിനും നല്‍കിയ പിന്തുണയെയും അടിസ്ഥാനമാക്കിയാണ് അറബ് ശൂറാ കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് സഊദി അറേബ്യ ശൂറാ കൗണ്‍സില്‍ സ്പീക്കര്‍ക്ക് സമ്മാനിച്ചത്. അറബ് എക്‌സലന്‍സ് മെഡല്‍ അറബ് പാര്‍ലമെന്റ് സ്പീക്കര്‍ ആദില്‍ അല്‍ അസൂമി വിതരണം ചെയ്തു.

Latest