Connect with us

Articles

പോര്‍ട്ടിംഗും ഇനി ‘രാജ്യവിരുദ്ധം'

Published

|

Last Updated

കഴിഞ്ഞ ദിവസം ഗൂഗിള്‍ സേവനങ്ങള്‍ ഒരു മണിക്കൂര്‍ നേരത്തേക്ക് നിലച്ചപ്പോള്‍ വിവരവിനിമയ രംഗം നേരിട്ട പ്രതിസന്ധി നാം അനുഭവിച്ചതാണ്. ഏതൊരു രംഗത്തും എതിരാളികളില്ലാതിരിക്കുക എന്ന പ്രതിസന്ധി സൃഷ്ടിക്കുന്ന ആഴമാണ് ഇത് ബോധ്യപ്പെടുത്തുന്നത്. ഇത്തരമൊരു സാഹചര്യം ഭക്ഷ്യധാന്യ വില്‍പ്പന രംഗത്ത് ഇല്ലാതാക്കാനുള്ള കടുത്ത സമരത്തിലാണ് രാജ്യത്തെ കര്‍ഷകരുള്ളത്. ഇതിന്റെ ഭാഗമായി കര്‍ഷകര്‍ ആരംഭിച്ച ജിയോ സിം വിരുദ്ധ സമരം വാര്‍ത്തകളില്‍ ഇടം നേടുകയാണ്.
ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരമാണോ അതോ കര്‍ഷകര്‍ പ്രഖ്യാപിച്ച ജിയോ ബഹിഷ്‌കരണമാണോ ആദ്യം തീര്‍ക്കേണ്ടതെന്ന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സംശയത്തിലാണെന്നാണ് തോന്നുന്നത്. കര്‍ഷക സമരത്തിന്റെ ഭാഗമായി ഡല്‍ഹിയില്‍ നടക്കുന്ന റോഡ് തടയലും നിരാഹാരവുമൊക്കെ കേന്ദ്ര സര്‍ക്കാറിന് എതിരെയാണെങ്കിലും സിം ബഹിഷ്‌കരണം കോര്‍പറേറ്റ് ഭീമനെതിരെയാണ്. അതോടു കൂടി ജിയോ ബഹിഷ്‌കരണമെന്നത് “രാജ്യവിരുദ്ധ”മാകുകയാണ്. ഇത്തരമൊരു സമരത്തിന് പിന്നില്‍ ചൈനയും പാക്കിസ്ഥാനുമാണെന്ന് സംഘ്പരിവാര്‍ നേതൃത്വം കണ്ടെത്തിക്കഴിഞ്ഞു. രാജ്യത്തിനകത്ത് ബഹിഷ്‌കരണത്തെ പിന്തുണക്കുന്നത് ഇടതുപക്ഷവും ഖലിസ്ഥാന്‍ തീവ്രവാദികളും ജിഹാദികളുമാണത്രെ. അപ്പോള്‍ ബഹിഷ്‌കരണത്തിനെതിരായ രാജ്യസ്‌നേഹ ചേരുവകള്‍ റെഡിയായിട്ടുണ്ട്. ഇനി ബാക്കിയെല്ലാം വഴിയേ വന്നുകൊള്ളും.

