Connect with us

Articles

ന്യൂനപക്ഷ കാവലാളല്ല മുസ്‌ലിം ലീഗ്‌

Published

|

Last Updated

അപ്രിയ സത്യങ്ങള്‍ക്ക് കയ്‌പേറും. മുസ്‌ലിം ലീഗിന്റെ കാര്യത്തില്‍ അത് അസഹ്യമായ അസ്വസ്ഥതയുമുണ്ടാക്കും. ബാബരി മസ്ജിദിനെ തകര്‍ക്കാന്‍ നരസിംഹ റാവു ചെയ്ത സേവനങ്ങള്‍ക്ക് കോണ്‍ഗ്രസ് പലവുരു മാപ്പപേക്ഷിച്ചിട്ടുണ്ട്. കുമ്പസരിച്ചിട്ടുമുണ്ട്. റാവുവിന്റെ കരങ്ങള്‍ക്ക് ശക്തിപകര്‍ന്ന ലീഗ് മാത്രം പക്ഷേ ചെയ്തുപോയ അപരാധങ്ങളെ ന്യായീകരിക്കുകയാണുണ്ടായത്. ഇന്നോളം ലീഗിന് ഇക്കാര്യത്തില്‍ മനഃസ്താപമുണ്ടായിട്ടില്ല. അഥവാ വല്ലവരും അത് ഓര്‍മിപ്പിച്ചാല്‍ ലീഗ് ക്ഷോഭിക്കും. വാദിയെ പ്രതിയാക്കും.

തൊണ്ണൂറുകള്‍ തൊട്ടാണ് മുസ്‌ലിം ലീഗിന്റെ വ്യതിയാനങ്ങള്‍ ആരംഭിക്കുന്നത്. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി വി പി സിംഗിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് ബി ജെ പിയുടെ സഹായത്തോടെ ഓപറേഷന്‍ ആരംഭിച്ചപ്പോള്‍ മുസ്‌ലിം ലീഗ് അതിന് കൂട്ടുനിന്നു. വി പി സിംഗ് പാര്‍ലിമെന്റില്‍ വിശ്വാസവോട്ട് തേടിയപ്പോള്‍ എതിരെ വോട്ട് ചെയ്യാന്‍ വിപ്പ് കൊടുത്തു ലീഗ്. എന്നിട്ട് വി പി സിംഗിനെ പിന്തുണച്ച ദേശീയ അധ്യക്ഷന്‍ ഇബ്‌റാഹിം സുലൈമാന്‍ സേട്ടുവിന്റെ പേരില്‍ കുറ്റം ചാര്‍ത്തുകയും ചെയ്തു. അതുപോലെ ബാബരി മസ്ജിദ് വിഷയത്തില്‍ കോണ്‍ഗ്രസിന് കട്ട സപ്പോര്‍ട്ടായി നിന്നു. പാര്‍ട്ടി നിലപാടിനെ തുറന്നെതിര്‍ത്ത ദേശീയ പ്രസിഡന്റിനെ പുറത്താക്കി. ആഗോളീകരണത്തെയും ഗാട്ട് കരാറിനെയും രാജ്യത്തെ മുഴുവന്‍ ഇടതുപക്ഷ, മതനിരപേക്ഷ പ്രസ്ഥാനങ്ങളും തുറന്നെതിര്‍ക്കുന്ന ഘട്ടത്തില്‍ അതിനെ സ്വാഗതം ചെയ്യുന്ന നിലപാടാണ് ലീഗിനുണ്ടായിരുന്നത്. അതേ ചുവടു പിടിച്ച് ആണവ കരാറിനെയും ആസിയാന്‍ കരാറിനെയും ലീഗ് പാര്‍ലിമെന്റില്‍ പിന്തുണച്ചു.

