Connect with us

Kasargod

ഔഫ് വധം: ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

Published

|

Last Updated

കാഞ്ഞങ്ങാട് | എസ് വൈ എസ് പ്രവർത്തകൻ കല്ലൂരാവി പഴയ കടപ്പുറത്തെ അബ്ദുർറഹ്മാൻ ഔഫിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ക്രൈം ബ്രാഞ്ച് സംഘം അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിലെ ഗൂഢാലോചന ക്രൈം ബ്രാഞ്ച് പുറത്തുകൊണ്ടുവരികയും കൂടുതൽ പേർ പ്രതികളാകുകയും ചെയ്യും.

ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി. പി മൊയ്തീൻ കുട്ടിയുടെ നേതൃത്വത്തിലാണ് അന്വേഷണം. നിലവിൽ ഔഫ് വധവുമായി നേരിട്ട് ബന്ധമുള്ള മൂന്ന് പ്രതികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. യൂത്ത് ലീഗ് നേതാവ് ഇർശാദ് ആണ് കേസിലെ ഒന്നാം പ്രതി. എം എസ് എഫ് നേതാവ് ഹസൻ, ആഷിർ എന്നിവരാണ് മറ്റു പ്രതികൾ. ഇവരെല്ലാം അറസ്റ്റിലായതോടെ കേസിന്റെ തുടരന്വേഷണം സർക്കാർ ക്രൈം ബ്രാഞ്ചിനെ ഏൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നുമുള്ള ആരോപണം ശക്തമായതോടെയാണ് കേസ് ക്രൈം ബ്രാഞ്ചിന് വിട്ടത്. ഔഫിന്റെ ബന്ധുക്കൾ മുഖ്യമന്ത്രിയെ നേരിൽ കണ്ട് ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.

കേസിലെ ഒന്നാം പ്രതി ഇർശാദിനെ രക്ഷിക്കാൻ ലീഗ് നേതാക്കൾ ശ്രമം നടത്തിയെന്ന വിവരം ഇതിനകം പുറത്തു വന്നിട്ടുണ്ട്. ഔഫ് ആണ് അക്രമം നടത്തിയതെന്ന് വരുത്തിത്തീർക്കാൻ വ്യാജ പ്രചാരണമാണ് ലീഗ് കേന്ദ്രങ്ങൾ അഴിച്ചു വിട്ടത്.

അക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് മംഗളൂരു ആശുപത്രിയിൽ ചികിത്സയിലാണെന്ന കള്ളം പൊളിച്ചാണ് പോലീസ് ഇർശാദിനെ അറസ്റ്റ് ചെയ്തത്.
ഇർശാദിനെ രക്ഷപ്പെടുത്താൻ പ്രമുഖ ലീഗ് നേതാവ് അടക്കമുള്ളവർ വാട്‌സാപ്പിലും മറ്റും വ്യാജ സന്ദേശം പ്രചരിപ്പിക്കുകയായിരുന്നു.  ഇർശാദിന് പരുക്കൊന്നും ഉണ്ടായിരുന്നില്ലെന്ന് പിന്നീട് ആണ് വ്യക്തമായത്. ഇതിൽ നിന്ന് തന്നെ ലീഗിലെ ചില പ്രമുഖർക്ക് കൊലപാതകവുമായി ബന്ധമുണ്ടെന്ന സംശയം ബലപ്പെടുകയാണ്. ഇക്കാര്യങ്ങൾ ക്രൈം ബ്രാഞ്ചിന്റെ അന്വേഷണ പരിധിയിൽ ഉൾപ്പെടും.