ചൈനയിലെ മൊബൈല്‍ കമ്പനിയായ ഹുവായിയെ വളര്‍ത്തുന്നതിന് വേണ്ടിയാണ് കമ്മ്യൂണിസ്റ്റുകളും തീവ്രവാദികളും ചേര്‍ന്ന് ജിയോക്കെതിരെ ബഹിഷ്‌കരണ സമരവുമായി വന്നിട്ടുള്ളതെന്നാണ് സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ ഇപ്പോള്‍ പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്നത്. ഈ പട്ടികയിലേക്ക് ഇപ്പോള്‍ കാനഡയെയും ചേര്‍ത്തിരിക്കുകയാണ്. ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തെ അനുകൂലിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ റൂഡോ സംസാരിച്ചുവെന്നതാണ് കാരണം. അതായത് കര്‍ഷക സമരത്തെ അനുകൂലിക്കുന്നവര്‍ മുഴുവനും തീവ്രവാദികളും ഭീകരവാദികളുമായിക്കൊണ്ടിരിക്കുകയാണ്.
യഥാര്‍ഥത്തില്‍ കാര്‍ഷിക നിയമത്തിനെതിരെയാണ് കര്‍ഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ജിയോ സിം ബഹിഷ്‌കരണമായിരുന്നില്ല സമര ലക്ഷ്യം. ബഹിഷ്‌കരണം എന്നത് ഒരു സമരമാര്‍ഗം മാത്രമാണ്. തങ്ങള്‍ക്കു നേരേ മുഖം തിരിച്ചവരെ തങ്ങളുടെ ആവശ്യം അംഗീകരിപ്പിക്കാനുള്ള സമര മാര്‍ഗങ്ങളില്‍ ഒന്ന് മാത്രം. കര്‍ഷകര്‍ അത്തരമൊരു സമരത്തിന് ആഹ്വാനം ചെയ്യുകയും സാധാരണ ജനങ്ങള്‍ അത് ഏറ്റെടുക്കുകയും ചെയ്തതോടെ ഭരണകൂട കേന്ദ്രങ്ങള്‍ അസ്വസ്ഥമാകുന്നത് നമുക്ക് കാണാവുന്നതാണ്. അതുകൊണ്ട് തന്നെ ആ സമര മാര്‍ഗത്തെ “രാജ്യവിരുദ്ധ”മാക്കാനാണ് സംഘ്പരിവാറും കോര്‍പറേറ്റുകള്‍ക്ക് ദാസ്യപ്പണി എടുക്കുന്ന കേന്ദ്ര സര്‍ക്കാറും ശ്രമിക്കുന്നത്. കേന്ദ്ര സര്‍ക്കാറിനെതിരായ സമരങ്ങളും ബി ജെ പിക്കെതിരായ പ്രസ്താവനകളും രാജ്യവിരുദ്ധമാകുന്ന ഒരു കാലത്താണല്ലോ നമ്മുടെയൊക്കെ ജീവിതം.

വരിക്കാര്‍ കൊഴിയുമ്പോള്‍

50 കോടി ഉപഭോക്താക്കള്‍ എന്ന ലക്ഷ്യത്തിലേക്ക് കുതിക്കുന്ന മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോക്ക് ഈ ബഹിഷ്‌കരണം വലിയ ആഘാതം ഏല്‍പ്പിച്ചിട്ടുണ്ടെന്ന് തെളിയിക്കുന്നതാണ് ജിയോ ട്രായിയില്‍ (ടെലികോം റെഗുലേറ്ററി അതോറിറ്റി) പരാതി ബോധിപ്പിച്ച നീക്കം. നിലവില്‍ രാജ്യത്തെ മൊബൈല്‍ സേവന രംഗത്ത് ഒന്നാം സ്ഥാനത്തുള്ള റിലയന്‍സ് ജിയോക്ക് 40 കോടി വരിക്കാരാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള എയര്‍ടെല്ലിന് 32.6 കോടിയും മൂന്നാം സ്ഥാനത്തുള്ള വോഡഫോണ്‍ ഐഡിയക്ക് 29.5 കോടിയുമാണ് വരിക്കാര്‍. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ബി എസ് എന്‍ എല്ലിനാകട്ടെ 11.8 കോടിയും. മൊത്തം വിപണിയുടെ 35.1 ശതമാനവും കൈയാളുന്നത് റിലയന്‍സ് ജിയോയാണ്. പ്രവര്‍ത്തനം തുടങ്ങി 13 വര്‍ഷം കൊണ്ടാണ് ജിയോ ഈ നേട്ടം കൈവരിക്കുന്നത്.

എന്നാല്‍, കഴിഞ്ഞ സെപ്തംബറില്‍ പുതുതായി ചേരുന്ന വരിക്കാരില്‍ എയര്‍ടെല്‍ ഗണ്യമായ വര്‍ധന നേടിയതായാണ് ട്രായിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. കര്‍ഷക സമരത്തിന്റെ ഭാഗമായുള്ള ബഹിഷ്‌കരണത്തിന്റെ പശ്ചാത്തലത്തില്‍ ഇത് വളരെയധികം വര്‍ധിക്കുന്നുവെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഓരോ ദിവസവും ജിയോ നമ്പര്‍ മറ്റ് സേവന ദാതാക്കളിലേക്ക് പോര്‍ട്ട് ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുന്നതാണ് ഇപ്പോള്‍ അംബാനിയെ അസ്വസ്ഥനാക്കുന്നത്.