കേന്ദ്ര സര്‍ക്കാറുകളുടെ സാമ്രാജ്യത്വ വിധേയത്വ നിലപാടുകള്‍ക്കെതിരെ ആ പാര്‍ട്ടി ഒന്നും മിണ്ടിയില്ല. ശ്രീഹരിക്കോട്ടയില്‍ നിന്ന് ഇസ്‌റാഈലിന്റെ ചാര ഉപഗ്രഹം വിക്ഷേപിക്കുമ്പോള്‍ പാര്‍ലിമെന്റിലുയര്‍ന്ന പ്രതിഷേധങ്ങളില്‍ ലീഗുണ്ടായിരുന്നില്ല. അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ രാജ്യത്തുടനീളം പ്രതിഷേധം അലയടിച്ചു. പക്ഷേ ലീഗ് മൗനത്തിലായിരുന്നു. സദ്ദാം ഹുസൈനെ തൂക്കിലേറ്റിയ വിഷയത്തില്‍ വേണ്ടവിധം അപലപിച്ചില്ലെന്ന വിമര്‍ശം കേന്ദ്ര സര്‍ക്കാറിനെതിരെ ഉയര്‍ന്നപ്പോള്‍ ലീഗ് മൗനം പൂണ്ടു. മുംബൈ കലാപം അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ശ്രീകൃഷ്ണ കമ്മീഷനെ പിരിച്ചുവിട്ടപ്പോള്‍ പാര്‍ലിമെന്റില്‍ പ്രതിഷേധമിരമ്പി. ലീഗ് പക്ഷേ അതില്‍ നിന്ന് വിട്ടുനിന്നു. ലിബര്‍ഹാന്‍ കമ്മീഷന്റെ മെല്ലെപ്പോക്കിനെ ലീഗ് പാര്‍ലിമെന്റില്‍ എതിര്‍ത്തില്ല. ഇസ്‌റാഈലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ച നടപടിയെ, കൊലയാളിയായ ഏരിയല്‍ ഷാരോണിന് ഡല്‍ഹിയില്‍ സ്വീകരണം കൊടുത്ത നടപടിയെ, ഇസ്‌റാഈലുമായി ആയുധക്കരാറുണ്ടാക്കിയതിനെയൊന്നും തള്ളിപ്പറയാന്‍ ലീഗിന്റെ നാവനങ്ങിയില്ല. ടാഡ, പോട്ട, യു എ പി എ കരിനിയമങ്ങള്‍ക്കെതിരെ പാര്‍ലിമെന്റില്‍ അരങ്ങേറിയ പ്രതിഷേധങ്ങളില്‍ ഒരിടത്തും ലീഗ് സാന്നിധ്യമറിയിച്ചില്ല.
91ലാണ് കുപ്രസിദ്ധമായ കോലീബിയുടെ തുടക്കം. ബി ജെ പിയുമായി ലീഗുണ്ടാക്കിയ തിരഞ്ഞെടുപ്പ് സഖ്യത്തെ കട്ടായം നിഷേധിക്കുകയായിരുന്നു ലീഗ്. 2014 മാര്‍ച്ച് 21ന് ഒരു മലയാള പത്രത്തില്‍ ബേപ്പൂരിലെ ബി ജെ പി സ്വതന്ത്രന്‍ ഡോ. കെ മാധവന്‍ കുട്ടി ലീഗ്- ബി ജെ പി നേതാക്കളുടെ സംയുക്ത ചര്‍ച്ചകള്‍ വെളിപ്പെടുത്തുന്നത് വരെ വലിയൊരളവില്‍ ലീഗണികള്‍ നേതൃത്വത്തെ വിശ്വസിച്ചുകൊണ്ടേയിരുന്നു. 91ല്‍ തന്നെയാണ് ആര്‍ എസ് എസ് ആസ്ഥാനമായ നാഗ്പൂരിലെ ബി ജെ പി- ലീഗ് സഖ്യത്തിനും തുടക്കമാകുന്നത്. 95 തൊട്ട് ഇന്നോളം ലീഗ് തരം പോലെ തലങ്ങും വിലങ്ങും ബി ജെ പിയുമായി രഹസ്യ ബാന്ധവത്തിലേര്‍പ്പെട്ടു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഇതേ അവിശുദ്ധ സഖ്യം തിമര്‍ത്താടി. പുതിയ ബാന്ധവങ്ങളില്‍ ജമാഅത്തെ ഇസ്‌ലാമിയുമുണ്ട്.

ലീഗിന്റെ അണികള്‍ ഈ യാഥാര്‍ഥ്യങ്ങളെ തിരിച്ചറിഞ്ഞ് തുടങ്ങിയിരിക്കുന്നു. പ്രതികരണമെന്നോണം എതിര്‍ വോട്ടുകള്‍ ചെയ്ത് അവര്‍ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യുന്നു. ലീഗിന്റെ കോട്ടകളില്‍ വന്‍ തോതില്‍ ചോര്‍ച്ചയുണ്ടായിട്ടുണ്ട്. മലപ്പുറത്തെ പാര്‍ലിമെന്റ് ഉപതിരഞ്ഞെടുപ്പ് മത്സരത്തില്‍ ലീഗിന് നഷ്ടമായത് ലക്ഷം വോട്ടുകളാണ്. ജില്ലയിലെ പച്ചക്കോട്ടകളില്‍ ലീഗ് ജയിച്ചുകയറിയതാകട്ടെ താമരത്തലോടലാലും. ലീഗിന്റെ സ്വയംപ്രഖ്യാപിത ന്യൂനപക്ഷ കാവലാള്‍ എന്ന നാട്യം തകര്‍ന്നടിയാന്‍ പോകുന്നു.

കാലം കരുതിവെച്ച പ്രതിക്രിയകള്‍ക്ക് ലീഗ് വിധേയമാകും. സ്വയംകൃതാനര്‍ഥങ്ങളുടെ പരിഹാരക്രിയയായി ലീഗ് അതിനെ കണക്കാക്കിയാല്‍ മതി. പിണറായി സര്‍ക്കാറില്‍ ഐ എന്‍ എല്ലിനെ പ്രതിനിധാനം ചെയ്ത് ഒരാള്‍ സത്യപ്രതിജ്ഞ ചൊല്ലി മന്ത്രി പദവി ഏറ്റെടുക്കുന്ന സന്ദര്‍ഭത്തില്‍ വിശേഷിച്ചും.