അനുഭവമാണ് ഗുരു

സൗജന്യങ്ങള്‍ ഒരു സമൂഹത്തെ എങ്ങനെ ബാധിക്കുന്നു എന്നതിന്റെ ഒരു ഉത്തമ ഉദാഹരണമാണ് റിലയന്‍സ് ജിയോയുടെ ഇതുവരെയുള്ള ചരിത്രം നല്‍കുന്ന പാഠം. ടെലികോം വിപണി പിടിക്കാന്‍ ആദ്യ കാലങ്ങളില്‍ ഡാറ്റയും കോളും സൗജന്യമായി നല്‍കിയ ജിയോ ഇപ്പോള്‍ അതിനെല്ലാം മറ്റ് സേവന ദാതാക്കള്‍ ഈടാക്കുന്നത് പോലെ പണം ഈടാക്കി തുടങ്ങിയിട്ടുണ്ട്.

ഇന്ധന വില നിര്‍ണയാധികാരം കുത്തകകള്‍ക്ക് നല്‍കിയപ്പോഴും ഇത് തന്നെയാണ് സംഭവിച്ചത്. ലോക വിപണിയില്‍ ക്രൂഡോയിലിന് വില കുറഞ്ഞാലും ഇന്ത്യയിലെ എണ്ണ വിപണിയില്‍ അത് പ്രതിഫലിക്കുന്നില്ലെന്നതാണ് ഇപ്പോള്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്. അതുപോലെ തന്നെയാണ് ഗ്യാസ് സബ്‌സിഡിയുമായി ബന്ധപ്പെട്ടും സംഭവിച്ചത്. വരാനിരിക്കുന്ന കര്‍ഷക നിയമങ്ങളും വിപണിയില്‍ ഉണ്ടാക്കുന്ന കുത്തകവത്കരണവും മറിച്ചൊരു അവസ്ഥയല്ല രാജ്യത്ത് സൃഷ്ടിക്കുകയെന്ന തിരിച്ചറിവില്‍ നിന്നാണ് കര്‍ഷകര്‍ ഇത്തരമൊരു സമരത്തിന് മുതിര്‍ന്നതെന്ന് നമുക്ക് കാണാം. അനുഭവങ്ങളാണല്ലോ ഗുരു.

സൗജന്യങ്ങള്‍ അനുഭവിക്കാനുള്ളതല്ല

വന്‍കിട കുത്തകകള്‍ക്ക് പരിധിയില്ലാതെ ഭക്ഷ്യധാന്യങ്ങള്‍ സംഭരിക്കാനുള്ള അവകാശം ലഭിക്കുന്നതോട് കൂടി ആദ്യ ഘട്ടങ്ങളില്‍ ജനത്തിന് ചിലപ്പോള്‍ ചില സൗജന്യങ്ങളും വിലക്കുറവുകളും ലഭിക്കുമെന്നത് സത്യമാണ്. യഥാര്‍ഥത്തില്‍ ഈ സൗജന്യങ്ങളാണ് അറിഞ്ഞോ അറിയാതെയോ ജനങ്ങളെ ഇത്തരം കുത്തകകളുടെ അടിമകളാക്കുന്നത്. എല്ലാവരും തനിക്ക് ഉത്പന്നങ്ങള്‍ വില കുറഞ്ഞ് കിട്ടണമെന്ന് തന്നെയാണ് ആഗ്രഹിക്കുക. പക്ഷേ, ഇതിനൊക്കെ പിന്നിലുള്ള ഹിഡന്‍ അജന്‍ഡകള്‍ കാണാതിരിക്കുമ്പോഴാണ് കുത്തകകളുടെ വളര്‍ച്ചയുണ്ടാകുന്നത്. അവിടെയാണ് ഇത്തരം സൗജന്യങ്ങള്‍ വേണ്ടെന്ന് വെക്കാനുള്ള ആര്‍ജവം കൈക്കൊള്ളേണ്ടതിന്റെ ആവശ്യകത ഓരോരുത്തരും മനസ്സിലാക്കേണ്ടതും.

രാജ്യം വിഴുങ്ങുന്ന ജിയോ

രാജ്യത്തെ ഇന്നത്തെ അവസ്ഥ പരിശോധിക്കുമ്പോള്‍ എല്ലാ രംഗവും റിലയന്‍സിന്റെ കൈപ്പിടിയിലമര്‍ന്നിരിക്കുന്നത് കാണാം. ഇന്ധന വിതരണവും ടെലികോം മേഖലയും അതുപോലെ തന്നെ ഇ കൊമേഴ്‌സുമെല്ലാം. ഇതിനൊക്കെ പുറമെയാണ് പുതിയ കര്‍ഷക നിയമം വഴി റിലയന്‍സ് കാര്‍ഷിക വസ്തുക്കളുടെ സംഭരണത്തിലൂടെ ആ രംഗവും കീഴടക്കാന്‍ വരുന്നത്. നിലവില്‍ ജിയോ മാര്‍ട്ടിലൂടെ ഇന്ത്യയിലെ ഓണ്‍ലൈന്‍ വിപണി പിടിക്കാനുള്ള ശ്രമത്തിലാണ് മുകേഷ് അംബാനി. അതിനൊക്കെ സഹായകമാകുന്നതാണ് പുതിയ കാര്‍ഷിക നിയമങ്ങള്‍.
കേരള പശ്ചാത്തലത്തിലേക്ക് വരുമ്പോള്‍ ഇത്തരം കുത്തകകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യക്തമാകുന്നതാണ്. നിലവില്‍ സര്‍ക്കാറിന്റെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്ന കെ-ഫോണ്‍ സംബന്ധിച്ച് ഈയിടെയുണ്ടായ വിവാദങ്ങളൊക്കെ ഇതിനെ ബന്ധപ്പെടുത്തി വായിക്കേണ്ടതുണ്ട്. സര്‍ക്കാര്‍ തലത്തില്‍ വളരെ കുറഞ്ഞ ചെലവില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമായി തുടങ്ങിയാല്‍ തങ്ങളുടെ നിലനില്‍പ്പ് അപകടത്തിലാകുമെന്ന് മനസ്സിലാക്കിയ ജിയോ പോലുള്ള കുത്തകകള്‍ ഇത്തരം വിവാദങ്ങള്‍ക്ക് പിന്നിലുണ്ടെന്ന് മനസ്സിലാക്കാന്‍ കഴിയും. അതേസമയം, ശക്തമായ നേതൃത്വം കൊടുക്കാന്‍ കഴിഞ്ഞാല്‍ സര്‍ക്കാര്‍ ചെലവില്‍ വളരെ കുറഞ്ഞ നിരക്കില്‍ ഇത്തരം സേവനങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കാന്‍ കഴിയുമെന്ന കാര്യം തീര്‍ച്ച.

എല്ലാ സൗകര്യങ്ങളുണ്ടായിട്ടും എന്തുകൊണ്ടാണ് പൊതുമേഖലാ സ്ഥാപനമായ ബി എസ് എന്‍ എല്‍ അന്ത്യശ്വാസം വലിച്ചുകൊണ്ടിരിക്കുന്നത്. ജിയോയെ പോലുള്ള കോര്‍പറേറ്റ് ശക്തികളുടെ ഇടപെടല്‍ മാത്രമാണ് ബി എസ് എന്‍ എല്ലിനെ ഇത്തരമൊരു നിലയിലേക്ക് എത്തിച്ചതെന്ന് കാണാം. ഒരു ഭാഗത്ത് ജിയോക്ക് എല്ലാവിധ സഹായങ്ങളും നല്‍കുമ്പോള്‍ ബി എസ് എന്‍ എല്ലിന് ഇതുവരെ 4ജി സ്‌പെക്ട്രം പോലും ലഭ്യമായിട്ടില്ലെന്ന് നാമോര്‍ക്കണം. മൊബൈല്‍ സേവനരംഗം 5ജിയിലേക്ക് കടക്കുമ്പോഴാണ് സര്‍ക്കാര്‍ ഈ നിലപാടുമായി മുന്നോട്ട് പോകുന്നത്. ജിയോക്ക് മുമ്പില്‍ മറ്റ് സ്വകാര്യ സംരംഭകര്‍ പോലും വിയര്‍ക്കുമ്പോള്‍ ബി എസ് എന്‍ എല്ലിനെ പോലുള്ള പൊതുമേഖലാ സ്ഥാപനം എങ്ങനെ പിടിച്ചുനില്‍ക്കാനാണ്!